കടലിൽ പണിയെടുത്ത് പൊന്നുപോലെ വളർത്തിയ മകളെ തൂക്കികൊല്ലാൻ പറയേണ്ടി വന്ന അച്ഛന്റെ ഗതികേട്. കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ശരണ്യയെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ അച്ഛൻ വത്സരാജാണ് പറഞ്ഞത്.
ഏറെ ലാളിച്ച് വളർത്തിയ കൊച്ചുമകൻ നഷ്ടപ്പെട്ട വിവരം മത്സ്യത്തൊഴിലാളിയായ വത്സരാജ് കടലിൽ വച്ചാണ് അറിയുന്നത്. ക്രൂരകൃത്യം ചെയ്തവൾ തന്റെ മകളായിപ്പോയല്ലോ എന്ന ദു:ഖത്തിലാണ് വത്സരാജ്. കൊച്ചുമകൻ മരിച്ചത് എന്നാൽ സ്വന്തം അമ്മയുടെ കൈകൊണ്ട് തന്നെയാണെന്ന വാർത്തയാണ് വത്സരാജിനെ തകർത്തത്.
‘കുഞ്ഞിനെ കൊന്ന അവൾ നാളെ എന്നെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്? അവളെ തൂക്കിക്കൊല്ലുന്നുണ്ടെങ്കിൽ അവളുടെ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്. അവൾക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ. നെഞ്ച് പൊട്ടിയാണ് പറയുന്നത്. ഇങ്ങനെയുള്ള പെൺകുട്ടി ഭൂമിയിൽ ഉണ്ടാകാൻ പാടില്ല ‘ വത്സരാജ് പറഞ്ഞു.