പഠിക്കുക വിദ്യാഭ്യാസം നേടുക എന്നത് ഓരോ വിദ്യാർഥികളുടേയും അവകാശമാണ്, അത് അവര്‍ക്ക് ലഭ്യമാക്കേണ്ടതിന് ഓരോരുത്തരും പരിശ്രമിക്കേണ്ടതുണ്ടെന്നും നടൻ ടൊവിനോ തോമസ്. എച്ചിപ്പാറ സ്കൂള്‍ കോളനിയിലെ കെ. രഞ്ജു എന്ന കുട്ടിക്ക് ടി.വിയിലൂടെ ക്ലാസുകള്‍ കാണുന്നതിന് സൗകര്യമൊരുക്കിയിരിക്കുകയാണ് നടൻ ടൊവിനോ. രഞ്ജുവിന് പഠനസഹായമായി ടി.വി നൽകിയിരിക്കുകയാണ് അദ്ദേഹം.
കൊവിഡ് 19 മൂലം വിദ്യാർഥികള്‍ക്ക് സ്കൂളിൽ പോകാനാകാത്ത സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം സര്‍ക്കാര്‍ ആരംഭിച്ചത് ഏറെ നല്ലതാണെന്നും എങ്കിലും എല്ലാവരിലേക്കും ഒരുപോലെ എത്തണമെങ്കിൽ എല്ലാവര്ക്കും മൊബൈലോ, ടി.വിയോ, ടാബ്ലെറ്റോ വീട്ടിൽ ഉണ്ടാകണമെന്നും അതുപോലുമില്ലാത്ത നിരവധി കുട്ടികള്‍ നമുക്കുചുറ്റുമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വരന്തരപ്പിള്ളി എച്ചിപ്പാറ ഗവ. ട്രൈബല്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കെ.ആര് രഞ്ജു. ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചപ്പോള്‍ വീട്ടിലെ ടി.വി കേടായതുമൂലം ട്രൈബല്‍ സ്കൂളിലെ പാചകത്തൊഴിലാളിയുടെ വീട്ടില്‍ പോയിട്ടാണ് രഞ്ജു ആദ്യ മൂന്ന് ദിവസങ്ങളിലെ ക്ലാസ് കേട്ടത്. സ്മാര്‍ട്ട്ഫോണാകട്ടെ രഞ്ജു കണ്ടിട്ടുപോലുമില്ല. ലോക്ക് ഡൗൺ കാലമായതിനാല്‍ അച്ഛന് രഘുവിനും ഷീജയ്ക്കും ജോലിയില്ലാതായിട്ട് മാസങ്ങളായി. മറ്റ് വഴികളില്ലാതായ രഞ്ജുവിന് സഹായവുമായി ടൊവിനോ എത്തുകയായിരുന്നു.