യുവതിയുടെ വെളിപ്പെടുത്തല്‍; കഠിനകുളം പീഡനം നടത്തിയത് മകന് മുന്നില്‍ വെച്ച്

തിരുവനന്തപുരം : കഠിനകുളം പീഡനക്കേസില്‍ യുവതിയുടെ മൊഴി വിശദമായി പരിശോധിക്കുമെന്ന ആറ്റിങ്ങല്‍ ഡിവൈഎസ്പി. പീഡനത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്ന മൊഴിയും അന്വേഷിക്കും. സംഭവവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തെളിവ് ശേഖരിച്ച ശേഷം ഇവരുടെ അറസ്റ്റ് ഉടനെന്നും പോലീസ് പറയുന്നു. വിവാഹം കഴിഞ്ഞിട്ട ഏഴു വര്‍ഷമായെന്നും ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് നേരത്തേ ഗാര്‍ഹിക പീഡനം ഉണ്ടായിട്ടുണ്ടെങ്കിലും ഈ രീതിയില്‍ ഒരു ഉപദ്രവം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് യുവതി മാധ്യമങ്ങളോട് പറഞ്ഞത്.

ചിറയിന്‍കീഴ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് മുമ്പ് മറ്റ് തരത്തില്‍ ഉപദ്രവം നേരിട്ടിട്ടുണ്ട്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും ഈ വിവരം അറിയാമായിരുന്നെന്നും യുവതി മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവദിവസം തന്നെ മദ്യം കുടിപ്പിക്കാന്‍ ഭര്‍ത്താവ് ശ്രമം നടത്തിയതായും ഇവര്‍ പറയുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്നു കഴിയുകയായിരുന്ന തങ്ങള്‍ ഒരു മാസം മുമ്പാണ് ഒരുമിച്ചു പോയത്.

വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് ഭര്‍ത്താവ് എത്തിയത്. കൂട്ടുകാരന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഒരു വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടില്‍ എത്തിച്ചു. വാഹനത്തില്‍ ഭര്‍ത്താവിനൊപ്പം ആറേഴ് പേരുണ്ടായിരുന്നു. കയറ്റുമ്പോള്‍ വാഹനത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. ഇവരെയൊന്നും മുമ്പ് കണ്ടിട്ടില്ല. മക്കളോടോപ്പമായിരുന്നു പോയത്. വീട്ടില്‍ രാജന്‍ എന്ന് പേരുള്ള ഒരാളും ഒരു പ്രായമായ സ്ത്രീയുമായിരുന്നു ഉണ്ടായിരുന്നത്. ഭര്‍ത്താവും രാജന്‍ എന്നയാളും നന്നായി മദ്യപിച്ചു. ഇതിനിടയില്‍ ഭര്‍ത്താവ് തന്നെയും മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ വീട്ടിലേക്ക് നാലു പേര്‍ കൂടി എത്തി.

നാല്‍വര്‍ സംഘത്തിനൊപ്പം ഇളയ മകനെയും കൂട്ടി ഭര്‍ത്താവ് പുറത്തേക്ക് പോയി. പിന്നീട് ഇവരില്‍ ഒരാള്‍ വെള്ളമെടുക്കാനെന്ന് പറഞ്ഞ് തിരിച്ചുവന്നു. തോളില്‍ കൈ വെച്ച് പിടിച്ചു. ഇതു കണ്ട അമ്മച്ചി ഇവന്മാര്‍ കുഴപ്പക്കാരാണെന്നും തന്നോട് ഇവിടെ നിന്നും പൊയ്‌ക്കൊള്ളാനും പറഞ്ഞു. ഈ സമയത്ത് മൂത്ത മകന്‍ ഒപ്പമുണ്ടായിരുന്നു. അവനുമായി പുറത്തേക്ക് ഇറങ്ങി. എന്നാല്‍ പകുതിയെത്തിയപ്പോള്‍ ഒരാള്‍ വന്ന് ഭര്‍ത്താവ് വഴക്കുണ്ടാക്കുകയാണെന്നും ചേച്ചി വരണമെന്നും പറഞ്ഞു. എവിടെ എന്ന് ചോദിക്കും മുമ്പ് മോനെയും തന്നെയും ഒരു ഓട്ടോയില്‍ വലിച്ചു കേറ്റി.

ഒരു കാട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ചായിരുന്നു ഉപദ്രവം. അടിക്കുകയും മുഖത്ത് കടിക്കുകയും സിഗററ്റ് കൊണ്ടു പൊള്ളിക്കുകയും ചെയ്തു. അടിയേറ്റ് ബോധം പോയി. ഇതിനിടെ മകനെയും ഉപദ്രവിച്ചു. അവന്റെ കരച്ചില്‍ കേട്ടപ്പോഴാണ് ബോധം വന്നത്. മോനെ വീട്ടിലാക്കി വരാമെന്ന് പറഞ്ഞു. റോഡിലേക്ക് വിടാനും ആവശ്യപ്പെട്ടു. അവര്‍ വീണ്ടും വണ്ടിയില്‍ കയറ്റാന്‍ ശ്രമം നടത്തിയപ്പോള്‍ വഴിയിലേക്ക് ഓടിക്കയറി. അതിലേ വന്ന മറ്റൊരു വണ്ടിക്കാരനോട് ഉപദ്രവിക്കുന്ന വിരം പറഞ്ഞു. അവരാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.

പിന്നാലെ അമ്മയും ഇളയ മോനുമായി ഭര്‍ത്താവും വന്നു. കേസ് കൊടുക്കരുതെന്ന് ഭര്‍ത്താവ് ആവശ്യപ്പെടുകയും വീട്ടിലേക്ക് കൊണ്ടുപോകാനും ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അമ്മ തടഞ്ഞു. അഞ്ചുവയസ്സുള്ള കുട്ടിയുടെ മുന്നില്‍ വെച്ചായിരുന്നു പീഡനം. അതുകൊണ്ടു തന്നെ എല്ലാ പ്രതികള്‍ക്കുമെതിരേ പോക്‌സോപ്രകാരവും കേസെടുക്കാന്‍ ആലോചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here