‘9 ന്നുള്ള വിളി കേട്ടു കേട്ടു തഴമ്പിച്ചു; കൂടാതെ ആൾക്കൂട്ട വിചാരണയും മുലകളുടെ വലുപ്പത്തെക്കുറിച്ചു മുതൽ യോനിയുടെ ആഴത്തെക്കുറിച്ചും വരെ ചർച്ച നീളുന്നു; കുറിപ്പ്

ദയയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

9
ജീവിതത്തിൽ ആദ്യമായി 9 എന്നു വിളി കേൾക്കുന്നത് ചെറുപ്പത്തിൽ അടുത്ത ഒരു ബന്ധുവിൽ നിന്നാണ്. എന്താണ് അവർ ഉദ്ദേശിച്ചത് എന്ന് പോലും മനസ്സിലായില്ല. എന്നാലും എന്നെ എന്തോ കളിയാക്കി പറഞ്ഞതാണെന്ന് മാത്രം എനിക്ക് മനസ്സിലായി. ജീവിതത്തിലെ ഓരോ മുന്നേറ്റങ്ങളിലും ഈ ഒമ്പത് എന്ന സംഖ്യ കൂടെ പിന്തുടർന്നു. പേര് വിളിച്ച് സംബോധന ചെയ്യേണ്ടതിന് പകരം 9 എന്ന സംഖ്യ വിളിച്ചു. മഹാരാജാസ് കോളേജിൽ ആദ്യം പഠിച്ചിരുന്നകാലത്താണ് ഈ സംഖ്യ വിളിക്കുന്നത്തിന്റെ അർത്ഥം തിരിച്ചറിയുന്നത്. മുൻപ് എത്രയോ ഇടങ്ങളിൽ 9 എന്ന സംഖ്യക്ക് ഇങ്ങനെയൊരു അർത്ഥമുണ്ടെന്ന് അറിയാതെ എത്രയോവട്ടം ഈ വിളി കേട്ടുനിന്നിരിക്കുന്നു. വീട്ടിൽ, ബസ്സിൽ, ബന്ധുവീടുകളിൽ,അയല്പക്കങ്ങളിൽ സ്കൂളിൽ, കോളേജിൽ, ഹോസ്പിറ്റലിൽ, പോലീസ് സ്റ്റേഷനിൽ, ഗവണ്മെന്റ് ഓഫീസുകളിൽ…… അങ്ങനെ പോയിട്ടുള്ള എല്ലാ ഇടങ്ങളിലും 9 ന്നുള്ള വിളി കേട്ടു കേട്ടു തഴമ്പിച്ചു പോയിരിക്കുന്നു. കൂടാതെ ആൾക്കൂട്ട വിചാരണയും മുലകളുടെ വലുപ്പത്തെക്കുറിച്ചു മുതൽ യോനിയുടെ ആഴത്തെക്കുറിച്ചും വരെ ചർച്ച നീളുന്നു.

നഖം, മുടി തുടങ്ങി എല്ലാ അവയവങ്ങളും സമൂഹത്തിന് ചർച്ചക്കുള്ള വിഷയമാകുന്നു. ഞങ്ങളുടെ ശരീരത്തെ ചോദ്യം ചെയ്യുന്നു, ഞങ്ങളുടെ മനസ്സിനെ, ഞങ്ങളുടെ ചിന്തകളെ, ഞങ്ങളുടെ ഇഷ്ട്ടങ്ങളെ ഇഷ്ടക്കേടുകളെ ചോദ്യം ചെയ്യുന്നു. ഇപ്പോൾ നമ്മൾ ആയിരുന്നവർ ഞങ്ങളും നിങ്ങളുമായി… എത്രയൊക്കെ നമ്മൾ എന്നു പറയുന്നതിനിടയിലും ഞങ്ങളും നിങ്ങളും സ്വയം ബോധ്യപെടുത്തികൊണ്ടിരിക്കുന്നു. ഞങ്ങൾ ആയിരിക്കുന്ന എല്ലാ ഇടങ്ങളിലും ഇന്നും ചർച്ചകൾ നീളുന്നു കളിയാക്കുന്നു, പരിഹസിക്കുന്നു. ഉത്തരം മുട്ടുമ്പോൾ 9 വിളിയിൽ അവസാനിക്കുന്ന facebook കമെന്റുകൾ. സമൂഹത്തിലെ കലഹങ്ങൾക്കിടയിൽ അനാവശ്യമായി എടുത്തു ഉപയോഗിക്കുന്ന ഹിജഡാ പ്രയോഗവും, ഒരു സമൂഹത്തെ ഒരു സംസ്‍കാരത്തെ ഒരു മൂല്യവും കൽപ്പിക്കാതെ കളിയാക്കുന്നു.

ട്രോള്കളിൽ പൊട്ടിച്ചിരിക്കാൻ അനാവശ്യമായി ഞങ്ങളെ ഉപയോഗിക്കുന്നു. എത്രയോ ഇടങ്ങളിൽ തിരികെ തെറി വിളിക്കേണ്ടി വന്നിട്ടുണ്ട്. എത്രയോ ഇടങ്ങളിൽ തുണിപൊക്കി കാണിച്ചിട്ടുണ്ട്. എത്രയോ ഇടങ്ങളിൽ കയ്യടിച്ചിട്ടുണ്ട്. ആരും കാണാതെ എത്രയോവട്ടം പൊട്ടികരഞ്ഞിട്ടുണ്ട്. അതെ ഒമ്പതാണ്. സ്വന്തമായി ഒരു സംഖ്യ ഉള്ളവരാണ്. ഒറ്റ സംഖ്യയിൽ മൂല്യമേറിയതാണ്. ഞാനും എന്റെ ജീവിതവും മൂല്യമുള്ളതാണ്. ജീവിതം അത്രത്തോളം ആസ്വദിക്കുന്നു. നിങ്ങൾ ഇങ്ങനെ കലഹിച്ചു നിർവൃതി അടഞ്ഞോളു. ഇതാ സമൂഹമേ ഉറക്കെ ഉച്ചത്തിൽ പറയുന്നു proud to be a 9

LEAVE A REPLY

Please enter your comment!
Please enter your name here