ജീവിതം ഇപ്പോ മുട്ടയുടെ പൊറത്തെ വെള്ളനിറം പോലെ പിന്നേം വെട്ടം വെച്ചു തുടങ്ങിയിട്ടൊണ്ട്.!

അരുവിക്കരേന്നു തിരുവനന്തപുരത്തോട്ട് ഏതാണ്ടു പത്തു മുപ്പതു കിലോമീറ്ററു ദൂരമുണ്ട്. കൊച്ചു വെളുപ്പാൻ കാലത്ത് പത്തിരുന്നൂറു മുട്ടയുമായി ട്രാൻസ്പോർട്ട് ബസീക്കേറി തട്ടാതെയും മുട്ടാതെയും പൊട്ടാതെയും നഗരത്തിലെത്താൻ നല്ല പാടുണ്ട്. തൊടക്കത്തിലൊക്കെ കൊറേ മുട്ട പൊട്ടിപ്പോകുമായിരുന്നു. ഇപ്പോ നല്ല പ്രാക്ടീസായി. നിത്യാഭ്യാസമല്ലേ…!

ഇതു മായ ചേച്ചി; മുട്ടക്കച്ചോടക്കാരിയാണ്. പ്രഭാതങ്ങളിൽ തിരുവനന്തപുരത്ത് മ്യൂസിയത്തിനു മുന്നിലിരുന്നാണ് മുട്ട വിൽപ്പന. സ്ത്രീകള് വീട്ടിലുൽപ്പാദിപ്പിക്കുന്ന കുടുംബശ്രീ മുട്ടയാണ്, തനി നാടൻ. രാവിലെ മ്യൂസിയത്തില് നടക്കാൻ വരുന്നവരാണ് കസ്റ്റമേഴ്സ്. നല്ല രാശിയുള്ള ദെവസമാണേൽ ഒമ്പതു മണിക്കു മുന്നേ മുട്ട തീരും. വീട്ടിലേക്കു മടക്കബസു പിടിക്കാം. രാവിലെ നടക്കാൻ പോകുമ്പോൾ ഇടയ്ക്ക് മായ ചേച്ചീടെ അടുത്തു നിന്നു മുട്ട വാങ്ങാറുണ്ട്. കോഴിയും താറാവുമുണ്ട്. താറാമുട്ട വേഗം വിറ്റുതീരും. കോവിഡും ലോക് ഡൗണും ആയതോടെ മ്യൂസിയം അടച്ചു പൂട്ടി. എല്ലാ മനുഷ്യരേയും പോലെ മായ ചേച്ചിയും കുറച്ചു കാലം എൻ്റെ മുന്നിൽ നിന്നും അപ്രത്യക്ഷയായി.

124164001 4647795671959410 8751878959707884742 o 1

അക്കാലം ജീവിതം വഴിമുട്ടിയെന്നു ചേച്ചി പറഞ്ഞു. കച്ചോടമില്ലാതെ വീട്ടിലിരിപ്പാരുന്നു. കൊറേ സങ്കടപ്പെട്ടു. എങ്ങനെ ജീവിക്കുമെന്ന വേവലാതി. പതിയെ പതിയെ പുറം ലോകം ജീവൻ വച്ചപ്പോഴും മൂസിയം തുറക്കാൻ തീരുമാനമായില്ല. അപ്പോ മുട്ടയുമായി പാളയം ചന്തേല് ചെന്നു നോക്കിയെങ്കിലും കച്ചോടം പുഷ്ടിപ്പെട്ടില്ല. മ്യൂസിയം എന്നു തുറക്കുമെന്നോർത്തു പിന്നേം സങ്കടപ്പെട്ടുകൊണ്ടിരുന്നു.


ദാ.. ഇപ്പോ മ്യൂസിയവും മ്യഗശാലയും തുറന്നു. പതിവു പോലെ മ്യൂസിയം ഗേറ്റിലേക്ക് മുട്ടയുമായി വന്നു. ജീവിതം ഇപ്പോ മുട്ടയുടെ പൊറത്തെ വെള്ളനിറം പോലെ പിന്നേം വെട്ടം വെച്ചു തുടങ്ങിയിട്ടൊണ്ട്.. ‘പത്തു മൊട്ട താ ചേച്ചീ..’ ഞാൻ പറഞ്ഞു. ദാ.. അതാണ് ഈ പൊതിഞ്ഞെടുത്തു കൊണ്ടിരിക്കുന്നത്…

Previous articleഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് നടി രസ്ന പവിത്രൻ.. വൈറൽ ഫോട്ടോസ്
Next articleമകൾക്ക് വേണ്ടി വാടക ഗർഭധാരണം നടത്തി 51 കാരി അമ്മ

LEAVE A REPLY

Please enter your comment!
Please enter your name here