
മലയാളത്തിലെ ശ്രദ്ധേയ നടനായിരുന്ന സൈനുദ്ദീന്റെ മകനും നടനുമായ സിനിൽ സൈനുദീൻ വിവാഹിതനായി. ഹുസൈന ആണ് വധു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്തസുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മിമിക്രി രംഗത്ത് നിന്ന് സിനിമാലോകത്തെത്തി നൂറ്റമ്പതിലേറെ സിനിമകളുടെ ഭാഗമായിരുന്നയാളാണ് സൈനുദ്ദീൻ.
1999ലായിരുന്നു അദ്ദേഹത്തിൻറെ വിയോഗം. അച്ഛനെ പോലെ തന്നെ മിമിക്രി വേദികളിൽ നിന്ന് സിനിമയിലേക്കെത്തിയ സിനിൽ, ടുലെറ്റ് അമ്പാടി ടാക്കീസ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ‘പറവ’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. കോണ്ടസ, ഹാപ്പി സർദാർ, ജോസഫ്, വെള്ളം, ബ്ലാക്ക് കോഫി തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി.

സിനിൽ നിരവധി വേദികളിൽ താരങ്ങളുടെ രൂപവും ശബ്ദവും ഒക്കെ അനുകരിച്ച് ശ്രദ്ധേയനായിട്ടുണ്ട്. എക്കാലത്തേക്കുമായുള്ള തുടക്കം എന്ന് കുറിച്ചുകൊണ്ട് സിനിൽ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിവാഹ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങൾ സിനിലിനും ഹുസൈനയ്ക്കും വിവാഹമംഗളാശംസകളുമായി എത്തിയിട്ടുമുണ്ട്.
