പലപ്പോഴും ഒരു ദിവസത്തിൽ 18 മണിക്കൂർ വരെ ഞാനുറങ്ങി; പുറത്ത് നടക്കുന്നതൊന്നും ഞാനറിഞ്ഞില്ല.!

നന്ദു മഹാദേവയുടെ ഫേസ്ബുക് പോസ്റ്റ് :

എന്നോട് ക്ഷമിക്കണം… എന്നോട് ക്ഷമിക്കണം..! എന്നോട് ക്ഷമിക്കണം…!! കുറച്ചു നാളുകളായി ഞാനും ഈ ലോകവും തമ്മിൽ ഒരു ബന്ധവുമില്ലായിരുന്നു…! പ്യൂപ്പ അവസ്ഥയിലുള്ള ചിത്രശലഭത്തിനെപ്പോലെ സമാധിയിൽ ആയിരുന്നു ഞാൻ…!! ശലഭം സ്വാഭാവിക സമാധിയിൽ ആയിരുന്നെങ്കിൽ ഈയുള്ളവൻ മരുന്നുകളാൽ ആ അവസ്ഥയിലേക്ക് ആനയിക്കപ്പെട്ടതാണ്..! പലപ്പോഴും ഒരു ദിവസത്തിൽ 18 മണിക്കൂർ വരെ ഞാനുറങ്ങി… രാത്രിയാണോ പകലാണോ സമയമെന്തായി തീയതി എത്രയായി മഴയാണോ വെയിലാണോ തുടങ്ങി പുറത്ത് നടക്കുന്നതൊന്നും ഞാനറിഞ്ഞില്ല…!

ഇതിനിടയിൽ വേണ്ടപ്പെട്ടവരുടെ ജന്മദിനങ്ങൾ കടന്നുപോയി… കല്യാണങ്ങൾ കഴിഞ്ഞു… അത്രമേൽ പ്രിയപ്പെട്ട ചിലർ നമ്മളെ വിട്ടുപോയി…. കൂടാതെ എത്രയോ ധീര ജവാന്മാരെ നമുക്ക് നഷ്ടമായി… അവർക്ക് ഈ സമയം ആദരാഞ്ജലികൾ അർപ്പിക്കുന്നു…! അതുപോലെ എന്നെ ചേർത്തു നിർത്തുന്ന ഒത്തിരിപ്പേർക്ക് പല സങ്കടാവസ്ഥകളും വന്നു..! പക്ഷെ ഒരു കാര്യത്തിലും വേണ്ടവിധത്തിൽ ഇടപെടാനോ ആ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കുചേരാനോ എനിയ്ക്ക് കഴിഞ്ഞില്ല…

സ്നേഹത്തിന്റെ പാരമ്യതയിൽ എന്നെ വിളിച്ചപ്പോഴും മെസ്സേജുകൾ അയച്ചപ്പോഴും എനിക്ക് ആരോടും പ്രതികരിക്കാൻ കഴിഞ്ഞില്ല… ഒത്തിരി പ്രിയപ്പെട്ടവരുടെ മെസ്സേജുകൾ ഇനിയും വായിക്കാൻ കഴിയാതെ ബാക്കിയുണ്ട്… ഞാൻ അവഗണിച്ചതായി നിങ്ങളിൽ ആരെങ്കിലും ഒരു നിമിഷമെങ്കിലും ചിന്തിച്ചാൽ പിന്നെ എന്റെ ജീവിതത്തിന് എന്ത് ആർത്ഥമാണുള്ളത്…! ആരെയും മറന്നിട്ടില്ല ട്ടോ… സ്നേഹിക്കുന്ന ഓരോരുത്തരെയും മനസ്സിൽ പച്ചകുത്തി വയ്ക്കുന്നതാണ് എന്റെ പതിവ്….

നുമ്മട മനസ്സിന്റെ ഉള്ളിലൊരു സ്നേഹത്തിന്റെ ലൈബ്രറിയുണ്ട്… അവിടെ എല്ലാവരുമുണ്ട്….! ഒരു പ്രാവശ്യം എങ്കിലും തമ്മിൽ സംസാരിച്ചിട്ടുള്ളവരെപ്പോലും ഏറെ ഇഷ്ടത്തോടെ ആ ലൈബ്രറിയിൽ ഞാൻ ഭംഗിയായി അടുക്കി വച്ചിട്ടുണ്ട്…!! നിങ്ങൾ പോലുമറിയാതെ നിങ്ങളൊക്കെ ഒരോ വിലമതിക്കാത്ത പുസ്തകങ്ങളായി എൻറെയുള്ളിലുണ്ട്…! മിക്കവാറും വായിക്കാറുമുണ്ട്… പിന്നെങ്ങനെ മറക്കാനാണ്….!! ഈ ലോകത്തിൽ ഏറ്റവും മൂല്യമുള്ളത് ബന്ധങ്ങൾക്കും പരിശുദ്ധമായ സ്നേഹത്തിനും തന്നെയാണ്….

ഒരവസരത്തിൽ എല്ലാവരെയും നൂറ് ശതമാനം സ്നേഹിക്കുന്ന ഒരവസ്ഥയിൽ നമ്മളെത്തും… ആരോടും വേർതിരിവുകൾ ഇല്ലാത്ത ഏറ്റക്കുറച്ചിലുകൾ ഇല്ലാത്ത ആ അവസ്ഥയിൽ ഈ പ്രപഞ്ചത്തിനോട് മുഴുവനും നമുക്ക് മുഴുത്ത പ്രണയം തോന്നും… സത്യത്തിൽ നമ്മളെല്ലാവരും പരസ്പരം മന്ത്രികമായി ബന്ധപ്പെട്ടിരിക്കുന്നു… അതിശക്തമായ എന്നാൽ അദൃശ്യമായ ഒരു ചങ്ങലയാൽ നമ്മളും ഒരു പുൽക്കൊടിയും പോലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു…!

ഒരേ മാവ് കൊണ്ടുണ്ടാക്കിയ വ്യത്യസ്ത തരം പലഹാരങ്ങളാണ് നാം…! അതിശയിപ്പിക്കുന്ന രുചിയും മണവുമുള്ള അതിവിശിഷ്ടങ്ങളായ വിവിധതരം പലഹാരങ്ങൾ…!! ഇവിടെ ഈ പലഹാരത്തിന് സുഖമാണ്.. എന്റെ പ്രിയപ്പെട്ട പലഹാരങ്ങൾക്കൊക്കെ സുഖമല്ലേ ചങ്കുകളുടെ പ്രാർത്ഥനകൾ നൽകുന്ന ഊർജ്ജമാണ് എന്റെ വിജയം…!! ഇനിയും അത് വേണം.. ഒരുപാട് ദൂരം പോകാനുണ്ട്..!!

Previous articleഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം! നടി ഷംന കാസിമിൻ്റെ പരാതിയിൽ നാലു പേർ അറസ്റ്റിൽ; നടിയുടെ പ്രതികരണം.!
Next articleട്രെൻഡിനൊപ്പം നമിതയും പേളിയും; പുത്തൻ ലുക്കിൽ ഞെട്ടിച്ച് കാളിദാസും അജുവും!

LEAVE A REPLY

Please enter your comment!
Please enter your name here