ദാരിദ്ര്യത്തിലും മികച്ച സ്‌കൂളിലയച്ച് പഠിപ്പിച്ചു..ഞങ്ങളെ ഡോക്ടറാക്കാന്‍

കടുത്ത ദാരിദ്ര്യത്തിലും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകിയ മാതാപിതാക്കൾക്ക് നന്ദി പറയുകയാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പേജിലൂടെ നിതേഷ് ജയ്‌സ്വാൾ. ഞങ്ങളെ ഭക്ഷണം കഴിപ്പിച്ചശേഷം, വെറും വയറുമായി അവര്‍ പലരാത്രികളില്‍ കിടന്നുറങ്ങി. ഓരോ ചില്ലി പൈസയും മിച്ചം പിടിച്ച് ഇല്ലായ്മകള്‍ക്കിടയിലും ഞങ്ങളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലയച്ച് പഠിപ്പിച്ചു. അയല്‍ക്കാരുടെയും ബന്ധുക്കളുടെയുമെല്ലാം പരിഹാസത്തിനും കുത്തുവാക്കുകള്‍ക്കും ഇടയിലും ഞങ്ങള്‍ പഠിച്ചുവളര്‍ന്നു, ഇന്ന് ഡോക്ടര്‍മാരായി.”- ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം പേജിൽ മുംബൈ സ്വദേശി നിതേഷ് ജയ്‌സ്വാൾ കുറിച്ച സ്വന്തം ജീവിതം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി.

WI4cWeA

ഉത്തര്‍പ്രദേശ് സ്വദേശികളാണ് നിതേഷിന്റെ മാതാപിതാക്കള്‍. വിവാഹശേഷം മെച്ചപ്പെട്ട ജീവിതത്തിനായി ഇവർ മുംബൈയിലെത്തി. മുള കൊണ്ട് ഉണ്ടാക്കിയ താത്ക്കാലിക ഷെഡിലായിരുന്നു താമസം. ഒരു ഇലക്ട്രിക്കല്‍ ഫാക്ടറിയില്‍ പിതാവ് ജോലി നേടി. എന്നാല്‍ അവിടെ വച്ചുണ്ടായ അപകടത്തില്‍ അദ്ദേഹത്തിന്റെ മൂന്ന് വിരലുകള്‍ അറ്റു പോയി. നഷ്ടപരിഹാരമൊന്നും നല്‍കാതെ കമ്പനി അദ്ദേഹത്തെ പിരിച്ചു വിട്ടു.

gIiFn5C

ഭര്‍ത്താവിനെ പരിചരിക്കാനും വീട്ടിലെ കാര്യങ്ങള്‍ നോക്കാനുമായി അമ്മ ചെറിയ ജോലികൾക്ക് പോയി തുടങ്ങി. അപകടത്തില്‍പ്പെട്ട് കിടക്കുന്ന ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ ഉപദേശിച്ചു. പക്ഷേ, അവരതിന് വഴങ്ങിയില്ല. ആരോഗ്യം വീണ്ടെടുത്ത പിതാവ് പിന്നീട് ചെറിയ കച്ചവടം തുടങ്ങി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും മക്കളെ രണ്ടുപേരെയും ഇംഗ്ലീഷ് മീഡിയം സ്‌കൂളിലയച്ചു പഠിപ്പിച്ചു.പിന്നീട് മറ്റൊരു വാടകവീട്ടിലേക്ക് മാറി. അവിടെവച്ച് പലരീതിയിൽ അയല്‍ക്കാരുടെ ശല്യം നേരിട്ടു. ദാരിദ്ര്യത്തിലും കുട്ടികളെ നല്ല സ്‌കൂളിലയച്ച് പഠിപ്പിക്കുന്നത് അയല്‍ക്കാരില്‍ അസൂയയുണ്ടാക്കി.

PNwLNgp

“ഒട്ടേറെ സാമ്പത്തിക, സാമൂഹിക പ്രതിസന്ധികളെ തരണം ചെയ്താണ് ഞാനും സഹോദരനും പഠിച്ച് ഡോക്ടര്‍മാരായത്. പഠനത്തില്‍ നിന്ന് ഞങ്ങളുടെ ശ്രദ്ധ തിരിപ്പിക്കാനായി ഉച്ചത്തില്‍ പാട്ടുവയ്ക്കുക, നിസ്സാര കാര്യങ്ങള്‍ക്ക് വഴക്കിന് വരുക പോലുള്ള ഒട്ടനവധി ഉപദ്രവങ്ങള്‍ അയല്‍ക്കാരുടെ ഭാഗത്തു നിന്നുണ്ടായി. ഒരിക്കല്‍ എന്റെ എന്‍ട്രന്‍സ് പരീക്ഷയുടെ തലേന്ന് വെള്ളം ചോരുന്നതിന്റെ കാര്യം പറഞ്ഞ് അയല്‍ക്കാര്‍ വഴക്കിനെത്തി. വഴക്ക് അടിപിടിയായി, ഒടുവില്‍ പൊലീസ് സ്‌റ്റേഷനിലെത്തി. പിറ്റേന്ന് പരീക്ഷയുണ്ടെന്ന് കരഞ്ഞു പറഞ്ഞതിനെ തുടര്‍ന്നാണ് പുലര്‍ച്ചെ രണ്ട് മണിയ്ക്ക് എന്നെ സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചത്.”- നിതേഷ് പറയുന്നു.

1PwirR7

വർഷങ്ങളായി മിച്ചം പിടിച്ച പണം കൊണ്ട് അമ്മ വാങ്ങിയ ഭൂമി വിറ്റാണ് നിതേഷിനെ പഠിപ്പിച്ചത്. ഇന്ന് കോവിഡുമായി ബന്ധപ്പെട്ട് റിസര്‍ച്ച് അസോസിയേറ്റ് ആണ് ഡോക്ടർ നിതേഷ്. സഹോദരൻ ബിഡിഎസ് കഴിഞ്ഞു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള പരിശ്രമത്തിലാണ് ഈ ഡോക്ടര്‍ സഹോദരന്മാർ. “നാം എവിടെ നിന്ന് വരുന്നു എന്നതിലല്ല എങ്ങോട്ടാണ് ജീവിതത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നത് എന്നതിലാണ് കാര്യം. വിദ്യാഭ്യാസമില്ലാത്ത തീര്‍ത്തും പാവപ്പെട്ടവരായ എന്റെ മാതാപിതാക്കള്‍ അത് തെളിയിച്ചു.”- നിതേഷ് പറയുന്നു

Previous articleഭാഷ തടസമായില്ല, ലയിച്ച് പാടി ദേവിക; ആലാപന മാധുര്യത്തിൽ അലിഞ്ഞ് സോഷ്യൽമീഡിയ..
Next articleഇതാര് ബാഹുബലിയിലെ ദേവസേനയൊ..രാജകുമാരി ലുക്കിൽ ഇനിയയുടെ ഫോട്ടോഷൂട്ട്

LEAVE A REPLY

Please enter your comment!
Please enter your name here