മലയാളത്തിന്‍റെ സ്വന്തം ചാച്ചപ്പൻ; ശശി കലിംഗ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍

‘കുറച്ച് മീനാ തങ്കമ്മച്ചി, വരാല്, കുടുംപുളിയിട്ട് വച്ചാൽ മതി'(ആമേൻ), ‘പല്ലില്ലാതെ ചിരിച്ചാൽ മഹാത്മാവാകുമെങ്കിൽ ഞാനൊരു മഹാത്മാവണെടോ'(റബേക്ക ഉതുപ്പ് കിഴക്കേമല), ‘ഊണിന് എത്രയാളുണ്ട്ന്ന് പറയണംട്ടോ'(പ്രാഞ്ചിയേട്ടൻ), ‘ഈ നിലവറയിലെ കാവൽക്കാരനാ'(അമർ അക്ബർ അന്തോണി)… നിഗൂഢമായ ഒരു ചിരിയുമായി ശശി കലിംഗ പറഞ്ഞ ഡയലോഗുകള്‍ ഇന്നും ആളുകളുണ്ട് മനസ്സിലുണ്ട്. അഭിനയിച്ച വേഷങ്ങളിലൂടെയാണ് ഇനി സിനിമാപ്രേമികൾ അദ്ദേഹത്തെ ഓര്‍മ്മിക്കുക. നൂറിലേറെ സിനിമകളിൽ ഹാസ്യനടനായും സ്വാഭാവ നടനായും നായകനായും വരെ അഭിനയിച്ച ശേഷമാണ് അദ്ദേഹം ഈ ലോകം വിട്ട് പോയിരിക്കുന്നത്.

പതിനെട്ടാം വയസ്സിൽ നാടകത്തിലൂടെയാണ് അഭിനയലോകത്തേക്കെത്തിയത്. 25 വര്‍ഷത്തോളം നീണ്ട നാടകാഭിനയം. 1998ൽ തകരച്ചെണ്ട എന്ന സിനിമയിലൂടെ സിനിമാലോകത്തെത്തിയെങ്കിലും അതിലെ വേഷം അധികം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് നാടകത്തിലേക്ക് തിരിച്ചുപോയ താരം രണ്ടാം വരവ് നടത്തിയത് 2009ൽ പലേരി മാണിക്യത്തിലെ ഡിവൈഎസ്പി മോഹൻദാസായിട്ടായിരുന്നു. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

pjimage 1586228025

പ്രാഞ്ചിയേട്ടനിലെ ഈയ്യപ്പൻ, ഇന്ത്യൻ റുപ്പിയിലെ സാമുവൽ, ആദാമിന്‍റെ മകൻ അബുവിലെ കബീര്‍, പൈസ പൈസയിലെ ആലിക്ക, റബേക്ക ഉതുപ്പ് കിഴക്കേമലയിലെ രാമേട്ടൻ, ആമേനിലെ ചാച്ചപ്പൻ, ഫിലിപ്സ് ആൻഡ് മങ്കിപ്പെന്നിലെ മൂര്‍ത്തി, വെള്ളിമൂങ്ങയിലെ അമ്മാവൻ, അമര്‍ അക്ബർ അന്തോണിയിലെ രമണൻ തുടങ്ങി അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. മുകൾ നിരയിലെ പല്ലില്ലാതിരുന്നതിനാൽ അദ്ദേഹം ചിരിക്കുന്നത് കാണാൻ തന്നെ ഏറെ രസകരമായിരുന്നു.

ഒരു ഡയലോഗുപോലും സംസാരിക്കാതെയും അദ്ദേഹം അഭിനയിച്ച വേഷങ്ങളുണ്ട്. ഇടുക്കി ഗോള്‍ഡിൽ ശവമായും ഹണീബീയിൽ ഭിത്തിയിൽ തൂക്കിയ ചിത്രമായും വരെ അദ്ദേഹമെത്തി. ചെറുതും വലുതുമായ ഒത്തിരിവേഷങ്ങൾ അദ്ദേഹത്തിന്‍റെ കൈയ്യിൽ ഭദ്രമായിരുന്നു.

dgf

സഹദേവന്‍ ഇയ്യക്കാട് സംവിധാനംചെയ്ത ‘ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ്’ എന്ന ഹ്രസ്വചിത്രത്തിൽ നായകനുമായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇരുപത് വര്‍ഷമായി മുണ്ടും ഷര്‍ട്ടുമാണ് അദ്ദേഹത്തിന്‍റെ വേഷം, ഇടയ്ക്ക് ജുബ്ബയും, പാന്‍റിട്ട് തന്നെ കണ്ടാൽ നാട്ടുകാര്‍ കൂവുമെന്ന് അദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുമുണ്ട്.

1979ല്‍ ആദ്യനാടകത്തിന് ഇരുപതു രൂപയായിരുന്നു അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം. 1998ല്‍ ആദ്യസിനിമയ്ക്ക് കിട്ടിയത് അയ്യായിരം രൂപയും. പിന്നീട് ഹോളിവുഡിൽ ‘യൂദാസാ’യി വരെ അഭിനയിച്ച നടനായി ശശി കലിംഗ വളരുകയായിരുന്നു. ഹോളിവുഡിൽ ഹിറ്റ് സംവിധായകൻ സ്റ്റീഫൻ സ്പിൽബര്‍ഗും ടോം ക്രൂസും ചേര്‍ന്നുള്ള സിനിമയിൽ അഭിനയിച്ചെങ്കിലും അതിനെകുറിച്ച് കൂടുതൽ വിവരങ്ങൾ മരണം വരെ അദ്ദേഹം പുറത്തുവിട്ടിട്ടുമുണ്ടായിരുന്നില്ല.

Previous articleഫ്ലാറ്റ് വാങ്ങാൻ പോയിട്ട് ഫ്ലാറ്റായി വന്ന ആര്യ; വാവ സുരേഷിൻ്റെ അടുത്ത നോട്ടപ്പുള്ളി..! പരീക്കുട്ടിയുടെ കുറിപ്പ്
Next article‘പാതി വെച്ച് പോയല്ലോ ശശിയേട്ടാ’; ശശി കലിംഗയുടെ ഓർമ്മയിൽ സംവിധായകന്‍റെ കുറിപ്പ്..!

LEAVE A REPLY

Please enter your comment!
Please enter your name here