പൂച്ചയെപറ്റി പറയുന്നത് ഇത്രയ്ക്ക് അപരാധമാണോ;

ലോകം മഹാമാരിയുടെ മുന്നിൽ ഭയന്ന് നിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടക്കുകയാണ്.വിദ്യാർത്ഥികളെ വീട്ടിൽ ഇരുത്തി ക്ലാസ്സ് എടുക്കുന്ന രീതി.ക്ലാസുകൾ എങ്ങനെയുണ്ടാകും എന്നതിൽ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.എന്നാൽ അതിനെയെല്ലാം തികച്ചും മാറ്റിനിർത്തിയാണ് ഇന്നത്തെ ക്ലാസുകൾ.ഒരു ഓൺലൈൻ ക്ലാസ്സ് വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി നിൽക്കുന്നത്.ഒന്നാം ക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്ന ഈ വീഡിയോ ഏറെ ട്രോളുകളിലും സ്ഥാനം പിടിച്ചു.ഇതിനെകുറിച്ച് സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയാണ് സന്ദീപ് ദാസ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ.പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

ഇത് സായിശ്വേത. കോഴിക്കോട് ജില്ലയിലെ എൽ.പി സ്കൂൾ ടീച്ചറാണ്. ഇൗ അദ്ധ്യാപികയെ പരിഹസിച്ചുകൊണ്ടുള്ള കുറേ ട്രോളുകളും വിഡിയോകളും കണ്ടിരുന്നു. അവയിൽ പലതും മര്യാദയുടെ അതിർവരമ്പുകൾ ലംഘിച്ചിട്ടുണ്ട്.ഒന്നാം ക്ലാസിലെ കുട്ടികൾക്ക് സായിശ്വേത ഒാൺലൈൻ ക്ലാസ് നൽകിയിരുന്നു. പഠിപ്പിക്കുന്നതിനിടെ ഒരു പൂച്ചയുടെ കഥ അവർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പൂച്ചയുടെ പേര് ഇപ്പോൾ പ്രശസ്തമാണ്-തങ്കുപ്പൂച്ച!

19b65dde fb img 1591025190606

ടീച്ചറുടെ ഈ പ്രവൃത്തി കുറേപ്പേർക്ക് രസിച്ചില്ല. അവർ പുച്ഛം വാരിവിതറി. ”ഇതൊക്കെയാണോ പഠിപ്പിക്കുന്നത്? ” എന്ന് ചോദിച്ചു. അങ്ങനെ ഒരുപാട് അധിക്ഷേപങ്ങളും വിമർശനങ്ങളും പറന്നുനടക്കുന്നുണ്ട്.കുറ്റം പറയുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ-നിങ്ങളൊക്കെ നഴ്സറിയിലും ഒന്നാം ക്ലാസിലും പഠിക്കാതെ നേരിട്ട് കോളജിൽ ജോയിൻ ചെയ്തവരാണോ? ഒന്നാം ക്ലാസിലെ ആദ്യ ദിവസം സങ്കീർണ്ണമായ പാഠഭാഗങ്ങൾ സ്വായത്തമാക്കിയവരാണോ നിങ്ങൾ?പ്രഥമദിവസം തന്നെ സിലബസിൽ കൈവെച്ച ഒരു ടീച്ചറും എന്റെ ഒാർമ്മയിലില്ല. ആദ്യത്തെ ക്ലാസ് എപ്പോഴും രസകരമായിരിക്കും. ടീച്ചറും വിദ്യാർത്ഥികളും പരസ്പരം പരിചയപ്പെട്ടും തമാശ പറഞ്ഞും അത് ആഘോഷമാക്കും. ഹൈസ്കൂളിലും കോളജിലും വരെ ഇത് കാണാറുണ്ട്. ചെന്നുകയറിയ ഉടനെ രണ്ടാംലോകമഹായുദ്ധവും ആപേക്ഷികതാസിദ്ധാന്തവും ആരും പഠിപ്പിക്കില്ല.പിന്നെ എന്തിനാണ് സായി ടീച്ചറെ പരിഹസിക്കുന്നത്? കൊച്ചുകുട്ടികളോട് പൂച്ചയെപ്പറ്റി പറഞ്ഞത് ഇത്ര വലിയ അപരാധമാണോ?

101037688 2671697189734166 6464034340073373696 o

കുറ്റം പറയുന്നവർ ഒരു ദിവസം എൽ.പി ക്ലാസ് നിയന്ത്രിച്ചുനോക്കട്ടെ. അതിന്റെ ബുദ്ധിമുട്ട് അപ്പോൾ മനസ്സിലാവും.ഒന്നാം ക്ലാസിലെ കുട്ടികൾക്ക് അഞ്ചോ ആറോ വയസ്സേ പ്രായമുണ്ടാവൂ. അച്ഛനമ്മമാരെ പിരിഞ്ഞിരിക്കുന്നത് അവർക്ക് പ്രയാസകരമായിരിക്കും. പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർക്ക് അറിവുണ്ടാവില്ല. അങ്ങനെയുള്ള കുരുന്നുകളെ ഒന്നിച്ചുനിർത്തുന്നത് തന്നെ ശ്രമകരമാണ്. പിന്നെയല്ലേ പഠിപ്പിക്കൽ!എൽ.പി സ്കൂൾ അദ്ധ്യാപകർക്ക് രക്ഷിതാക്കളുടെ റോൾ കൂടി ചെയ്യേണ്ടിവരും. കുട്ടികളെ അമ്മയെപ്പോലെ സ്നേഹിക്കേണ്ടിവരും. ഇ­തിനോട് താരതമ്യം ചെയ്യുമ്പോൾ ഒരു കോളജ് പ്രൊഫസറുടെ ജോലി എളുപ്പമാണ്. പക്ഷേ പ്രൊഫസർക്ക് ലഭിക്കുന്ന ശമ്പളവും അംഗീകാരവും എൽ.പി സ്കൂൾ ടീച്ചർക്ക് കിട്ടില്ല. അദ്ധ്യാപനം ഒരു വികാരമായി കൊണ്ടുനടക്കുന്ന ആളുകൾക്ക് മാത്രമേ കൊച്ചുകുട്ടികളെ നല്ല രീതിയിൽ പഠിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്ന് ചുരുക്കം”എന്റെ പ്രിയപ്പെട്ട മക്കളേ” എന്ന് വിളിച്ചുകൊണ്ടാണ് സായി ടീച്ചർ ക്ലാസ് ആരംഭിച്ചത്. അവർ പഠിപ്പിക്കുന്നത് ഹൃദയം കൊണ്ടാണ് എന്നതിന്റെ വ്യക്തമായ ഉദാഹരണം.തുടർന്ന് അവർ തങ്കുപ്പൂച്ചയെക്കുറിച്ച് പറഞ്ഞു. മക്കൾക്ക് കഥ പറഞ്ഞുകൊടുക്കുന്ന അമ്മയുടെ രൂപം പൂണ്ടു.

വാത്സല്യം നിറഞ്ഞ ഭാവങ്ങൾ പ്രകടമാക്കി. മുഖത്ത് എപ്പോഴും ചിരി തങ്ങിനിന്നു. ക്ലാസ് കേട്ടവരൊന്നും തങ്കുപ്പൂച്ചയേയും സായി ടീച്ചറെയും മറക്കില്ല. അതുതന്നെയല്ലേ ഒരു അദ്ധ്യാപികയുടെ ഏറ്റവും വലിയ വിജയം?ക്ലാസിന്റെ ആരംഭത്തിൽ സായി ടീച്ചർ രക്ഷിതാക്കളോടും സംസാരിച്ചിരുന്നു. ആ സമയത്ത് അവർ ഗൗരവക്കാരിയായിരുന്നു. ആരോട് എന്താണ് പറയേണ്ടത്,എങ്ങനെയാണ് പറയേണ്ടത് എന്നൊക്കെ കൃത്യമായി അറിയുന്ന ആളാണ് ടീച്ചർ.സായി ടീച്ചർ ആദ്യ ദിവസം പൂച്ചയെക്കുറിച്ച് സംസാരിച്ചു. വരും ദിവസങ്ങളിൽ അവർ ഭംഗിയായി പാഠങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്യും. വിമർശകർക്ക് അക്കാര്യത്തിൽ ആശങ്ക വേണ്ട. നിങ്ങളുടെ മനസ്സിലെ അഴുക്ക് എന്നെങ്കിലും ഇല്ലാതാവുമെന്ന് പ്രത്യാശിക്കുന്നു.എനിക്ക് ഇപ്പോൾ ഭയങ്കര ശുഭാപ്തിവിശ്വാസമാണ്. ഇത്രയേറെ ഹൃദ്യമായി പഠിപ്പിക്കുന്ന അദ്ധ്യാപകരുണ്ടെങ്കിൽ ഇവിടെ ഒരു കിടിലൻ തലമുറ ഉദയം ചെയ്യും. അവർ പ്രതിഭാശാലികളും മനുഷ്യസ്നേഹികളുമായിരിക്കും. കോവിഡ്-19 പോലുള്ള വിപത്തുകൾ കൂട്ടം കൂടി ആക്രമിച്ചാലും നാം തോറ്റുപോകില്ല.സായിശ്വേതമാർക്ക് ദീർഘായുസ്സുണ്ടാവട്ടെ.Written by-Sandeep Das

LEAVE A REPLY

Please enter your comment!
Please enter your name here