ചപ്പാത്തി എന്നാണ് പേര്. ആള് ഒരു നായയാണ്. പക്ഷെ ഇതിനോടകം തന്നെ മുപ്പത് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. യുക്രൈന്‍ സ്വദേശികളായ യുജിന്‍ പെദ്രോസ്- ക്രിസ്റ്റീന മസലോവ ദമ്പതികള്‍ക്കൊപ്പമാണ് ഈ നായയുടെ ലോക സഞ്ചാരം. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചപ്പാത്തിയുടെ കഥ സഞ്ചാര പ്രിയര്‍ ഏറ്റെടുത്തിരിക്കുകയാണ്. കേരളമാണ് ചപ്പാത്തി എന്ന നായയുടെ ജന്മദേശം എന്ന് പറയാം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2017-ലാണ് ദമ്പതികള്‍ക്ക് നായയെ ലഭിക്കുന്നത്. അതും കൊച്ചിയില്‍ നിന്ന്. ഭക്ഷണം പോലും കിട്ടാതെ അവശനിലയിലായിരുന്ന ആ നായയ്ക്ക് അവര്‍ ഭക്ഷണം നല്‍കി പരിചരിച്ചു. സ്വദേശത്തേക്ക് മടങ്ങിയപ്പോള്‍ കൂടെ കൂട്ടുകയും ചെയ്തു. ഈ ദമ്പതികള്‍ക്ക് കേരളത്തില്‍ നിന്നും കഴിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് ചപ്പാത്തി.
അതുകൊണ്ടാണ് അവര്‍ കേരളത്തില്‍ നിന്നും കിട്ടിയ നായയ്ക്ക് ചപ്പാത്തി എന്ന പേരിട്ടത്. യുക്രൈനിലെ പെറ്റ് പാസ്‌പോര്‍ട്ട് വരെയുണ്ട് ഈ നായയ്ക്ക്. ദമ്പതികള്‍ക്കൊപ്പം പലയിടങ്ങളും സഞ്ചരിച്ചു. ഏകദേശം 55,000 കിലോമീറ്ററിലധികം ദൂരം താണ്ടിയിട്ടുണ്ട് ഈ നായ. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി.