‘കെഎസ്ആർടിസി എന്റെ പെങ്ങളെ കൊന്നു; കഴുത മോങ്ങുന്നതു പോലെ ഹോണടിച്ചാൽ നിങ്ങൾക്ക് എന്നെ മറികടക്കാൻ കഴിയില്ല. #ജസ്റ്റിസ് ഫോർ ഫാത്തിമ നജീബ് മണ്ണേൽ’ എന്ന കുറിപ്പ് നമ്പർ പ്ലേറ്റിനു ചുവട്ടിലെഴുതിയാണ് ബിജിൽ എസ്.മണ്ണേലിന്റെ കാർ ഇപ്പോൾ നിരത്തിലിറങ്ങുന്നത്.
ഇനിയുമൊരു ഫാത്തിമ നജീബ് മണ്ണേൽ ആവർത്തിക്കാതിരിക്കട്ടെ! എന്ന തലക്കെട്ടോടെ നജീബ് നേരത്തെ പങ്കുവച്ച കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ മാസം 11 ന് രാത്രി ദേശീയപാതയിൽ നങ്ങ്യാർകുളങ്ങരയ്ക്കു സമീപമാണ് ബിജിലിന്റെ പിതാവിന്റെ അനുജൻ നജീബും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ഇടിച്ചത്. അപകടത്തിൽ നജീബിന്റെ മകൾ ഫാത്തിമ (20) മരിച്ചു. വാഹനം ഓടിച്ചിരുന്ന ഫാത്തിമയുടെ സഹോദരൻ മുഹമ്മദ് അലിയുടെ വലതു കൈയും അപകടത്തിൽ നഷ്ടമായി. അപകടം നടന്നയുടൻ കെഎസ്ആർടിസി ഡ്രൈവർ സംഭവ സ്ഥലത്തു നിന്നു കടന്നുകളഞ്ഞു. കെഎസ്ആർടിസി ബസുകളുടെ അപകടകരമായ ഡ്രൈവിങ് നിയന്ത്രിക്കേണ്ടവർ നടപടിയെടുക്കുകയും, മരിച്ച പെങ്ങൾക്കു നീതി ലഭിക്കുകയും ചെയ്യുന്നതുവരെ കെഎസ്ആർടിസിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജിൽ.