മോളൊന്നു അഡ്ജസ്റ്റ് ചെയ്താൽ അവൻ ചിലപ്പോൾ ശരിയാവും; മക്കളെ കുരുതി കൊടുക്കുന്ന മാതാപിതാക്കൾ അറിയാൻ!

മനോജ്‌ വെള്ളനാടിന്റെ ഫേസ്ബുക് പോസ്റ്റ് :

‘അച്ഛാ, എൻ്റെ തീരുമാനം തെറ്റായിപ്പോയെന്ന് തോന്നുന്നുണ്ടോ?”നീ ഒരുപാടാലോചിച്ചിട്ടല്ലേ ആ തീരുമാനമെടുത്തത്..?”അതെ”എങ്കിലത് ശരിയായിരിക്കും. പിന്നെ, എല്ലാ ശരിയായ തീരുമാനങ്ങളുടെയും അന്തിമഫലം സന്തോഷകരമാകണമെന്നില്ലല്ലോ..’

ഥപ്പടിൽ ‘ഡൈവോസ്’ എന്ന തൻ്റെ തീരുമാനത്തെ പറ്റി അമുവും അച്ഛനും തമ്മിലുള്ള ഒരു സംഭാഷണമാണ്. ഇതുപോലെ അല്ലെങ്കിലും ഇതിൻ്റെ 10% സെൻസിബിളിറ്റിയോടെ മകളുടെ ജീവിതത്തിലെ ഒരു ആശയക്കുഴപ്പത്തെ കൈകാര്യം ചെയ്യുന്ന എത്ര അച്ഛനമ്മമാർ നമ്മുടെ നാട്ടിലുണ്ടാവും? എൻ്റെ അറിവിൽ വിരലിലെണ്ണാവുന്നവർ മാത്രം.

ഇങ്ങനൊരു അവസരം വന്നാൽ, ബാക്കിയെല്ലാവരും സ്വന്തം മകളോട് എന്തായിരിക്കും പറയുക. നീയൊന്ന് അഡ്ജസ്റ്റ് ചെയ്താ തീരുന്നതല്ലേ ഉള്ളൂ ഈ പ്രശ്നം..? കല്യാണം കഴിഞ്ഞു ചെന്ന് കയറുന്ന വീടാണ് ഇനി നിൻ്റെ വീട്. എന്തു സംഭവിച്ചാലും അവിടെ നിന്നുകൊണ്ടു തന്നെ പരിഹരിക്കണം. കല്യാണമെന്ന ഏച്ചുകെട്ടലിൻ്റെ ഭാരം ഏതുവിധേനയും ജീവിതകാലം മുഴുവനും ചുമക്കേണ്ടവളാണ്, അതിന് ഏതറ്റം വരെയും താഴാനും തയ്യാറാവേണ്ടവളാണ് ഒരു പെണ്ണെന്ന് അവളെക്കൊണ്ട് സകല അടവുകളുമെടുത്തായാലും അവർ സമ്മതിപ്പിക്കും.

അച്ഛൻ്റെയും അമ്മയുടെയും സമൂഹത്തിലെ സ്ഥാനം, കുടുംബയോഗ്യത, സഹോദരങ്ങളുടെ നടക്കാനിരിക്കുന്ന കല്യാണം, കുഞ്ഞുങ്ങളുടെ ഭാവി മുതൽ ഞാനിപ്പൊ കയറെടുക്കുമെന്ന വിധമുള്ള ആത്മഹത്യാഭീഷണി വരെ മുഴക്കിയിട്ടായാലും അവളെക്കൊണ്ടത് സമ്മതിപ്പിച്ച്, മനസില്ലാ മനസോടെ പഴയ അവസ്ഥയിലേക്ക് പറഞ്ഞു വിടുകയെന്നത് നമ്മുടെ നാട്ടിൽ ഉത്തരവാദിത്തപ്പെട്ട അച്ഛനമ്മമാർക്കിടയിലുള്ള വലിയൊരു ആചാരമാണ്.

അച്ഛനമ്മമാർ മക്കളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണ്ടാ എന്നല്ലാ, രണ്ട് വശത്തുള്ളവരോടും സംസാരിച്ച്, നിങ്ങളെക്കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണെന്ന് മനസിലായാൽ മാത്രം ശ്രമിക്കണം എന്നാണ്. അല്ലെങ്കിൽ അവർക്ക് വിട്ടുകൊടുക്കണം. വാദി തന്നെ വീണ്ടും വീണ്ടും ശിക്ഷിക്കപ്പെടുന്ന വിധം പരിഹാരങ്ങൾ നിർദ്ദേശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അഡ്ജസ്റ്റ് ചെയ്യുക, ക്ഷമിക്കുക, സഹിക്കുക എന്നത് ഒരാളുടെ മാത്രം കടമയാണെന്ന് ആവർത്തിക്കാതിരിക്കുക. അവിടെയും ഇവിടെയും ഒരിടത്തും രക്ഷയില്ലാതാവുമ്പോൾ തന്നെയാണ് ഒരാൾ ആത്മഹത്യയെ പറ്റി ചിന്തിച്ചു പോകുന്നത്. ചിന്തിച്ചുനോക്കിയാൽ ഭർതൃപീഡനം കാരണമുണ്ടാവുന്ന ആത്മഹത്യകളിലെല്ലാം, പ്രത്യക്ഷമായി തന്നെ പെൺകുട്ടിയുടെ അച്ഛനമ്മമാർക്കും മേൽപ്പറഞ്ഞ വിധം പങ്കുണ്ടാവും.

ഇങ്ങനല്ലാത്ത അച്ഛനമ്മമാരും, നേരത്തെ പറഞ്ഞ പോലെ വിരലിലെണ്ണാവുന്നവർ ഉണ്ട്. ഈയടുത്ത് സംഭവിച്ചൊരു കാര്യം. എൻ്റെയൊരു സുഹൃത്ത്. ലൗ മാരേജായിരുന്നു. രണ്ടുപേരും ഡോക്ടേഴ്സ്. കല്യാണം കഴിഞ്ഞ് ഒരുവർഷത്തിനകം അവർ പിരിയാൻ തീരുമാനിച്ചു. സ്വാഭാവികമായും അവരുടെ പാരൻ്റ്സ് ഞെട്ടി. പ്രശ്നപരിഹാരക്രിയകൾ തുടങ്ങി. ഒരുപാട് സംസാരിച്ചു. നോ രക്ഷ. അതിനിടയിൽ പലപ്രാവശ്യം ആ പയ്യൻ്റെ അമ്മ പെൺകുട്ടിയോട് പറഞ്ഞൂ, ‘മോളൊന്ന് അഡ്ജസ്റ്റ് ചെയ്താ, കുറച്ചു നാളൂടെ ക്ഷമിച്ചാ, അവൻ ചിലപ്പൊ ശരിയാവും..’ ഈവിധം ഒരുപാട് പരിശ്രമങ്ങൾക്കൊടുവിൽ പെണ്ണിൻ്റെ അച്ഛൻ തന്നെ പറഞ്ഞു, ‘എൻ്റെ മകൾ എനിക്കൊരു ഭാരമൊന്നുമല്ലാ. അവളെ ഇനിയും ഒരു പരീക്ഷണത്തിന് വിട്ടുകൊടുക്കാൻ എനിക്ക് താൽപ്പര്യമില്ല.’

അത് സന്തോഷത്തോടെ എടുക്കുന്ന തീരുമാനമൊന്നുമല്ല. പക്ഷെ, അമുവിൻ്റെ അച്ഛൻ പറഞ്ഞ പോലെ, എല്ലാ ശരിയായ തീരുമാനങ്ങളുടെയും റെസൾട്ട് സന്തോഷകരമാവണമെന്നില്ല.

ഇങ്ങനെ കൃത്യസമയത്ത് ശരിയായ തീരുമാനങ്ങളെടുക്കാൻ നമ്മുടെ അച്ഛനമ്മമാർക്ക് കഴിയണം. അത് മക്കളുടെ കല്യാണശേഷമല്ലാ, എല്ലാ കാലത്തും അതങ്ങനെ തന്നെ ആവുന്നതെത്ര മനോഹരമാണ്..

  1. പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചയക്കാൻ വേണ്ടി വളർത്താതിരിക്കുക. അവർക്ക് നല്ല വിദ്യാഭ്യാസം നൽകുക. സ്വന്തമായി തീരുമാനമെടുക്കാനുള്ള അവസരങ്ങൾ കൊടുക്കുക. സ്വാഭിമാനമുള്ളവരായിരിക്കാൻ പഠിപ്പിക്കുക.
  2. 20 വയസിൽ കല്യാണം നടന്നില്ലേൽ പിന്നെ, 72-ആം വയസിൽ ചെറുമകളുടെ കല്യാണത്തിൻ്റെ കൂടേ അവളുടെ കല്യാണം നടക്കൂ എന്ന് ഏതെങ്കിലും ജ്യോത്സ്യൻ പറഞ്ഞാൽ അവൻ്റെ കൂമ്പിനിട്ടിടിക്കണം. ആദ്യം സ്വന്തം കാലിൽ നിൽക്കാനാണ് മകളെ പ്രാപ്തയാക്കേണ്ടത്. ഡിഗ്രിയ്ക്ക് പഠിച്ചോണ്ടിരിക്കുന്ന പെണ്ണിനെ ഇമ്മാതിരി വാക്കും കേട്ട്, ഏതോ ഒരുത്തൻ്റെ കൂടെ പറഞ്ഞു വിട്ടാൽ ബാധ്യത തീർന്നു എന്ന് വിചാരിക്കുന്ന അച്ഛനമ്മമാരാണ് കേരളത്തിലെ ഭൂരിഭാഗം പെൺകുട്ടികളുടെയും ജീവിതം തകർത്തിട്ടുള്ളത്.
  3. കല്യാണം കഴിഞ്ഞു പോയാലും സ്വന്തം വീട്ടിൽ കിടക്കാനൊരു പായ അവൾക്കായി മാറ്റി വച്ചേക്കുക. 2 ദിവസത്തിൽ കൂടുതൽ സ്വന്തം വീട്ടിൽ വന്ന് നിൽക്കുന്നവളെ ആട്ടിയോടിക്കാതിരിക്കുക.
  4. അവളെ വിശ്വാസത്തിലെടുക്കുക. അവളുടെ ഭാഗത്തും തെറ്റുണ്ടെങ്കിൽ പറഞ്ഞു മനസിലാക്കുക. എന്തായാലും കൂടെ നിൽക്കുക. അഭിമാനം, കുഞ്ഞ്, നാട്ടുകാര്, ആത്മഹത്യ തുടങ്ങിയവ വച്ചുള്ള ഇമോഷണൽ ബ്ലാക്മെയിലിംഗ് ചെയ്യാതിരിക്കുക.
  5. ഒരാൺതുണ ഉണ്ടെങ്കിലേ പെണ്ണിന് ജീവിച്ചിരിക്കാൻ പറ്റൂ എന്ന വിചാരം എടുത്ത് തോട്ടിലിടുക. ചിലപ്പോഴെങ്കിലും ആ തുണയില്ലാതിരിക്കുന്നതായിരിക്കും അവർക്ക് കുറച്ച് മനസമാധാനം നൽകുന്നത്. അല്ലെങ്കിൽ ജീവൻ ബാക്കി വയ്ക്കുന്നത്.
  6. ഫൈനലി, എല്ലാവരും പറഞ്ഞത് തന്നെ, A divorced daughter is better than a dead daughter..

ഉത്രമാർ ഉണ്ടാവുന്നതിൽ എല്ലാവർക്കും പങ്കുണ്ട്.മനോജ് വെള്ളനാട്

Previous articleമല്ലിക സുകുമാരന്റെ വീട്ടില്‍ വീണ്ടും വെള്ളം കയറി; മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവെന്ന് നടി
Next articleഓർമ്മ ബാക്കിവെച്ച് ഒടുവിൽ ഓർമ്മയായിട്ട് ഇന്നേക്ക് പതിനാലാണ്ട്!

LEAVE A REPLY

Please enter your comment!
Please enter your name here