14 വർഷത്തിനുശേഷം നഷ്ടപ്പെട്ട പഴ്സ് തിരികെ കിട്ടി.!

ലോക്കൽ ട്രെയിനിൽവച്ച് നഷ്ടപ്പെട്ട പഴ്സ് 14 വർഷത്തിനുശേഷം യുവാവിന് തിരിച്ചു കിട്ടി. 2006 ൽ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനിലിൽനിന്ന് പനവേൽ ലോക്കൽ ട്രെയിനിൽ സഞ്ചരിക്കുമ്പോഴാണ് ആണ് ഹേമന്ത് പഠാൽക്കർ എന്നയാളുടെ പഴ്സ് നഷ്ടമായത്. ഈ പഴ്സ് കണ്ടെത്തിയതായി 2020 ഏപ്രിലിലാണ് പൊലീസ് ഹേമന്തിനെ അറിയിച്ചത്.

നിരോധിക്കപ്പെട്ട 500 രൂപയുടെ നോട്ട് ഉൾപ്പടെ 900 രൂപയായിരുന്നു നഷ്ടപ്പെടുന്ന സമയത്ത് പഴ്സിൽ ഉണ്ടായിരുന്നത്. ഏപ്രിലിൽ അറിയിപ്പ് കിട്ടിയെങ്കിലും ലോക്ഡൗണിനെത്തുടർന്ന് നവി മുംബൈ സ്വദേശിയായ ഹേമന്തിന് റെയിൽവേ പൊലീസ് ഓഫിസിൽ എത്താൻ സാധിച്ചിരുന്നില്ല. ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതോടെ ഈ മാസം ഓഫിസിലെത്തി പണം വാങ്ങിച്ചു. 300 രൂപയാണ് പൊലീസ് തിരികെ കൊടുത്തത്. ‘‘100 രൂപ സ്റ്റാംപ് പേപ്പര്‍ വർക്കിനായി പൊലീസ് എടുത്തു. നിരോധിക്കപ്പെട്ട 500 ന്റെ നോട്ട് മാറ്റിയശേഷം തിരികെ നൽകാമെന്നാണ് അറിയിച്ചിട്ടുള്ളത്. ബാക്കി 300 രൂപ എനിക്ക് തന്നു’’– ഹേമന്ത് വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ഇത്രകാലത്തിനുശേഷം പഴ്സ് തിരികെ കിട്ടിയതിൽ അദ്ഭുതം തോന്നുന്നുവെന്നും വളരെയധികം സന്തോഷമുണ്ടെന്നും ഹേമന്ത് പറഞ്ഞു. ഹേമന്തിന്റെ പഴ്സ് മോഷ്ടിച്ചയാളെ കുറച്ചുനാൾ മുമ്പ് അറസ്റ്റ് ചെയ്തെന്നും പഴ്സ് വീണ്ടെടുത്തെന്നുമാണ് പൊലീസ് അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here