വർഷങ്ങൾക്ക് ശേഷം അവനെ ജനിപ്പിച്ചവൻ എന്ന് അവകാശപ്പെടുന്നയാൾ മകനെ വേണം എന്ന ആവശ്യവുമായി വന്നു; വൈറൽ കുറിപ്പ്

തന്റെ ജീവിതത്തിലെ സുപ്രധാന നിമിഷത്തെകുറിച്ച് അലി പങ്കുവെച്ച കുറിപ്പ്. കുറിപ്പിന്റെ പൂർണരൂപം;

പ്രിയ സുഹൃത്തുക്കളേ, ഒരു പൊതുമാധ്യമത്തിലൂടെ എന്റെ ജീവിതം ഇത്രമേൽ തുറന്നുവെക്കപ്പെടേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ല. പക്ഷേ, ഇപ്പോൾ പല കാരണങ്ങളാൽ ഞാനതിന് നിർബന്ധിതനായിരിക്കുന്നു. എന്റെ തൊണ്ണൂറ്റൊമ്പത് ശതമാനം സുഹൃത്തുക്കൾക്കും അറിയാത്ത, അതേസമയം ഏറ്റവും അടുത്ത ഏതാനും പേർക്ക് മാത്രം അറിയുന്ന ഒരുകാര്യം പെട്ടന്ന് ഒരുദിവസം എല്ലാവരോടുമായി പറയേണ്ടിവരുന്നതിന്റെ ആത്മസംഘർഷം ഏറെ വലുതാണ്. പക്ഷേ, ഇതിവിടെ പറയാൻ ഞാനിന്ന് തീർത്തും നിർബന്ധിതനാണ്. ഇനി വിഷയത്തിലേക്ക് വരാം. ഈ കുറിപ്പിന് അല്പം ദൈർഘ്യമുണ്ടെങ്കിലും നിങ്ങൾ വായിക്കാതെ പോകരുത്. ജീവിതത്തിന് കുറുക്കുവഴികളോ, ചുരുക്കെഴുത്തുകളോ ഇല്ലല്ലോ.

വിവാഹ ജീവിതം വേണ്ടെന്നും ആരോഗ്യമുള്ള കാലത്തോളം എഴുത്തും വായനയും യാത്രയുമൊക്കെയായി ഈ വലിയ ലോകത്ത് കൂടുതൽ സ്വതന്ത്രനായി ജീവിക്കണമെന്നും ആരോഗ്യം ക്ഷയിക്കുമ്പോൾ ഏതെങ്കിലും വൃദ്ധസദനത്തിൽ ചേക്കേറി അങ്ങനെ ഈ ഭൂമിയിൽ നിന്നും കടന്നുപോകണം എന്നൊ‌ക്കെയായിരുന്നു എന്റെ തീരുമാനം. അതിന്റെ ഭാഗമായി ഇന്ത്യയിലെ പല ഇടങ്ങളിലും സഞ്ചരിച്ചു. അക്കൂട്ടത്തിൽ ആശ്രമങ്ങളും ദർഗ്ഗകളും എല്ലാം ഉണ്ടായിരുന്നു. (വെയിൽ നനച്ചത് എന്ന എന്റെ പുസ്തകത്തിൽ ചിലതെല്ലാം എഴുതിയിട്ടുണ്ട്) പക്ഷേ, എന്നിട്ടും എന്റെ എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറത്ത്, ജീവിതം എന്നെ മറ്റ് ചില നിയോഗങ്ങൾക്കൂടി ഏൽപ്പിച്ചു. ജീവിതത്തിന്റെ തീരുമാനങ്ങൾ ആർക്കാണ് തട്ടിമാറ്റാനാവുക?

രണ്ടായിരത്തിപ്പത്തിന്റെ തുടക്കത്തിൽ, ഒരുദിവസം തിരുവനന്തപുരത്തുനിന്നും തൃശൂരിലേക്ക് ട്രെയിനിൽ വരുമ്പോൾ, കരുനാഗപ്പള്ളി സ്റ്റേഷനിൽ നിന്നും ഒരു യുവതി കയറി. കയ്യിൽ, ഏതാണ്ട് രണ്ടുവയസ്സ് പ്രായമുള്ള ഒരു കുഞ്ഞും. അവരെ കണ്ടപ്പോൾ മൊത്തത്തിൽ എന്തോ പ്രശ്നം ള്ളതുപോലെ തോന്നി. കാരണം, അത്രമാത്രം നിസ്സംഗതയുള്ള ഒരു മുഖം ഞാൻ മുമ്പെങ്ങും കണ്ടിട്ടില്ല. അക്കാലത്ത് പുകവലി എനിക്കൊരു ശീലമായിരുന്നു. ഞാൻ ഡോറിനരികിൽ നിന്ന് ഒരു സിഗരറ്റ് വലിച്ച്, ആരും കാണാതെ പുറത്തേക്ക് പുകയും വിട്ട് അങ്ങനെ നിൽക്കുകയായിരുന്നു. ട്രെയിൻ കുറച്ചുദൂരം മുന്നോട്ട് പോയപ്പോൾ, ആ യുവതി കുഞ്ഞിനെയുമെടുത്ത് എതിർവശത്തെ ഡോറിൽ വന്ന് നിന്നു. തീർത്തും ആശ്രദ്ധമായി. ബോധപൂർവം എന്നുതന്നെ തോന്നും വിധത്തിൽ. കയ്യൊന്ന് സ്ലിപ്പായാൽ തള്ളയും കുഞ്ഞും പുറത്തേക്ക് തെറിച്ചുപോകാവുന്ന അവസ്ഥ. അത്‌ കണ്ടപ്പോൾ എനിക്ക്‌ തോന്നി ഞാനൊരു ദുരന്തത്തിന് സാക്ഷി ആകേണ്ടി വരുമെന്ന്.

ആ യുവതിയോട് അവിടുന്ന് മാറാൻ പറഞ്ഞു. പക്ഷേ, കേട്ടഭാവം നടിക്കുന്നില്ല. ഞാൻ വേറെ ചില യാത്രക്കാരോട് കാര്യം സൂചിപ്പിച്ചു. അവരും ചേർന്ന് ഒരുവിധത്തിൽ ആ യുവതിയെ ഒരു സീറ്റിൽ കൊണ്ടിരുത്തി. കണ്ണ് കലങ്ങി, മുഖം താഴ്ത്തി യുവതി അവിടെ ഇരുന്നു. ഇതിനിടയിൽ കുഞ്ഞ് കരയുന്നതൊന്നും അറിയുന്നില്ല. ഒരു ജീവച്ഛവം പോലെ ഇരിക്കുന്നു. അങ്ങനെ, തൃശൂർ എത്തിയപ്പോൾ അവരും ഇറങ്ങി. ഞാൻ അവരോട് ചോദിച്ചു എവിടേക്കാണ് പോകേണ്ടതെന്ന്. സമാധാനമായി പോകാൻ അങ്ങനെ പ്രത്യേകിച്ചൊരിടം ഇല്ലെന്ന മട്ടിലായിരുന്നു മറുപടി. വീടും അഡ്രസ്സും ചോദിച്ചറിഞ്ഞശേഷം ഒരു ഓട്ടോയിൽ കയറ്റി വിട്ടു. വീടെത്തിയാൽ ദയവായി ഒന്ന് വിളിച്ചറിയിക്കണം എന്നും പറഞ്ഞ്, ഫോൺ നമ്പറും കൊടുത്തു. പക്ഷേ, പിന്നീട്‌ വിളിയൊന്നും ഉണ്ടായില്ല. എന്തെങ്കിലും ആവട്ടെ എന്ന് ഞാനും കരുതി.

ഏതാണ്ട് രണ്ട്‌ മാസം കഴിഞ്ഞപ്പോൾ എനിക്ക്‌ ഒരു കോൾവന്നു. ഇന്ന ആളാണെന്ന് പരിചയപ്പെടുത്തി. അന്ന് ട്രെയിനിൽ വച്ചുണ്ടായ സംഭവം ഓർമ്മിപ്പിച്ചു. ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു. കുഞ്ഞിനെയും കൊണ്ട് മ രിക്കാൻ ഇറങ്ങിത്തിരിച്ച അവളുടെ ജീവിത കഥകൾ മുഴുവൻ വിവരിച്ചു. വഞ്ചിക്കപ്പെടലിന്റെയുംഗാർഹിക പീ ഡനത്തിന്റെയും അവഗണനയുടെയും നീറുന്ന അനുഭവങ്ങൾ. ചിലത്‌ പുറത്ത് പറയാൻ ആവാത്തത്. എങ്കിലും അവൾ കണ്ണീരോടെ പറഞ്ഞുനിറുത്തി. എല്ലാം കേട്ടപ്പോൾ എന്റെയും ഉള്ള് ഒന്ന് പിടഞ്ഞു. കാരണം മൂന്ന് സഹോദരിമാർ എനിക്കും ഉണ്ട്. ആ നിമിഷം അവരെയും ഓർത്തു. പിന്നീട്, ഇടക്കൊക്കെ വിളിച്ച് അവൾ സംസാരിക്കുമായിരുന്നു. തൃശ്ശൂരിൽ വച്ച് വല്ലപ്പോഴും കാണുകയും ചെയ്യും. അങ്ങനെ ഒരു വർഷം പിന്നിട്ടു. അപ്പോഴും ഇനിയും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ താത്പര്യമൊന്നും അവൾക്ക് തോന്നിയിരുന്നില്ല. കുഞ്ഞിനെ എങ്ങനെയെങ്കിലും വളർത്തണം. അവനുവേണ്ടി ജീവിക്കണം എന്നൊക്കെ ഞാനും ഉപദേശിക്കുമായിരുന്നു.

പക്ഷേ, അതിനൊന്നുമുള്ള സാമൂഹ്യ-സാമ്പത്തിക സഹചര്യങ്ങളോ, നല്ലൊരു ജോലിയോ, ഗ്രാജുവേഷനോ ഒന്നും അവൾക്കില്ലായിരുന്നു. പഴയ ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചുപോക്ക് ഇല്ലെന്നും അതിനേക്കാൾ നല്ല ഓപ്‌ഷൻ മ രണം മാത്രമാണെന്നും തറപ്പിച്ചു പറയുകയും ചെയ്തു. ജീവിത നിയോഗത്തിന്റെ വിധികല്പിതം! ഞാൻ അവളോട്‌ ചോദിച്ചു. നമുക്കൊന്ന് ജീവിച്ചു നോക്കിയാലോ? അവൾ ആകെ ഞെട്ടിപ്പോയി. കുറച്ചുനേരം സ്തംഭിച്ചുനിന്നു. എന്നിട്ട് പറഞ്ഞു. വേണ്ടേ എന്തിനാണ് വെറുതെ നശിച്ചുപോയ ഒരു ജന്മത്തെ എടുത്ത് തലയിൽ വെക്കുന്നത്? ഞാൻ പറഞ്ഞു. നല്ലതൊക്കെ എടുത്ത് തലയിൽ വെക്കാൻ ആർക്കാണ് പറ്റാത്തത്. നമുക്കൊന്ന് നോക്കാമെന്നേ. ആങ്ങനെ രണ്ടായിരത്തി പതിനൊന്നിൽ, സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വടക്കാഞ്ചേരി സബ് രെജിസ്ട്രാർ അപ്പീസിൽ വച്ച് ഞങ്ങൾ വിവാഹിതരായി. ആരോടും കൂടിയാലോചിച്ചില്ല, ആരുടെയും അനുഗ്രഹത്തിനോ, അനുവാദത്തിനോ കാത്തു നിൽക്കാതെ ഞങ്ങൾ ഒരു ജീവിതം തുടങ്ങി.

എന്റെ മോന് ഞാൻ പുതിയ പേര് നൽകി. ഋഷി എന്ന് അവനെ ഞാൻ വിളിച്ചു. അവളുടെ ആഗ്രഹപ്രകാരം മൂകാംബികയിൽ പോയി എഴുത്തിനിരുത്തി. എന്റെ മടിയിലിരുന്ന് അവൻ ആദ്യാക്ഷരം കുറിച്ചു. അവളുടെ വിശ്വാസത്തിലും ആചാരത്തിലും ജീവിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നൽകി. പോകാൻ ആഗ്രഹമുള്ള ക്ഷേത്രങ്ങളിലേക്ക് ഞാൻ കൊണ്ടുപോയി. മോൻ എന്റെ കൈപിടിച്ച് അംഗൻവാടിയിലേക്കും തുടർന്ന് ഒന്നാം ക്ളാസ്സിലേക്കും പോയി. ഇല്ലായ്മയും പ്രതിസന്ധികളും ഒരുമിച്ച് നേരിട്ട് ഞങ്ങൾ മകനെ വളർത്തി. ഇനിയൊരു കുഞ്ഞ് വേണ്ട. എല്ലാ സ്നേഹവും നമ്മുടെ അപ്പുണ്ണിക്ക് (മോന്റെ വിളിപ്പേര്) നൽകാമെന്ന് ഞാൻ തീരുമാനിച്ചു. ഇതോടൊപ്പം എന്റെ എല്ലാ രക്ത ബന്ധങ്ങളും എനിക്ക് നഷ്ടമായി. ഉപ്പയ്ക്കും ഉമ്മയ്ക്കും എന്റെ സഹോദരങ്ങൾക്കും ഞാൻ അന്യനോ ശത്രുവോ ആയി. (ഉപ്പ പിന്നീട് എന്നെ മനസ്സിലാക്കി) കുറെ കാലം കഴിഞ്ഞപ്പോൾ അവളുടെ വീട്ടുകാരും ഞങ്ങളെ അംഗീകരിച്ചു.

214686382 1784092915087910 2193862965438790698 n

ഗൗരിയുടെ ‘അമ്മ ഞങ്ങളുടെ വീട്ടിൽ വന്നു. വർഷങ്ങൾ കടന്നുപോയി. എന്റെ മോനിന്ന് എട്ടാം ക്ലാസ്സിലായി. പക്ഷേ, എന്റെ മോന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ നാളുകളിലൂടെ അവന് കഴിഞ്ഞവർഷം മുതൽ കടന്നുപോകേണ്ടി വരുന്നു. അവനെ ജനിപ്പിച്ചവൻ എന്ന് അവകാശപ്പെടുന്നയാൾ വർഷങ്ങൾക്ക് ശേഷം മകനെ വേണം എന്ന ആശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നു. വക്കീൽ-പോലീസ് സുഹൃത്തുക്കളിൽ ചിലരുടെ നിർദ്ദേശപ്രകാരം, ഭൂമിയിലെ ഏറ്റവും വലിയ വേദനയോടെ ആ സത്യം ഒരു കഥപോലെ എനിക്ക്‌ അവനോടു പറയേണ്ടി വന്നു. അവന്റെ ബയോളജിക്കൽ ഫാദർ ഞാൻ അല്ലെന്ന്. കെട്ടിപ്പിടിച്ച് എന്റെ മോൻ അന്ന് കരഞ്ഞ ആ കരച്ചിൽമ രണം വരെ മറക്കാനാവില്ല. ആര് വന്നാലും എനിക്ക് ഈ അച്ഛൻ മതി. ഈ അച്ഛനെ വിട്ട് എങ്ങും പോകില്ല എന്നും പറഞ്ഞ് അവൻ ഇന്ന് എന്നെ ആശ്വസിപ്പിക്കുന്നു. ലോകത്ത് ഒരു മകനും ഒരു അച്ഛനും ഇത്തരം ഒരു സന്ദർഭത്തിലൂടെ കടന്നുപോകാൻ ഇടവരരുതേ എന്ന് ഹൃദയം നുറുങ്ങി ഞാൻ പ്രാർത്ഥിക്കുന്നു.

ലോകത്ത് ഒന്നിനെയും ഭയപ്പെടുന്നില്ലാത്ത ഞാൻ എന്റെ മോന്റെ മുന്നിൽ പതറുന്നു. ഇപ്പോൾ ഇതെല്ലാം തുറന്നു പറയേണ്ടി വന്ന സാഹചര്യം ഇതാണ്. അയാൾ എന്റെ പല സുഹൃത്തുക്കളെയും നമ്പർ സംഘടിപ്പിച്ച് വിളിക്കുകയും അവരോടെല്ലാം പല തരം കഥകൾ പറഞ്ഞു നടക്കുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കാനായി. അയാൾ വിളിച്ച സുഹൃത്തുക്കൾ ഓരോരുത്തരായി എന്നെ വിളിക്കുകയും അവരോടൊക്കെ ഞാൻ കാര്യങ്ങൾ വിശദീകരിച്ചും ക്ഷീണിച്ചു. ഇപ്പോൾത്തന്നെ ഏഴ് പേരോട് വിശദീകരിച്ചു കഴിഞ്ഞു. ഇനി വയ്യ. അതുകൊണ്ട് എല്ലാവർക്കും ഉള്ള അറിയിപ്പാണ് ഇത്. ഇതാണ് അലിയുടെ ജീവിതം. ഇനി നിങ്ങൾക്ക് എന്നെ പുച്ഛിക്കുകയോ, പരിഹസിക്കുകയോ ഒക്കെ ആവാം വിരോധമില്ല. പക്ഷേ, ഞാനിപ്പോഴും വിശ്വസിക്കുന്നു. ജന്മം കൊണ്ടല്ല, കർമ്മം കൊണ്ടാണ് ഒരാൾ അച്ഛനും മകനും ആവുന്നത്…-സ്നേഹം.അലി കടുകശ്ശേരി

Previous articleഇതിൽ ആരാണ് അമ്മ, ഇരട്ടകുട്ടികളെ പോലെയുണ്ടല്ലോ; വീഡിയോ പങ്കുവെച്ച് നിത്യാദാസ്
Next articleവർഷത്തിൽ 300 ദിവസം ഉറങ്ങും; രാജസ്ഥാൻ സ്വദേശിക്ക് അപൂർവ രോഗം

LEAVE A REPLY

Please enter your comment!
Please enter your name here