ദോശയ്ക്ക് 1000 രൂപ; തട്ടുകടയിൽ നിന്ന് ദോശ കഴിച്ച് അല്ലു അർജുൻ;വിഡിയോ

Allu Arjun

മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളി സിനിമാപ്രേമികളുടെ പ്രിയ നായകനായി മാറിയ ഒരാളാണ് അല്ലു അർജുൻ. ആര്യ, ഹീറോ, കൃഷ്ണ പോലുള്ള ചിത്രങ്ങൾ കേരളത്തിലെ യൂത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയ ചിത്രങ്ങളാണ്.

തെന്നിന്ത്യ മുഴുവൻ വലിയ ആരാധക വൃന്ദമുള്ള ഈ നടൻ ഒരു കാരണത്താൽ അല്ലെങ്കിൽ മറ്റൊരു കാരണത്താൽ എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദനാ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന പുഷ്പ എന്ന ചിത്രമാണ് അല്ലു അർജുന്റെ അടുത്ത റിലീസ്.

ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പുഷ്പയുടെ ലൊക്കേഷനിലേക്കുള്ള യാത്രക്കിടെയാണ് അല്ലു അർജുൻ ഒരു തട്ടുകട സന്ദർശിച്ചത്. റോഡരികിലുള്ള തട്ടുകടയില്‍ നിന്നും അല്ലു അർജുൻ ഭക്ഷണം കഴിച്ചതിന്റെ ആശ്ചര്യത്തിലാണ് ആന്ധ്രപ്രദേശിലെ തട്ടുകടയുടെ ഉടമ.

അതിരാവിലെ തന്റെ ടീമിനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ താരത്തിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ തരംഗമായി കഴിഞ്ഞു. വെള്ള ടീഷര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ചാണ് താരം ഭക്ഷണം കഴിക്കാന്‍ എത്തിയത്. അവസാനം ഭക്ഷണം നല്‍കിയതിന് കട ഉടമയോട് നന്ദി പറയുന്ന താരത്തെയും വീഡിയോയിൽ കാണാം.

Allu 1

ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ മരെഡുമില്ലി വനമേഖലയിലായിരുന്നു പുഷ്പയുടെ അവസാന ഘട്ട ഷൂട്ടിംഗ്. അങ്ങോട്ടുള്ള യാത്രക്കിടയിലാണ് വഴിയരികിലെ തട്ട് കടയിൽ അല്ലു അർജുൻ ഇറങ്ങിയത്. സൂപ്പർ താരത്തെ മുന്നിൽ കണ്ട് അമ്പരന്ന ഹോട്ടൽ ഉടമയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് അല്ലു അർജുൻ ഒരു ദോശയും ഓർഡർ ചെയ്തു.

എന്നാൽ ദോശ കഴിച്ചു പോകാൻ ഒരുങ്ങിയ അല്ലു അർജുൻ പണം നൽകിയപ്പോൾ കടയുടമ അത് വാങ്ങാൻ തയ്യാറായില്ല. അവസാനം അല്ലു അർജുൻ നിർബന്ധിച്ചാണ് അദ്ദേഹം പണം വാങ്ങിയത്. ആയിരം രൂപയാണ് അല്ലു അർജുൻ തട്ടുകടയുടെ ഉടമയ്ക്ക് നൽകിയത് എന്ന് മാത്രമല്ല അദ്ദേഹത്തോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞതിനു ശേഷമാണു അല്ലു അർജുൻ അവിടെ നിന്ന് യാത്ര തുടർന്നത്.

കടയുടമയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നു അറിഞ്ഞപ്പോൾ അദ്ദേഹത്തോട് ഹൈദരാബാദിലേക്ക് വരാനും അവിടെ ജോലി കണ്ടെത്താൻ സഹായിക്കാമെന്നുമായിരുന്നു അല്ലു അർജുന്റെ മറുപടി.സുകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ അല്ലു അർജുൻ സിനിമയാണ് പുഷ്പ. ഈ ചിത്രം രണ്ട് ഭാഗങ്ങളിലായാണ് പുറത്തിറങ്ങുന്നത്. ആദ്യ ഭാഗം ഈ വർഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here