ഖുശ്ബു സഞ്ചരിച്ച കാറിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചുകയറി; ‘മുരുകൻ ഞങ്ങളെ രക്ഷിച്ചു’വെന്ന് നടിയുടെ ട്വീറ്റ്

നടിയും അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയ നേതാവുമായ ഖുശ്ബു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽപ്പെട്ടു. തമിഴ്നാട് മേൽമറവത്തൂരിൽ വെച്ചാണ് അപകടം നടന്നത്. വാഷിംഗ് മെഷീനുകളുമായി പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറിയെ മറികടക്കുന്നതിനിടെയാണ് കാര്‍ അപകടത്തിൽ പെട്ടതെന്നാണ് പോലീസ് ഭാഷ്യം. കണ്ടെയ്നര്‍ ലോറി കാറിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു. എഐഡിഎംകെയും ബിജെപിയും തമ്മിൽ ഇടയ്ക്കിടെ സംഘർഷം ഉണ്ടാകാറുള്ള സ്ഥലമാണ് കാഞ്ചിപുരത്തുള്ള മേൽമറവത്തൂർ.

വാഹനത്തിൽ ഉണ്ടായിരുന്ന ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഖുശ്ബു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ മേല്‍മറവത്തൂരില്‍ വെച്ച് ഒരു അപകടത്തിൽ പെട്ടു. ഒരു ടാങ്കര്‍ ഞങ്ങളുടെ കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ദൈവത്തിന്‍റേയും നിങ്ങളുടെയും അനുഗ്രഹത്താൽ ഞങ്ങൾ സുരക്ഷിതരാണ്. ഗൂഡല്ലൂരിലെ വേൽയാത്രയിൽ പങ്കെടുക്കാനുള്ള ഞങ്ങളുടെ യാത്ര തുടരും. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുരുക സ്വാമിയാണ് ഞങ്ങളെ രക്ഷിച്ചത്. എന്‍റെ ഭര്‍ത്താവിന് അദ്ദേഹത്തിലുള്ള വിശ്വാസമാണ് ഇവിടെ കാണാനായത്, എന്നാണ് ഖുശ്ബു ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഖുശ്ബുവിന്‍റെ കാര്‍ ഓടിച്ചിരുന്ന ഡ്രൈവറേയും കണ്ടെയ്നര്‍ ഓടിച്ചിരുന്നയാളേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കണ്ടെയ്നറാണ് ഞങ്ങളുടെ കാറിലേക്ക് ഇടിച്ച് കയറിയത്. ഞങ്ങളുടെ കാര്‍ ശരിയായ ദിശയിലാണ് പോയിരുന്നതെന്നും കണ്ടെയ്നര്‍ വന്നിടിക്കുകയായിരുന്നുവെന്നും മറ്റെന്തെങ്കിലും അട്ടിമറി ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും പങ്കുവെച്ച് മറ്റൊരു ട്വീറ്റും ഖുശ്ബു പങ്കുവെച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here