ഒരു മകള്‍ അമ്മയ്ക്ക് നല്‍കിയ പിറന്നാള്‍ സമ്മാനമാണ് ഹൈസ്‌കൂള്‍ ഡിപ്ലോമ. ഇങ്ങനെ കേള്‍ക്കുമ്പോള്‍ തന്നെ പലരും അതിശയിച്ചേക്കാം. ചിലര്‍ എന്താണ് ഇതിലിത്ര അതിശയിക്കാന്‍ എന്നും ചിന്തിച്ചേക്കാം. എന്തായാലും ഈ അമ്മ ഹൈസ്‌കൂള്‍ ഡിപ്ലോമ സ്വന്തമാക്കുന്നത് തന്റെ 93-ാം വയസ്സിലാണ്.
ഹൈസ്‌കൂള്‍ വിദ്യാഭ്യസം എന്നു കേള്‍ക്കുമ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് അതൊക്കെ നിസ്സാരമായ കാര്യമാണ്. എന്നാല്‍ 93 കാരിയായ എലീന്‍ എന്ന മുത്തശ്ശിയെ സംബന്ധിച്ച് അത് അത്ര നസ്സാരമായ കാര്യമല്ല. കാരണം അവരുടെ സ്‌കൂള്‍ ജീവിത കാലഘട്ടത്തില്‍ ഹൈസ്‌കൂള്‍ ഡിപ്ലോമ സ്വന്തമാക്കിയവരുടെ എണ്ണമൊക്കെ കുറവാണ്.
വെര്‍ജീനിയ സ്വദേശിനിയാണ് എലീന്‍. ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എലീന്റെ അമ്മയെ മരണം കവര്‍ന്നു. പിതാവ് രണ്ടാമതും വിവാഹം കഴിച്ചപ്പോള്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കുക എന്നത് എലീന്റെ ചുമതലയായി. അതുകൊണ്ട് തന്റെ ഹൈസ്‌കൂള്‍ പഠനം പാതിവഴിയില്‍ എലീന് ഉപേക്ഷിക്കേണ്ടി വന്നു. ന്യൂയോര്‍ക്കിലെ പോര്‍ച്ച് റിച്ച്മണ്ട് ഹൈസ്‌കൂളില്‍ നിന്നും അങ്ങനെ 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് എലീന്‍ പടിയിറങ്ങി. അതും ഹൈസ്‌കൂള്‍ ഡിപ്ലോമ സ്വന്തമാക്കാന്‍ സാധിക്കാതെ.
സ്‌കൂളില്‍ നിന്നും പോന്നെങ്കിലും സ്‌കൂളില്‍ ഒപ്പം പഠിച്ചവരുമായി നല്ല ബന്ധം പുലര്‍ത്തി എലീന്‍. മകള്‍ മൗറീനാണ് എലീന് പിറന്നാള്‍ ദിനത്തില്‍ ഹൈസ്‌കൂള്‍ ഡിപ്ലോമ സമ്മാനിച്ചത്. ഇതിനൊപ്പം തന്നെ നിരവധി ആശംസാ കാര്‍ഡുകളും പിറന്നാള്‍ ദിനത്തില്‍ എലീനെ തേടിയെത്തി. അതും മകളുടെ നിര്‍ദ്ദേശമനുസരിച്ച് പലരും അയച്ചതാണ്. എന്തായാലും അമ്മയുടെ പിറന്നാള്‍ വേറിട്ടതാക്കി മകള്‍.