ഒരുപാട് സ്ത്രീകൾ പിസിഓഡിയും അമിത വണ്ണവും കൊണ്ട് ബുദ്ധിമുട്ടാറുണ്ട്. അവർക്കൊക്കെ ഒരു മാതൃക അല്ലെങ്കിൽ ഒരു പരിഹാരം നൽകുകയാണ് അനുഷ സാറ ജേക്കബ്. വയറ് നിറയെ ഭക്ഷണം കഴിച്ച് ,80 ൽ നിന്നും 63 ലേക്കുള്ള മാറ്റം, പി സി ഓ ഡിയും പ്രമേഹവും മാറ്റിയ കഥയാണ് അനുഷ പറയുന്നത്. വാക്കുകളിലേക്ക്,‘‘ലോക് ഡൗൺ സമയത്ത് എന്റെ ഫൂഡ് ഹാബിറ്റ്സ് ആകെ മാറിയിരുന്നു. ജങ്ക് ഫൂഡും ഫാസ്റ്റ് ഫൂഡുമൊക്കെ കഴിച്ചിരുന്നു. ഫ്രീലാൻസ് വർക്കുകൾ ചെയ്യുന്നുണ്ട്. അതുകൊണ്ട് രാത്രി വൈകി ഇരുന്നു ജോലി ചെയ്യുന്ന സാഹചര്യങ്ങളുമുണ്ടായി. അങ്ങനെ ഉറക്കവും താളംതെറ്റി.
കോളജ് സമയത്തൊക്കെ 65 കിലോയിൽ ശരീരഭാരം കൊണ്ടുനടന്നിരുന്നയാളാണ് ഞാൻ. ജോലിയിൽ പ്രവേശിച്ചപ്പോൾ മുതൽ താമസിച്ചുള്ള ഭക്ഷണം കഴിക്കലും പുറത്തുനിന്നും കഴിക്കലുമൊക്കെയായി തടി കൂടി. ഏതാണ്ട് 80 കിലോ വരെയായി ശരീരഭാരം.പീരിയഡ്സ് പ്രശ്നങ്ങളൊക്കെ വന്നുതുടങ്ങിയപ്പോൾ ഗൈനക്കോളജിസ്റ്റിനെ പോയികണ്ടു. അപ്പോഴാണ് അറിയുന്നത് പിസിഒഡിയുടെ ആരംഭഘട്ടത്തിലാണെന്ന്. മാത്രമല്ല, പ്രമേഹത്തിന്റേതാണെന്നു സംശയിക്കാവുന്ന ചില സൂചനകളും ശരീരത്തിൽ കണ്ടുതുടങ്ങി. എന്റെ അച്ഛന് പ്രമേഹമുണ്ട്. അതായത് പാരമ്പര്യമായി പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.
ബിഎംഐ കണക്കുകൂട്ടി നോക്കിയപ്പോൾ അമിതശരീരഭാരമുണ്ട്. ആ സമയത്ത് തന്നെ എനിക്ക് അധികം നേരം നടക്കാനൊന്നും പറ്റില്ലായിരുന്നു. കുറേനേരം നിന്നു കഴിഞ്ഞാൽ കാലിനു വേദന വരും. പടികളൊക്കെ കയറുമ്പോൾ വല്ലാത്ത കിതപ്പ്.എനിക്ക് 25 വയസ്സായതേ ഉള്ളൂ. ഈ പ്രായത്തിൽ ഇത്രയും ആരോഗ്യ പ്രശ്നങ്ങളെന്നു പറഞ്ഞപ്പോൾ ശരിക്കും ഭയന്നുപോയെന്നതാണ് സത്യം. അമിതവണ്ണം കൊണ്ട് ഭാവിയിൽ വേറെയും ഒട്ടേറെ പ്രശ്നങ്ങൾ വരാം, എങ്ങനെയെങ്കിലും ഒരു 10 കിലോയെങ്കിലും ഉടനെ കുറച്ചേപറ്റൂ എന്നു ഡോക്ടറും തീർത്തുപറഞ്ഞു. വണ്ണം കൂടുതലാണെന്നത് മാനസികമായും വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു.
മറ്റുള്ളവരെ കാണുമ്പോൾ സ്വയം അപകർഷതാബോധം തോന്നും. ഒാഫിസിൽ സെൽഫിയൊക്കെ എടുക്കുന്ന സമയത്ത് പൊതുവേ ഞാൻ മുന്നിൽ നിൽക്കില്ലായിരുന്നു. പിന്നിലെവിടെയെങ്കിലും ഒതുങ്ങും. വണ്ണം കൂടിയതോടെ ബോഡിസൈസ് മാറി, ഇഷ്ടമുള്ള വസ്ത്രങ്ങളൊന്നും ഇടാൻ പറ്റാതായി. സ്വയം ഒട്ടും ആത്മവിശ്വാസം തോന്നാത്ത അവസ്ഥയായിരുന്നു.അങ്ങനെയാണ് വണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്. മുൻപ് കീറ്റോ ഡയറ്റും ഒക്കെ പരീക്ഷിച്ചിരുന്നെങ്കിലും എനിക്കതു ശരിയായി വന്നില്ല. ചേട്ടന്റെ ഭാര്യ ആണ് റീഷേപ് നേഷൻ എന്ന വെയ്റ്റ്ലോസ് പ്രോഗ്രാമിനെക്കുറിച്ച് എന്നോടു പറയുന്നത്. പുള്ളിക്കാരി ഈ പ്രോഗ്രാമിലൂടെ വണ്ണം കുറച്ചിരുന്നു.
ഈ പ്രോഗ്രാമിൽ നമുക്ക് ഒരു പേഴ്സണൽ ട്രെയിനർ ഉണ്ടാകും. വിശാൽ എന്ന ആളായിരുന്നു എന്റെ ട്രെയിനർ. ഈ പ്രോഗ്രാമിൽ ഒാരോരുത്തർക്കും അവരവരുടെ ശരീരഘടനയ്ക്കും ആരോഗ്യപ്രശ്നങ്ങളും ഒക്കെ കണക്കിലെടുത്താണ് ഡയറ്റും വ്യായാമവും നിർദേശിക്കുന്നത്. ആഴ്ചാവസാനം അവർ നമ്മുടെ ആരോഗ്യസ്ഥിതി വിലയിരുത്തും തുടർന്ന് അടുത്ത ആഴ്ചത്തേക്കുള്ള ഡയറ്റും വ്യായാമങ്ങളും നിർദേശിക്കും.പച്ചക്കറികളും മാംസവും മീനും മുട്ടയുമെല്ലാം ഉൾപ്പെട്ട ഡയറ്റായിരുന്നു. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കുറച്ചു. ചോറും ചപ്പാത്തിയും അരി പലഹാരങ്ങളും തീരെ കുറച്ചുള്ള ഡയറ്റായിരുന്നു എന്റേത്. മധുരവും മധുരപലഹാരങ്ങളും കാപ്പിയുമെല്ലാം പൂർണമായി നിർത്തി.
മുൻപ് ഞാൻ തീരെ പച്ചക്കറികൾ കഴിക്കുമായിരുന്നില്ല. ഡയറ്റ് സമയത്ത് സാലഡ് രൂപത്തിൽ ധാരാളം പച്ചക്കറികൾ കഴിച്ചു. അതുപോലെ തന്നെ ദിവസവും എത്ര നേരം കഴിക്കുന്നു എന്നതിലും വ്യത്യാസമുണ്ടായിരുന്നു. ഡയറ്റിന്റെ ആരംഭഘട്ടത്തിൽ മൂന്നു നേരം കഴിച്ചിരുന്നു. പതിയെ അത് രണ്ടുനേരമാക്കി. വിശപ്പു മാറുന്നതുവരെ ഭക്ഷണം കഴിക്കാമായിരുന്നതുകൊണ്ട് രണ്ടുനേരം ഭക്ഷണമെന്നത് പ്രയാസമുള്ള കാര്യമായിരുന്നില്ല. എല്ലാ ആഴ്ചയും ഞാൻ ഭാരം നോക്കുമായിരുന്നു. ആദ്യത്തെ ആഴ്ച മുതലേ നല്ല തോതിൽ ഭാരം കുറഞ്ഞുതുടങ്ങി. അതു വലിയ മോട്ടിവേഷനായിരുന്നു. അതുകൊണ്ട് ഡയറ്റിങ്ങൊന്നും ബുദ്ധിമുട്ടായി തോന്നിയില്ല.ദിവസം ഒന്നര മണിക്കൂറോളം വ്യായാമവും ചെയ്തു.
സ്കിപ്പിങ്, ജമ്പിങ് ജാക്സ് പോലുള്ള ഗ്രൗണ്ട് എക്സർസൈസ് ആണ് ചെയ്തിരുന്നത്. ഭക്ഷണശേഷം കുറച്ചുനേരം നടക്കുകയും ചെയ്തിരുന്നു. വണ്ണം കുറഞ്ഞപ്പോൾ ചിലയിടത്ത് ചർമം തൂങ്ങുന്ന അവസ്ഥ വന്നു. ആ ഘട്ടത്തിൽ ശരീരം ടോൺ ചെയ്യാനായി ഡംബൽ എടുത്തുള്ള വ്യായാമങ്ങളും ചെയ്തിരുന്നു. ഗ്രീൻ ടീ പോലുള്ള പാനീയങ്ങളോ ഹെൽത് ഡ്രിങ്കുകളോ കുടിച്ചില്ല. പക്ഷേ, ധാരാളം വെള്ളം കുടിച്ചു. ദിവസം മൂന്നു ലീറ്ററോളം ശുദ്ധജലം കുടിച്ചിരുന്നു.2021 മേയ് മാസത്തിലാണ് ഞാൻ ഭാരം കുറച്ചുതുടങ്ങിയത്.
ഇതുവരെ 17 കിലോ കുറഞ്ഞു. വീണ്ടും ഗൈനക്കോളജിസ്റ്റിനെ കണ്ടപ്പോൾ അവർ അദ്ഭുതപ്പെട്ടുപോയി. പരിശോധനകളൊക്കെ കഴിഞ്ഞപ്പോൾ പിസിഒഡി പ്രശ്നങ്ങളൊക്കെ മാറിയിട്ടുണ്ട്. ഷുഗർ ലെവൽ ബോർഡർ ലൈനിൽ നിന്നത് നോർമലായി. ഇപ്പോൾ പെർഫക്റ്റ്ലി ഹെൽതി ആണെന്ന് ഡോക്ടർ തന്നെ ഉറപ്പു പറഞ്ഞു. ഭാരം കൂടുതൽ ആയിരുന്നപ്പോൾ മുട്ടുവേദന ഉണ്ടായിരുന്നു. അധികനേരം നിൽക്കാൻ ആവില്ലായിരുന്നു. എന്നാൽ ശരീരത്തിന്റെ വണ്ണം കുറഞ്ഞതോടെ ആ ബുദ്ധിമുട്ട് ഇല്ലാതായി.60 കിലോയാണ് എന്റെ മാതൃകാശരീരഭാരം.
അതിലേക്കെത്തണമെന്നാണ് ആഗ്രഹം. പിന്നെ ആ ഭാരം നിലനിർത്തി കൊണ്ടുപോകണം. ഇന്നിപ്പോൾ ഒരു ഫിസിക്കൽ ട്രെയിനർ കൂടിയാണ് ഞാൻ. അമിതശരീരഭാരവുമായി ബുദ്ധിമുട്ടുന്നവർക്ക് എന്നാൽ കഴിയുന്നതുപോലെ നിർദേശങ്ങൾ നൽകുന്നു. അനുഷയുടെ കണ്ണിൽ ആത്മവിശ്വാസത്തിന്റെ തിളക്കം.