ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. നാഷണല്‍ ക്രഷ് ആയി മാറിയ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ നേടിയത് സമാനതകളില്ലാത്ത നേട്ടമായിരുന്നു. അതിവേഗമാണ് താരത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം കൂടിയത്. കണ്ണുചിമ്മി തുറക്കും മുമ്പ് ഇന്‍സ്റ്റഗ്രാം താരമായി മാറിയ പ്രിയ മലയാളത്തിലെ താരങ്ങളെയെല്ലാം അതിവേഗമാണ് പിന്തള്ളിയത്.
എന്നാല്‍ ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ദശലക്ഷ കണക്കിന് ഫോളോവേഴ്സുണ്ടായിരുന്ന പ്രിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റഗ്രാമില്‍ റെക്കോര്‍ഡ് ഫോളോവേഴ്സുള്ള പ്രിയ തന്റെ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
7.2 മില്യണ്‍ ഫോളോവേഴ്സാണ് പ്രിയയ്ക്ക് ഇന്‍സ്റ്റഗ്രാമിലുണ്ടായിരുന്നത്. മലയാളത്തിലെ മിക്ക താരങ്ങള്‍ക്കും നേടാനാകുന്നതിനും അപ്പുറത്ത്. അതുകൊണ്ട് തന്നെ താരമെന്തിനാണ് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തതെന്നാണ് ആരാധകര്‍ തിരക്കുന്നത്. പ്രത്യേകിച്ച് യാതൊരു കാരണവുമില്ലെന്നും ചെറിയൊരു ഇടവേളയെടുക്കുകയാണെന്നുമായിരുന്നു താരവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും തിരികെ വരാമെന്നും അവര്‍ പറയുന്നു.
ഒരു ദിവസം കൊണ്ട് ആറ് ലക്ഷം ഫോളോവേഴ്സിനെ സ്വന്തമാക്കിയ ലോകത്തിലെ മൂന്നാമത്തെ മാത്രം താരമാണ് പ്രിയ. കെയ്ലി ജെന്നറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് മറ്റ് രണ്ട് പേര്‍. ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണ്‍ ഫോളോവേഴ്സിനെ ഏറ്റവും വേഗത്തില്‍ നേടുന്ന ഇന്ത്യന്‍ താരവുമാണ് പ്രിയ. താരം അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തതിന് പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തന്നെ വെറുമൊരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായി കാണുന്നതിന് പകരമൊരു നടിയായി കാണുന്നതിന് വേണ്ടിയെന്നാണ് അതിലൊന്ന്. എല്ലാവരും സോഷ്യല്‍മീഡിയയില്‍ സജീവമാകുന്ന സമയത്താണ് പ്രിയയുടെ പിന്മാറ്റം.
അതേസമയം, സോഷ്യല്‍ മീഡിയയില്‍ നിന്നും സ്വാഭാവികമായൊരു ഇടവേള ആഗ്രഹിക്കുന്നത് കൊണ്ടുമാകാം എന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ പ്രിയയുടെ മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇപ്പോഴും ആക്ടിവാണ്.