സ്കൂൾ കായിക മേളയിൽ നിന്നുള്ള ഒരു ചെറിയ പയ്യന്റെ വേഗതയേറിയ ഓട്ടം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. സഹ മത്സരാർത്ഥികളെക്കാൾ ബഹുദൂരം മുന്നിൽ കുതിക്കുന്ന പയ്യന്റെ വീഡിയോ അൽപ്പം രസകരമാണ്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഈ വീഡിയോ പങ്കുവെച്ചിരുന്നു.
എഎം. യു.പി വടക്കാങ്ങര പയ്യനാട് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഹബീബ് റഹ്മാൻ ആണ് വൈറൽ വീഡിയോയിലെ താരം. കാഴ്ചയിൽ തന്നെക്കാൾ വലിപ്പം കൂടിയവരെ എല്ലാം പിന്നിൽ ആക്കിയാണ് ഈ ഓട്ടക്കാരൻ കുതിച്ചത്. എന്നാൽ, ഈ വീഡിയോയിലെ രസകരമായ സംഭവം എന്തെന്നാൽ സ്റ്റാർട്ടിങ് പോയന്റിൽ നിൽക്കുന്ന മാഷ് വിസിൽ കയ്യിൽ എടുത്തപ്പോഴേക്കും ഹബീബ് റഹ്മാൻ ഓട്ടം തുടങ്ങുകയായിരുന്നു.
ഹബീബിന്റെ ഓട്ടം കണ്ട് സഹ മത്സരാർത്ഥികളും ഓട്ടം തുടങ്ങി. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ഹബീബ് റഹ്മാൻ ആണ് ആദ്യം ഫിനിഷിംഗ് പോയന്റ് കടന്നതെങ്കിലും, നിയമലംഘനം ഉണ്ടായതിനാൽ മത്സരം വീണ്ടും സംഘടിപ്പിക്കുകയും ചെയ്തു. എന്തുതന്നെയായാലും, വീഡിയോയിൽ കാണാൻ സാധിക്കുന്നത് ഒന്നാം ക്ലാസുകാരന്റെ മത്സര വീര്യം തന്നെയാണ്.
വിദ്യാഭ്യാസ മന്ത്രിയും കുട്ടിയുടെ മത്സരവീര്യത്തെ അഭിനന്ദിക്കുന്നു. ഇനിയും ഉയരങ്ങളിലേക്ക് കുട്ടി ഓടി കയറുക തന്നെ ചെയ്യും എന്ന് വിദ്യാഭ്യാസ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. മാത്രമല്ല, കാഴ്ചക്കാരെല്ലാവരും തന്നെ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് നടത്തുന്നത്.