കെജിഎഫ് താരം യഷിന്‍റെ മകൾ ആയ്റ യഷ് ഇതിനകം സോഷ്യൽമീഡിയയിലെ താരമാണ്. യഷ് പങ്കുവയ്ക്കുന്ന ആയ്റയുടെ വീഡിയോകളും ചിത്രങ്ങളുമൊക്കെ ഇൻസ്റ്റയിൽ ഏറെ വൈറലാണ്. ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് യഷ്. കൊറോണ വൈറസ് ബാധ ലോകമെങ്ങും പടർന്നതോടെ ഇന്ത്യയൊട്ടുക്കും ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഹോം ക്വാറന്‍റൈനിൽ കഴിയുന്ന താരം മകൾക്ക് ഭക്ഷണം കൊടുക്കുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഞാൻ കീഴടങ്ങി, ഹോം ക്വാറന്‍റൈന്‍റെ ചില ആനുകൂല്യങ്ങള്‍, എന്‍റെ ടീഷർട്ടിന് അത് അംഗീകരിക്കാനാവില്ലെങ്കിലും, എല്ലാവരും സുരക്ഷിതരായിരിക്കൂ എന്നാണ് താരം വീഡിയോയോടൊപ്പം കുറിച്ചിരിക്കുന്നത്.
മകള്‍ ജനിച്ചപ്പോള്‍ മുതലുള്ള വിശേഷങ്ങള്‍ യഷും ഭാര്യ രാധികയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ മകളെ മൊട്ടയടിച്ചശേഷമുള്ള മകളുടെ കലിപ്പ് നോട്ടവും താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് ഏറെ വൈറലായിരുന്നു. യഷിനും ഭാര്യ രാധികയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത് അടുത്തിടെയാണ്. മൂത്തമകള്‍ ആയ്റയുടെ വിശേഷങ്ങളും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും മകന്‍റെ ചിത്രങ്ങൾ ഇതുവരെ താരം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് താരത്തിന് രണ്ടാമത്തെകുഞ്ഞ് പിറന്നിരുന്നത്.