ഒന്നും ഇല്ലാത്ത അവസ്ഥയില്‍ നിന്ന്, ഇന്ന് ഈ വിജയം നേടിയതിനെ കുറിച്ച് ബംബര്‍ ചിരിയിലെ അനീറ്റ; വീഡിയോ കാണാം

278491085 294317379523175 1993821310841079699 n

ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെ ഒത്തിരി ആളുകള്‍ താരങ്ങളായി. സ്റ്റാന്റ് അപ് കോമഡി എന്ന ഹാസ്യ രൂപവും ആളുകള്‍ക്ക് പരിചിതമായി. അതിനോടൊപ്പം ഹിറ്റായ താരമാണ് അനീറ്റ ജോഷിയും. ബംബര്‍ ചിരിയില്‍ പ്രേക്ഷകരെ ചിന്തിപ്പിച്ച് ചിരിപ്പിയ്ക്കുന്ന അനീറ്റയുടെ ജീവിതം തന്നെ വലിയൊരു പ്രചോദനമാണ്. ജോഷ് ടോക്കില്‍ എത്തിയ താരം ഒന്നും ഇല്ലാത്ത അവസ്ഥയില്‍ നിന്നും ഇതുവരെ എത്തിയതിനെ കുറിച്ച് സംസാരിക്കുകയുണ്ടായി. അനീറ്റയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം, കുട്ടിക്കാലം മുതലേ എനിക്ക് മോണോ ആക്ടിലും പ്രസംഗത്തിലും എല്ലാം വലിയ താത്പര്യം ആയിരുന്നു. പക്ഷെ നാട്ടിന്‍ പുറത്ത് ജനിച്ച് വളര്‍ന്നത് കൊണ്ട് അതൊന്നും വളര്‍ത്തിയെടുക്കാനുള്ള അവസരം ലഭിച്ചില്ല. പ്രൊഫഷണലി ഞാനൊരു ഗ്രാഫിക്‌സ് ഡിസൈനര്‍ ആണ്.

കൊച്ചിയില്‍ ഗ്രാഫിക്‌സ് ഡിസൈനര്‍ ആയി ജോലി ചെയ്യുന്ന സമയത്ത് ഞാന്‍ എന്നും പോകുന്നത് ഒരു എഫ് എം സ്റ്റേഷന്റെ മുന്നിലൂടെയാണ്. ഒരു ആര്‍ജെ ആവണം എന്നത് എന്റെ മോഹമായിരുന്നു. ഒരിക്കല്‍ ഓഫീസിലേക്ക് പോകുന്ന വഴി എഫ്എം സ്റ്റേഷനില്‍ പുതിയ ആളെ എടുക്കുന്നു എന്ന പരസ്യം കണ്ടു. ഞാന്‍ അപ്ലേ ചെയ്തു, ആദ്യത്തെ റൗണ്ട് പാസായി. രണ്ടാമത്തെ റൗണ്ട് എത്തിയപ്പോള്‍ എന്റെ ശബ്ദം നല്ലതല്ല എന്ന് പറഞ്ഞ് ഇറക്കി വിട്ടു. വലിയ വിഷമത്തോടെയാണ് അവിടെ നിന്നും ഇറങ്ങി പോന്നത്. ഇന്ന് അതേ എഫ് എം സ്റ്റേഷനില്‍ നിന്ന് എന്നെ വിളിച്ച്, ‘അനീറ്റയ്ക്ക് ഡേറ്റ് ഉണ്ടാവുമോ ഞങ്ങളോടൊപ്പം ഒരു ഷോ ചെയ്യാന്‍’ എന്ന് ചോദിക്കുന്നു. ടിവിയില്‍ ബംബര്‍ ചിരി എന്ന ഷോയില്‍ സ്റ്റാന്റ് അപ് കോമഡി കണ്ട് ഇഷ്ടപ്പെട്ട്, കണ്ണാടിയ്ക്ക് മുന്നിലിരുന്ന് എന്തൊക്കെയോ ചെയ്ത് വീഡിയോ ആക്കി ചാനലിലേക്ക് അയച്ചു കൊടുത്തു.

306579486 1444075689423850 9165284144572299536 n

രണ്ട് ആഴ്ച കഴിഞ്ഞ് മറുപടി ഒന്നും വരാതെയായപ്പോള്‍ ഞാന്‍ വീണ്ടും ജോലിക്ക് പോകാന്‍ തുടങ്ങി. ഒരു ദിവസം ഓഫീസില്‍ ഉള്ളപ്പോഴാണ്, ‘സെലക്ട് ആയിട്ടുണ്ട്, നാളെ വന്ന് അവതരിപ്പിക്കണം’ എന്ന് പറഞ്ഞ് കോള്‍ വന്നത്. സന്തോഷത്തിന്റെ അങ്ങേ അറ്റത്ത് നില്‍ക്കുന്ന എന്നോട് എന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു, ‘എടീ ഇതൊന്നും നിനക്ക് പറ്റില്ല, വെറുതേ അവിടെ പോയി നാണം കെടും’ എന്ന്. അവരുടെ വാക്കുകള്‍ എന്നെ തളര്‍ത്തി. വരുന്നില്ല എന്ന് ഞാന്‍ ചാനലില്‍ വിളിച്ച് പറഞ്ഞു. പിന്നെ ആലോച്ചിച്ചപ്പോള്‍ ഞാന്‍ എന്തിന് പോകാതിരിക്കണം, ബംബര്‍ അടിച്ചില്ലെങ്കിലും, തലയില്‍ പെയിന്റ് മറിഞ്ഞാലും അവിടെ പെര്‍ഫോം ചെയ്യാനുള്ള അവസരം അല്ലേ കിട്ടുന്നത്. പോകാം എന്ന് തീരുമാനിച്ചു. ബംബര്‍ ചിരിയില്‍ ആദ്യത്തെ ഷോയില്‍ തന്നെ ബംബര്‍ കിട്ടി. അത് എനിക്ക് വലിയ ഇന്‍സ്പിരേഷന്‍ ആയി.

ഒരോ എപ്പിസോഡ് കഴിയുന്തോറും എന്തോ ചെയ്യാന്‍ പറ്റും എന്ന ആത്മവിശ്വാസം കൂടി വന്നു. ഇന്ന് ബംബര്‍ ചിരിയില്‍ ഏറ്റവും അധികം സ്റ്റാന്റ് അപ് കോമഡി ചെയ്ത പെണ്‍കുട്ടിയും, ഏറ്റവും അധികം ബംബര്‍ അടിച്ച പെണ്‍കുട്ടിയും ഞാന്‍ തന്നെയാണ്. ചെറിയ ചില അവസരങ്ങള്‍ സിനിമയിലും, ഹ്രസ്വ ചിത്രങ്ങളിലും ലഭിച്ചു. അന്ന് ഓഫീസിലുള്ളവര്‍ നിനക്ക് പറ്റില്ല എന്ന് പറഞ്ഞത് കേട്ടിരുന്നുവെങ്കില്‍ ഇന്ന് ഈ അവസരം എനിക്ക് കിട്ടില്ലായിരുന്നു. എന്റെ ഏറ്റവും വലിയ ഇന്‍സ്പിരേഷന്‍ എന്റെ അമ്മ തന്നെയാണ്. എന്റെ കുട്ടിക്കാലത്ത് വീട്ടില്‍ ടിവിയും വണ്ടിയും എല്ലാം ഉണ്ടായിരുന്നു. അപ്പുറത്തെ വീട്ടിലുള്ളവരെല്ലാം ഞങ്ങളുടെ വീട്ടില്‍ വന്നാണ് ടിവി കണ്ടിരുന്നത്. എന്നാല്‍ കാലം പോകെ ഞങ്ങള്‍ക്ക് ഓരോന്നായി ഇല്ലാതെയായി. അച്ഛന്‍ ഒരു ശുദ്ധനായിരുന്നു പലരും പറ്റിച്ചു. ഒരു ദിവസം രാത്രി അച്ഛന്‍ എന്റെ അടുത്ത് വന്നിരുന്നിട്ട് പറഞ്ഞു,

309111360 636467587833673 8747365828088936070 n

‘മോളെ നമുക്ക് പഴയത് എല്ലാം തിരിച്ച് പിടിയ്ക്കണം. വണ്ടി വാങ്ങണം’ എന്നൊക്കെ. അതും പറഞ്ഞ് രാത്രി വീട്ടില്‍ നിന്ന് ഇറങ്ങി പോയ അച്ഛന്‍ ഒരുപാട് വൈകിയിട്ടും വന്നില്ല. പിറ്റേന്ന് രാവിലെ എത്തിയത് മൃതദേഹമാണ്. അത് അച്ഛന്റെ അവസാനത്തെ പോക്ക് ആയിരുന്നു. അച്ഛന്റെ മരണ വിവരം അറിഞ്ഞ് വന്നരൊക്കെ അമ്മയോട് പറഞ്ഞു, ‘ഇനി രണ്ട് പെണ്‍കുട്ടികളല്ലേ.. നീ എങ്ങിനെ ജീവിയ്ക്കും’ എന്ന്. വരുന്നവരെല്ലാം പറയുന്നത് ഈ ഒരു ഡയലോഗ് മാത്രം. അച്ഛന്റെ മരണ ശേഷ ഒന്നിനും കഴിയാതെ അമ്മ ഞങ്ങളെയും കൊണ്ട് കഷ്ടപ്പെടും എന്നാണ് ഞാനും കരുതിയത്. പക്ഷെ അമ്മ തളര്‍ന്നില്ല, ആശ വര്‍ക്കറായി ജോലിയ്ക്ക് കയറി.

അപ്പുറത്തെ ചേച്ചിയുടെ വണ്ടി വാങ്ങി വന്ന്, വീട്ടിന്റെ മുന്നിലൂടെ ഓടിച്ച് ഡ്രൈവിങ് പഠിച്ചു. വണ്ടി വാങ്ങിച്ചു. ബാങ്കില്‍ കലക്ഷന്‍ ഏജന്റായി ജോലി നോക്കി. ഞങ്ങളെ രണ്ട് പേരെയും പഠിപ്പിച്ചു. ചേച്ചി നഴ്‌സ് ആണ്, യുകെയില്‍ സെറ്റില്‍ഡ് ആണ്. ഞാനും ഇങ്ങനെ പോകുന്നു. അന്ന് എല്ലാവരും പറയുന്നത് കേട്ട് അമ്മ തളര്‍ന്നിരുന്നു എങ്കില്‍ ഇന്ന് ഞാനും ചേച്ചിയും ഈ നിലയില്‍ എത്തില്ലായിരുന്നു. എന്റെ രണ്ട് പെണ്‍കുട്ടികളാണ് എന്റെ ധൈര്യവും അഭിമാനവും എന്ന് അമ്മ പറയുന്നു. ആ അമ്മയാണ് എന്റെ ഇന്‍സ്പിരേഷന്‍- അനീറ്റ പറഞ്ഞു.

278438955 384610720184772 6720777326765325882 n
Previous articleമാളവിക ജയറാമിന്റെ പുത്തൻ വീഡിയോ കണ്ടോ; ‘ഗജരാജനൊപ്പം നടന്നു വരുന്ന വീഡിയോ പങ്കുവെച്ച് താരം’- വീഡിയോ
Next article‘മോളേ ദിലൂ….’ ഒടുവിൽ അവർ ഒന്നിച്ചു, ജാസ്മിന് ഒപ്പം തകർപ്പൻ ഡാൻസുമായി ദിൽഷ പ്രസന്നൻ – വീഡിയോ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here