ഓർമ്മ ബാക്കിവെച്ച് ഒടുവിൽ ഓർമ്മയായിട്ട് ഇന്നേക്ക് പതിനാലാണ്ട്!

‘വന്ദേ മുകുന്ദ ഹരേ…’ എന്ന കീർത്തനത്തിൻ്റെ ഈരടികൾ മുഴങ്ങിയാൽ സിനിമാ പ്രേമികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന രൂപം അതുല്യകലാകാരൻ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ്റെ മുഖമാകും. പ്രേക്ഷകമനസ്സിൽ ഈ ഗാനം അലയടിക്കുന്നതും അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ തന്നെയാകും. ഈ അതുല്യകലാകാരൻ മലയാള സിനിമാ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് പതിനാല് വർഷങ്ങൾ തികയുകയാണ്. 2006 മെയ് 27നായിരുന്നു നടൻ തൻ്റെ അഭ്രപാളിയിൽ നിറഞ്ഞ ജീവിതത്തോട് വിട പറയുന്നത്.

അതുല്യ അഭിനയപാടവത്തിലൂടെ മലയാളിമനസ്സില്‍ അനശ്വരസ്ഥാനം നേടിയ ഒടുവില്‍ ഉണ്ണിക്കൃഷ്ണൻ മലയാള സിനിമയുടെ സമ്പത്ത് തന്നെയായിരുന്നു. കർണ്ണാടക സംഗീതവും മൃദംഗവും തബലയുമൊക്കെ അഭ്യസിച്ച് പ്രഗത്ഭനായ ഉണ്ണിക്കൃഷ്ണൻ ഓർക്കസ്ട്രകളിൽ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്താണ് ശ്രദ്ധേയനായത്. ഇതേത്തുടർന്ന് കെ പി എ സി, കേരള കലാവേദി എന്നീ നാടകട്രൂപ്പുകളിൽ തബലിസ്റ്റായി പ്രവർത്തിച്ച് തുടങ്ങിയതോടെയാണ് ഉണ്ണിക്കൃഷ്ണൻ എന്ന അതുല്യ കലാകാരന് രാശി തെളിഞ്ഞത്.

full

കലാമണ്ഡലം വാസുദേവപ്പണിക്കരുടെ ശിക്ഷണത്തിൽ കർണ്ണാടക സംഗീതം അഭ്യസിച്ചിട്ടുള്ള ഉണ്ണിക്കൃഷ്ണൻ നാടകട്രൂപ്പുകളിൽ പ്രവർത്തിച്ച് തുടങ്ങിയതോടെ നാടകങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കാനും തുടങ്ങുകയായിരുന്നു. ഇതാണ് ഒടുവിൽ ഉണ്ണിക്കൃഷ്ണന് സിനിമയുടെ വാതായനങ്ങൾ തുറന്നിട്ടത്.

1970ൽ പി എൻ മേനോൻ സംവിധാനം ചെയ്ത ദർശനം എന്ന ചിത്രത്തിലൂടെയാണ് ഒടുവിൽ ഉണ്ണിക്കൃഷ്ണൻ്റെ അരങ്ങേറ്റം. തുടർന്ന് വിൻസന്റ് സംവിധാനം ചെയ്ത ചെണ്ട, ഭരതന്റെ ഗുരുവായൂർ കേശവൻ, ഹരിഹരന്റെ ശരപഞ്ജരം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടി. ഹരിഹരന്റെയും സത്യൻ അന്തിക്കാടിന്റെയും ചിത്രങ്ങളിലൂടെയാണ് ഒടുവിൽ ഉണ്ണിക്കൃഷ്ണൻ മലയാള സിനിമകളിൽ സജീവമായത്.

oduvil unnikrishnan in ponmuttayidunna thaaravu1988

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കൂത്തിലെ ആരാച്ചാർ എന്ന കഥാപാത്രത്തെ തേടി ദേശീയതലത്തിൽ നിന്ന് പോലും പ്രശംസ എത്തിയതിന് പിന്നാലെ കേരളസംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും തേടിയെത്തി. തുടർന്ന് കഥാപുരുഷനിലെയും തൂവൽക്കൊട്ടാരത്തിലെയും അഭിനയത്തിന് സംസ്ഥാനസർക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ഒടുവിൽ ഉണ്ണിക്കൃഷ്ണൻ കരസ്ഥമാക്കിയിരുന്നു.

oduvil unnikrishnan in pattanapravesham 1988

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രം എന്ന ചിത്രത്തിലാണ് ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ഒടുവിലായി അഭിനയിച്ചത്. കിഡ്നി തകരാറു മൂലം ചികിത്സയിലായിരുന്ന ഒടുവിൽ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരിച്ചത്. 1944 ഫ്രെബ്രുവരി പതിമൂന്നിന് തൃശ്ശൂർ ജില്ലയിലെ വടക്കഞ്ചേരിയിൽ എങ്കക്കാട്ട് ഒടുവിൽ വീട്ടിലെ കൃഷ്ണമേനോന്റെയും പാറുക്കുട്ടി അമ്മയുടെയും മകനായി ജനിച്ച ഒടുവിൽ ഉണ്ണിക്കൃഷ്ണൻ്റെ വീട്ടിൽ ഇപ്പോഴുള്ളത് ഭാര്യ പത്മജയാണ്. ശാലിനി,സൗമിനി എന്ന പെൺകുട്ടികൾ.

LEAVE A REPLY

Please enter your comment!
Please enter your name here