ബലാത്സംഗം തമാശയാക്കേണ്ടതല്ല; വാസു അണ്ണന്‍ ട്രോളുകളെ കുറിച്ച് മന്യ

ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയ സംഭവമായിരുന്നു വാസു അണ്ണന്‍ ട്രോളുകള്‍. 2002 ല്‍ പുറത്തിറങ്ങിയ കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ വാസുവിനേയും ചിത്രത്തിലെ നായികേയും ചേര്‍ത്തു വച്ചു കൊണ്ടുള്ള ട്രോളുകള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. പീഡനത്തെ നിസാരവത്കരിക്കുന്നതും സ്ത്രീവിരുദ്ധവുമാണ് ഈ ട്രോളുകളെന്നായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ ഈ ട്രോളുകളെ കുറിച്ച് മനസ് തുറക്കുകയാണ് ചിത്രത്തിലെ നായികയായ മന്യ. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്യയുടെ പ്രതികരണം.

”എനിക്ക് മലയാളം വായിക്കാനറിയില്ല. എല്ലാ ട്രോളുകളും ഞാന്‍ കണ്ടിട്ടില്ല. കുറേ മീമുകളെല്ലാം കണ്ടിരുന്നു. അതില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നൊന്നും എനിക്ക് അറിയില്ല. ഉയിരിന്‍ ഉയിരേ എന്ന ഗാനം വച്ചുള്ള ഒരു ട്രോളാണ് ഞാന്‍ കണ്ടത്. അതെനിക്ക് എന്റെ സുഹൃത്താണ് അയച്ചു തരുന്നത്. കണ്ടപ്പോള്‍ ആരോ ചെയ്ത ഒരു തമാശ, അങ്ങനെയേ തോന്നിയുള്ളൂ” മന്യ പറയുന്നു.

”റേപ്പ് എന്നത് ഏറെ ഗൗരവകരമായ വിഷയമാണ്, അതിനെ ആരും പിന്തുണയ്ക്കില്ല, പിന്തുണയ്ക്കപ്പെടാനും പാടില്ല. ഞാനൊരു സ്ത്രീയാണ്, എനിക്കൊരു മകളാണുള്ളത്. നമുക്കെല്ലാം ഒരു കുടുംബമുണ്ട്. അതുകൊണ്ട് തന്നെ ബലാത്സംഗം പോലൊരു വിഷയം ലളിതമായി കാണേണ്ടതോ തമാശയാക്കേണ്ടതോ അല്ലെന്ന് നമുക്കറിയാം. ഒരിക്കലും ന്യായീകരിക്കപ്പെടേണ്ട ഒന്നല്ല അത്”.

എന്റെ ഭര്‍ത്താവ് സിനിമാ മേഖലയുമായി ബന്ധമുള്ള ആളല്ല. ഈ ട്രോളുകളും മറ്റും അദ്ദേഹത്തിനും കുടുംബത്തിനും സുപരിചിതമായ കാര്യമല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിനും കുടുംബത്തിനും വിഷമമാവരുത് എന്നെനിക്കുണ്ടെന്നും മന്യ പറയുന്നു. ”ട്രോളുകള്‍ എനിക്ക് മാറ്റാനാകില്ല, അതെന്റെ കയ്യിലല്ല. എന്റെ കുടുംബത്തെ ബാധിക്കാത്തിടത്തോളം എനിക്കതിനെ ഗൗരവമായി കാണാനാവില്ലല്ലോ” മന്യ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here