ഒരിടവേളയ്‌ക്കുശേഷം വീണ്ടും എന്റെ പ്രിയപ്പെട്ട മക്കളെ നെഞ്ചോടു ചേർക്കാൻ, ആ ദിവസവും കാത്ത് : ടീച്ചർ – കുറിപ്പ്

മുണ്ടയാട്‌ എൽ പി സ്കൂൾ ടീച്ചർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്.
പോസ്റ്റിന്റെ പൂർണരൂപം:

എന്റെ കുട്ടികളെ ….നിങ്ങളുടെ അഭാവം വല്ലാതെ വേദനിപ്പിക്കുന്നു.കളിച്ചും ചിരിച്ചും,ആടിയും പാടിയും നമ്മളൊത്തു ചെലവിട്ട ആ നല്ല ദിനങ്ങൾ, ദിവസം പോകുംതോറും ടീച്ചറിന്റെ മനസ്സിൽ ഒരു വിങ്ങലായ് ബാക്കിയാവുന്നു..ഒരു നെടുവീർപ്പായ് അവസാനിക്കുന്നു. ”ഇനിയെന്നു കാണും ടീച്ചറെ?”എന്ന നിങ്ങളുടെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നിൽ കൈമലർത്താനും തലതാഴ്ത്താനും മാത്രമേ ഞാനുൾപ്പെടുന്ന നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് സാധിക്കുന്നുള്ളു.

ഒരു പ്രൈമറി സ്കൂൾ അധ്യാപകൻ/അധ്യാപിക യ്ക്ക് ഞങ്ങളുടെ ലോകം നിങ്ങളാണ് മക്കളെ .നിങ്ങളാണ് ഞങ്ങളുടെ സ്വർഗം. നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ പൊട്ടിച്ചിരിയും കൊഞ്ചലും കുസൃതികളുമില്ലാതെ ഓൺലൈനിൽ കുഞ്ഞുങ്ങളുണ്ടെന്നു സങ്കൽപ്പിച്ചുള്ള ക്ലാസ്സുകൾക്കിടയിലും,നിങ്ങളുടെ പുഞ്ചിരി കാണാറുണ്ട്.

ഉച്ചനേരം ഭക്ഷണം വിളമ്പുമ്പോ ‘മതി ടീച്ചറെ’ എന്ന കൊഞ്ചലും,അമ്മ കൊടുത്തു വിട്ട അച്ചാർ വിരൽ തുമ്പിൽ തൊട്ട് ചൊട്ടി തെറിപ്പിച്ച് കൂട്ടുകാരുടെ പ്ലേറ്റിൽ പങ്കുവയ്ക്കുന്ന കാഴ്ചയും, മുട്ടയുള്ള ദിവസങ്ങളിൽ ആട്ടിൻ കുഞ്ഞുങ്ങളെ പോലെ തുള്ളിച്ചാടിയുള്ള വരവും,ക്ലാസ് ടീച്ചറെ കാണാതിരിക്കുമ്പോ വിതുമ്പി വാടുന്ന കുഞ്ഞു മുഖങ്ങളും,പകരം കൊടുക്കലും വാങ്ങലും,പങ്കുവയ്പ്പും എല്ലാം ഒരു എൽ പി സ്കൂളിൽ മാത്രം കാണുന്ന ചേതോഹരമായ കാഴ്ചകളാണ്.അതുകൊണ്ടാവണം സ്കൂളും മക്കളും ഞങ്ങൾ അധ്യാപകരുടെ ഇടനെഞ്ചിൻ താളമായ് മാറുന്നതും.

എങ്കിലും ഈ മഹാമാരി രൗദ്രഭാവം പൂണ്ട് സംഹാര താണ്ഡവമാടുന്ന ഈ സമയത്ത് സർക്കാർ കൈക്കൊണ്ട ഈ തീരുമാനം എന്റെ കുഞ്ഞുമക്കൾ ഉൾപ്പെടുന്ന ഈ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണ്. എന്റെ കുഞ്ഞുങ്ങൾ വീടുകളിൽ സുരക്ഷിതരായിരിക്കട്ടെ.കോറോണയെ തുരത്താനുള്ള യജ്ഞത്തിൽ സർക്കാരിനൊപ്പം നമുക്കും പങ്കുചേരാം..

വിജയകരമായി ഈ മഹാമാരിയെ തരണം ചെയ്ത് ഒരുനാൾ പഴയതു പോലെ നമ്മൾ നമ്മുടെ വിദ്യാലയാങ്കണത്തിൽ ഓടിയെത്തും,ആദ്യത്തെ അസംബ്ലിയിൽ കോറോണയെ തുരത്തിയ വിജയ കഥ ഞങ്ങൾ പങ്കുവയ്ക്കും.ഒരിടവേളയ്‌ക്കുശേഷം വീണ്ടും എന്റെ പ്രിയപ്പെട്ട മക്കളെ നെഞ്ചോടു ചേർക്കാൻ, ആ ദിവസവും കാത്ത്.. സ്നേഹപൂർവ്വം…നിങ്ങളുടെസ്വന്തം പ്രിയങ്ക ടീച്ചർ മുണ്ടയാട്‌ എൽ പി സ്കൂൾ.

Previous articleഅശ്വിൻ കുമാർ treadmillൽ അല്ല വേണേൽ Bed‌ൽ വരെ ഡാൻസ്‌ ചെയ്യും!
Next articleചന്ദ്രേട്ടന്‍ കേരളത്തില്‍ മോനു ഹൈദരാബാദിലും വാനമ്പാടിയിലെ ചിത്രീകരണം കണ്ടോ;

LEAVE A REPLY

Please enter your comment!
Please enter your name here