മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ‘ഉപ്പും മുളകും’. എന്നാല്‍ കുറച്ച് ദിവസങ്ങളായി പ്രധാന താരങ്ങളായ ബാലുവും നീലുവും മക്കളും ഇല്ലാതെയാണ് പരമ്പര സംപ്രേഷണം ചെയ്തുകൊണ്ടിരുന്നത്. ഇതോടെ താരങ്ങള്‍ പരമ്പരയില്‍ നിന്നും പിന്മാറി എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഉപ്പും മുളകിനും ചെറിയ പ്രശ്നമുണ്ട്, അതെല്ലാം വേഗം മറികടന്ന് വൈകാതെ ഞങ്ങള്‍ എത്തുമെന്ന് മുടിയന്‍ കഥാപാത്രം അവതരിപ്പിക്കുന്ന റിഷി എസ് കുമാര്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു.
ഈ പോസ്റ്റ് ഡിലീറ്റ് ചെയ്ത് പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയും ഒപ്പം ”ഞങ്ങള്‍ തിരിച്ച് വന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം ആയല്ലോ. ഇത്രയേയുള്ളു കാര്യം, ഇതിനാണ് എല്ലാവരും ടെന്‍ഷന്‍ അടിച്ചത്. എന്നാലും നിങ്ങളുടെ സ്നേഹം അപാരമാണ്” എന്ന കുറിപ്പുമാണ് റിഷി പങ്കുവച്ചിരിക്കുന്നത്.
ബാലുവും നീലുവും കേശുവും ശിവാനിയുമെല്ലാം ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ പാറുകുട്ടിയെ കാണാനില്ലാത്ത കാര്യവും ആരാധകര്‍ തിരക്കുന്നുണ്ട്. ജുഹി റുസ്തഗി പുറത്ത് പോയതിന് പിന്നാലെയാണ് ബാക്കിയുള്ള പ്രധാന താരങ്ങളെ ഒന്നും കാണാതെ ആയത്. ആഴ്ചകളായി ഇവരൊന്നും പരമ്പരയില്‍ ഇല്ലായിരുന്നു.