സ്നേഹത്തോടെ പ്രിയതമന് ഭക്ഷണം വാരിനൽകി മേഘ്‌ന; ഹൃദയവേദന നൽകും വീഡിയോ

സാൻഡൽവുഡിൻ്റെ സൂപ്പർസ്റ്റാർ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണത്തിൽ വിതുമ്പുകയാണ് തെന്നിന്ത്യൻ ‌സിനിമ ലോകം. മലയാളികളുടെ ഉള്‍പ്പെടെ പ്രിയങ്കരിയായ മേഘ്ന രാജിന് പ്രിയതമൻ്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാകുന്നതിലപ്പുറം വേദനയാണ് സമ്മാനിച്ചിരിക്കുന്നത്. 39കാരനായ ചിരഞ്ജീവി ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂൺ ഏഴിനാണ് ഇഹലോകവാസം വെടിഞ്ഞത്. മേഘ്ന നാലുമാസം ഗര്‍ഭിണി ആയിരിക്കവേയുള്ള ഭർത്താവിൻ്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും നൊമ്പരപ്പെടുത്തിയിരുന്നു.

പത്തു വര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷം 2018ലായിരുന്നു മേഘ്നയെ ചിരഞ്ജീവി ജീവിതത്തിലേക്ക് കൂട്ടിയത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ആഘോഷമാക്കിയ താരവിവാഹങ്ങളിൽ ഒന്ന് കൂടിയായിരുന്നു ഇവരുടേത്. തൻ്റെ അമ്മാവനായ അര്‍ജുന്‍ സര്‍ജയുടെ ചിത്രങ്ങളിലൂടെയാണ് സിനിമാകുടുംബത്തിലെ ഇളതലമുറക്കാരനായ ചിരഞ്ജീവി സര്‍ജ തുടക്കമിട്ടിരുന്നത്. സംവിധാന സഹായിയായി സിനിമാ രംഗത്തെത്തിയ അർജ്ജുൻ സർജ പിന്നീട് നായകനായി അരങ്ങേറി. ചുരുങ്ങിയ സമയം കൊണ്ടാണ് ചിരഞ്ജീവി വലിയ ആരാധകരെ സൃഷ്ടിച്ചത്.

മേഘ്ന രാജും ചിരഞ്ജീവിയും ആട്ടഗരെ എന്ന കന്നഡ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. മേഘ്‌ന സിനിമയില്‍ വിവാഹ ശേഷവും സജീവമായിരുന്നു. കഴിഞ്ഞ മെയ് 2നായിരുന്നു ഇവര്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അപ്രതീക്ഷിതമായെത്തിയ ഭര്‍ത്താവിനെ വിയോഗ വാർത്തയിൽ ഹൃദയം തകർന്നിരിക്കുകയാണ് മേഘ്ന. പ്രിയതമന് അന്ത്യ ചുംബനം നൽകി പൊട്ടിക്കരയുന്ന മേഘ്നയുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.

ചിരഞ്ജീവിയുടെ സഹോദരനും അഭിനേതാവുമായ ധ്രുവ് സര്‍ജയുടെ വിവാഹം അടുത്തിടെയായിരുന്നു. വിവാഹക്കാര്യങ്ങളുടെ നടത്തിപ്പിനായി ഓടിനടന്നിരുന്നതൊക്കെ ചിരഞ്ജീവിയായിരുന്നു. വിവാഹത്തിൻ്റെ വീഡിയോയിലെ ഒരു ഭാഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിരഞ്ജിവിയ്ക്ക് സദ്യ നടക്കുന്നതിടെ മേഘ്‌ന ചോറ് വാരി നല്‍കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഭക്ഷണം വിളമ്പുന്നവരോട് ഭാര്യയ്ക്ക് കുറച്ചധികം ചോറ് നൽകാനും ചിരഞ്ജീവി പറയുന്നതായി വീഡിയോയിൽ കാണാം. ഈ വീഡിയോ നിറമിഴിയോടെയല്ലാതെ കണ്ടു മുഴുമിപ്പിക്കാനാവില്ലെന്നാണ് ആരാധകർ വിതുമ്പലടക്കിക്കൊണ്ട് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here