കൊറോണ മൂലം മരണപ്പെട്ട രോഗിയുടെ ബോഡി ഏറ്റെടുക്കാൻ വിസ്സമ്മതിച്ച് കുടുംബം..!

കൊറോണ ഭീതിയിലാണ് ലോകം. കൊറോണ ബാധിച്ചവരെ അകറ്റി നിര്‍ത്തുകയാണ്. നിലവിലെ സാഹചര്യത്തില്‍ അത് തന്നെയാണ് ഉത്തമം. എന്നാല്‍ വിവേചനം കാണിക്കരുത്. കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ കൊറോണ ബാധിച്ച് മരിച്ച വ്യക്തിയെ കാണാനോ മൃതദേഹം ഏറ്റുവാങ്ങാനോ തയ്യാറാകാത്ത കുടുംബങ്ങളുണ്ട് എന്നറിയുമ്പോഴാണ് ജനങ്ങളുടെ ഭീതിയുടെ ആഴം വ്യക്തമാകുന്നത്. അത്തരമൊരു വിവരമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത് പശ്ചിമ ബംഗാളില്‍ കൊറോണ രോഗം ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്.

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡംഡമിലെ 57കാരനാണ് മരിച്ചത്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയവെയായിരുന്നു മരണം. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളാരും വന്നില്ല മാത്രമല്ല, ആശുപത്രി അധികൃതരും കൈയ്യൊഴിഞ്ഞു. കൊറോണ രോഗം ബാധിച്ച് മരിക്കുന്നവരുടെ സംസ്‌കാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തണമെന്നാണ് ചട്ടം. ആശുപത്രി അധികൃതര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും അവര്‍ എത്തി മൃതദേഹം ഏറ്റുവാങ്ങുകയും ചെയ്യും. അതിനിടെ മരണ രേഖയില്‍ കുടുംബാംഗം ഒപ്പ് വയ്ക്കണം. മരണ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിനും ആശുപത്രിയില്‍ നിന്ന് മൃതദേഹം കൈമാറിയെന്ന രേഖയ്ക്കുമാണ് കുടുംബം ഒപ്പിട്ട് നല്‍കേണ്ടത്. എന്നാല്‍ ഇതിനൊന്നും ബംഗാളില്‍ മരിച്ച വ്യക്തിയുടെ കുടുംബം തയ്യാറായില്ല.

അവര്‍ ആശുപത്രിയിലേക്ക് തിരിഞ്ഞുനോക്കിയതേ ഇല്ല. ഒടുവില്‍ ഉദ്യോഗസ്ഥര്‍ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു. കൊറോണ രോഗി മരിച്ചാല്‍ മൃതദേഹം കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ടതില്ല എന്നാണ് ബംഗാള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. അവരാണ് സംസ്‌കരിക്കേണ്ടത്. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും സംസ്‌കാരം.ആശുപത്രി അധികൃതര്‍ ജില്ലാ ഭരണകൂടത്തിന് മൃതദേഹം കൈമാറി. അവര്‍ നിംതാല സംസ്‌കരണ കേന്ദ്രത്തിലേക്ക് മൃതദേഹം എത്തിച്ച വേളയില്‍ പരിസര വാസികള്‍ എതിര്‍പ്പുമായി രംഗത്തുവന്നു.

സംസ്‌കരണ കേന്ദ്രത്തിലെ ജീവനക്കാരും മൃതദേഹം ഏറ്റെടുത്തില്ല. ജനങ്ങള്‍ അക്രമാസക്തരാകുകയും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുകയുമുണ്ടായി. എട്ട് മണിക്കൂറോളം വൈകി രാത്രി ഒമ്പത് മണിക്കാണ് സംസ്‌കാരം നടന്നത്. ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നിലപാടിനെ തുടര്‍ന്നാണ് സംസ്‌കാരം നടത്താന്‍ സാധിച്ചത്. അപ്പോഴും പ്രശ്‌നം തീര്‍ന്നില്ല. മരിച്ചയാളുടെ ബന്ധുക്കളെ ഗ്രാമത്തില്‍ പ്രവേശിപ്പിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധുക്കള്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

Previous articleകൊവിഡ് 19നെ നേരിടാൻ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി താരങ്ങളും..! കൈയ്യടിച്ച് സോഷ്യൽ മീഡിയ
Next articleനടൻ മുകേഷിന്റെ മകൻ ഒരു നടൻ മാത്രമല്ല; കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ഡോ.ശ്രാവൺ മുകേഷ്..!

LEAVE A REPLY

Please enter your comment!
Please enter your name here