കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭക്ഷണപ്രേമികള്‍ക്കിടയില്‍ താരമായിരിക്കുന്നത് മറ്റൊരു വിഭവമാണ്. തീപ്പൊരി ദോശ എന്നാണ് ഈ വിഭവത്തിന്റെ പേര്. പേരില്‍ തന്നെയുണ്ട് കൗതുകങ്ങള്‍ ഏറെ. വേറിട്ട വിഭവങ്ങളെ പരിചയപ്പെടുത്തുന്ന ഫുഡി ഇന്‍കാര്‍നേറ്റ് എന്ന ഫുഡ് വ്‌ളോഗിങ്ങിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വ്യത്യസ്തമായ ഈ ദോശയുടെ വിശേഷങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ നിരവധിപ്പേര്‍ ദോശയെ ഏറ്റെടുക്കുകയും ചെയ്തു.
തീപ്പൊരി ദോശ എന്ന് ഈ വിഭവത്തിന് പേര് വരാന്‍ കാരണം അത് പാകം ചെയ്‌തെടുക്കുന്നതിലെ വ്യത്യസ്തത കൊണ്ടാണ്. വ്യത്യസ്ത രുചികള്‍ ഒരു തവണയെങ്കിലും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ പോലുമുണ്ട് നിരവധി രുചിയിടങ്ങള്‍. വേറിട്ട ഭക്ഷണവിശേഷങ്ങളാണ് ഇത്തരം രുചിയിടങ്ങളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. പറക്കും ദോശയും ബാഹുബലി ദോശയുമെല്ലാം ഇത്തരത്തില്‍ അടുത്തിടെ സമൂഹമാധ്യമങ്ങളിലെ രുചിയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിഭവങ്ങളാണ്.
തീക്കനലിലാണ് ഈ ദോശ ചുടുന്നത്. ചൂടായ തവയിലേക്ക് ദോശമാവ് ഒഴിക്കും. ശേഷം പച്ചക്കറികളും സ്‌പൈസസും എല്ലാം മുകളില്‍ വിതറും. പിന്നെ ഒരു ടേബിള്‍ ഫാന്‍ എടുത്ത് തീക്കനലിന് അരികിലായി വയ്ക്കും. ഈ സമയത്ത് തീപ്പൊരിയാകെ ദോശക്ക് ചുറ്റും പറന്നു നടക്കും. അങ്ങനെ ഈ ദോശയും തീപ്പൊരി ദോശയായി. ഇന്‍ഡോറില്‍ നിന്നും പകര്‍ത്തിയതാണ് ഈ ദോശയുടെ വിശേഷങ്ങള്‍. 180 രൂപയാണ് ഒരു തീപ്പൊരിദോശയുടെ വില.