രസകരമായ പല വീഡിയോകളും ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ സ്കൂളിലെ ബെഞ്ചിൽ താളം പിടിക്കുന്ന ഒരു കൂട്ടം മിടുക്കന്മാരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോഴിക്കോട് തിരുവങ്ങൂർ എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് വീഡിയോയിലുള്ളത്.
കുട്ടികളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് അതിനെ പ്രോത്സാഹിപ്പിക്കാൻ അധ്യാപകരോളം മറ്റാർക്കും കഴിയില്ലെന്നതാണ് യാഥാർത്ഥ്യം. ഈ കൊച്ചു കലാകാരന്മാരുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. കുട്ടികളുടെ ഈ കലാബോധത്തെ ഒരു അധ്യാപിക തന്നെയാണ് വീഡിയോ ആയി പകർത്തിയത്.
പെൻസിൽ ബോക്സും പേനയും വെറും കൈയ്യുമൊക്കെ ഉപയോഗിച്ച് ഏറെ രസകരമായാണ് കുട്ടികൾ താളം പിടിക്കുന്നത്. ക്ലാസ് കഴിഞ്ഞുള്ള ഒഴിവ് സമയത്തായാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സ്കൂളിലെ അനുസ്മിത ടീച്ചറാണ് വീഡിയോ എടുത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വന്ന വീഡിയോ എന്തായാലും നിമിഷ നേരം കൊണ്ടാണ് വൈറലായത്.
2.8 മില്യൺ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. നിരവധി ആളുകളാണ് ഈ വീഡിയോ കണ്ട് സ്വന്തം കുട്ടിക്കാലത്തെ ഓർമ്മൾ അയവ് ഇറക്കുന്നത്. പണ്ട് സ്കൂളിൽ ഇത്തരത്തിൽ താളം പിടിച്ചതിന് ടീച്ചർ വഴക്ക് പറഞ്ഞ ഓർമ്മയും പലർക്കുമുണ്ട്.