മലയാളികളെയാകെ സന്തോഷിപ്പിച്ചുകൊണ്ട് കഴിഞ്ഞദിവസമാണ് നടന്‍ മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത്. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരമെന്നാണ് പുരസ്‌കാര നേട്ടത്തെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മാത്രമല്ല, മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും ആഘോഷിക്കുകയാണ് തന്റെ പിതാവിന്റെ നേട്ടം. ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ അച്ഛനെ അഭിനന്ദിച്ചുകൊണ്ടുള്ള വിസ്മയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനകം വൈറലായി.

മോഹൻലാലിന്റെ കരിയറിലേക്കൊരു തിരിഞ്ഞു നോട്ടം പോലെ, ഏറ്റവും മികച്ച കുറച്ച് കഥാപാത്രങ്ങളുടെ ഫോട്ടോകൊളാഷിനൊപ്പമാണ് വിസ്മയയുടെ പോസ്റ്റ്. അഭിനന്ദനങ്ങൾ അച്ഛാ. നിങ്ങൾ ഒരു അത്ഭുതകരമായ കലാകാരനാണ്, നിങ്ങൾ ഒരു അത്ഭുതകരമായ മനുഷ്യനാണ് എന്നതിൽ നിങ്ങളെ ഓർത്ത് ഞങ്ങൾക്കെല്ലാവർക്കും അഭിമാനമുണ്ട്- എന്നാണ് വിസ്മയയുടെ പോസ്റ്റ്.
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല എങ്കിലും, തന്റെ യാത്രകളെ കുറിച്ചും കുടുംബത്തിനൊപ്പമുള്ള സന്തോഷങ്ങളെ കുറിച്ചും വിസ്മയ മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ കുറിക്കാറുണ്ട്. അത്തരത്തിലാണ് അച്ഛന്റെ അഭിമാന നേട്ടത്തെ കുറിച്ചും പറഞ്ഞുകൊണ്ട് എത്തിയിരിക്കുന്നത്. ഇതിനോടകം പദ്മശ്രീ, പത്മവിഭൂഷൻ, ലെഫ്. കേണൽ, ഡോക്ടറേറ്റ് എല്ലാം നേടിയിട്ടുള്ള മോഹൻലാലിന്റെ നാല് പതിറ്റാണ്ടിലേറെയായ അഭിനയ ജീവിതത്തിലെ ഒരു പൊൻ തൂവൽ കൂടെയാണ് ഈ ദാദാ സഹാബ് ഫൽകെ പുരസ്കാരം.




































