സെലിബ്രിറ്റി ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയുടെ വൈറലായ ഫോട്ടോഷൂട്ടായിരുന്നു നാടോടിപ്പെൺകുട്ടി ആസ്മാന്റേത്. ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഫോട്ടോഷൂട്ടായിരുന്നു മോഡലായി ആസ്മാൻ മാറിയപ്പോൾ. അതിന് ശേഷം 98 കാരി പാപ്പി അമ്മയെ മോഡലാക്കി ഫോട്ടോഗ്രഫർ മഹാദേവൻ തമ്പി എത്തിയിരിക്കുകയാണ്. പാപ്പി അമ്മയുടെ ഒരു ദിവസമാണ് ഫോട്ടോഷൂട്ടിലൂടെ ചിത്രീകരിച്ചത്.
ഒരു ലൊക്കേഷൻ തേടിയുള്ള യാത്രയിൽ അപ്രതീക്ഷിതമായാണ് മഹാദേവൻ തമ്പി പാപ്പി അമ്മയെ കാണുന്നതും ഫോട്ടോഷൂട്ട് നടത്തുന്നതും. പല്ലില്ലാത്ത മോണകാട്ടി നിഷ്കളങ്കമായി ചിരിക്കുന്ന പാപ്പിയമ്മയുടെ ചിത്രങ്ങൾ സോഷ്യൽ ലോകത്തിന്റെ മനം കവരുകയാണ്. കൂലി പണിയെടുത്താണ് പാപ്പി അമ്മ വരുമാനം കണ്ടെത്തുന്നത്. അടച്ചുറപ്പുള്ള വീട്ടിൽ ഒരു ദിവസമെങ്കിലും താമസിക്കണമെന്നാണ് പാപ്പി അമ്മയുടെ ആഗ്രഹമെന്നും അതിനുവേണ്ടി ശ്രമിക്കുമെന്നും മഹാദേവൻ തമ്പി പറയുന്നു.
വൈക്കത്തിനടുത്തുള്ള ഒരു ഉൾനാടൻ പ്രദേശത്താണ് പാപ്പിയമ്മ താമസിക്കുന്നത്. വൈക്കത്തു വച്ചാണ് പാപ്പി അമ്മയെ കാണുന്നത്. നിഷ്കളങ്കതയും ഓമനത്തവും നിറയുന്ന മുഖമാണ് പാപ്പി അമ്മയുടേത്. അരിവാളും പിടിച്ച് നടന്നു വരുന്ന പാപ്പി അമ്മയെ കണ്ടപ്പോൾ ഫോട്ടോഷൂട്ട് ചെയ്താൽ നന്നായിരിക്കുമെന്നു തോന്നി സമീപിക്കുകയായിരുന്നു. ഫോട്ടോഷൂട്ട് ചെയ്യട്ടേ എന്നു ചേദിച്ചപ്പോൾ പാപ്പി അമ്മ സമ്മതിച്ചു. പിറ്റേ ദിവസം ഷൂട്ടിന് വേണ്ട സാധനങ്ങളും ആൾക്കാരുമായി വൈക്കത്തെത്തി ഫോട്ടോഷൂട്ട് നടത്തുകയായിരുന്നുവെന്ന് മഹാദേവൻ തമ്പി പറയുന്നു.