ആങ്ങളയും പെങ്ങളും അല്ലെ എന്ന് വിചാരിച്ചെങ്കിലും മിണ്ടാതിരിക്കണം; ലെെവില്‍ ചുട്ടമറുപടി നല്‍കി അനുശ്രീ.!

ലോക്ക്ഡൗണ്‍ കാലത്ത് താരങ്ങളും ആരാധകരും തമ്മില്‍ ബന്ധപ്പെടാനുള്ള ഏക മാര്‍ഗ്ഗം സോഷ്യല്‍ മീഡിയയാണ്. മിക്കവരും ആ വഴി പരമാവധി ഉപയോഗിക്കുന്നുണ്ട്. നടി അനുശ്രീയും സോഷ്യല്‍ മീഡിയയുടെ എല്ലാ സാധ്യതയും ഉപയോഗിക്കുന്നയാളാണ്. താരം സ്ഥിരമായി തന്റെ ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം അനുശ്രീ പങ്കുവച്ച പോസ്റ്റും വെെറലായി മാറിയിരുന്നു. തന്റെ തലയില്‍ മസാജ് ചെയ്തു തരുന്ന സഹോദരന്റെ ചിത്രമായിരുന്നു താരം പങ്കുവച്ചിരുന്നത്. മനോഹരമായ ചിത്രം ആങ്ങളയും പെങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവാണ്. എന്നാല്‍ ചിത്രത്തിന് ലഭിച്ച ചില കമന്റുകള്‍ വളരെ മോശമായിരുന്നുവെന്ന് അനുശ്രീ പറയുന്നു. അവയ്ക്ക് മറുപടിയുമായെത്തിരിക്കുകയാണ് താരം.

ആങ്ങളയും പെങ്ങളും അല്ലേ എന്ന് വിചാരിച്ചെങ്കിലും ആളുകള്‍ മിണ്ടാതിരിക്കണം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്തിനാണ് ആവശ്യമില്ലാത്ത വാക്കകുളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നതെന്ന് അനുശ്രീ ചോദിക്കുന്നു. എല്ലാ ചേട്ടന്മാരും ഇങ്ങനെ ചെയ്യാറുണ്ടെന്നും താന്‍ അങ്ങനെയാണ് വളര്‍ന്നു വന്നത്. അല്ലാതെ ജനിച്ചപ്പോഴെ സിനിമാ നടിയായി വന്നതല്ലെന്നും താരം പറയുന്നു. ഇഷ്ടപ്പെടാത്ത കുറച്ച് ആളുകള്‍ക്ക് നേരിട്ട് മെസേജ് അയക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ലെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു ലെെവിലൂടെ മറുപടി നല്‍കുന്നതെന്നും അനുശ്രീ വ്യക്തമാക്കി.

ഒരാളുടെ കമന്റ് അനിയത്തി പെെസയുണ്ടാക്കുന്നു, ചേട്ടന് അവിടെ നിന്നും പെെസ ലഭിക്കുന്നുവെന്ന്. ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പെെസ എന്റെ ചേട്ടന് നല്‍കുന്നതില്‍ എന്താണ് പ്രശ്നം. ഇവിടെ ചേട്ടന്‍ അനിയത്തി എന്നതിലുപരി തങ്ങള്‍ ഒരു കുടുംബമാണ്. അതില്‍ അച്ഛന്‍ അമ്മ എല്ലാവരും ചേരുന്നതാണ്. ഓരോരുത്തരുടെ പെെസ എന്ന വ്യത്യാസമില്ല. ‍ചേട്ടന് ജോലിയുണ്ട്. പെെസയുമുണ്ടാക്കുന്നുണ്ട്. ഇനി ഇല്ലെങ്കില്‍ ഞാന്‍ കൊടുക്കും. എനിക്ക് പെെസ ഇല്ലെങ്കില്‍ ചേട്ടന്‍ തരും. നിങ്ങളുടെ വീട്ടില്‍ അങ്ങനെയൊരു സംസ്കാരം ഇല്ലാത്തത് കൊണ്ടാകാം ഇങ്ങനെ തോന്നിയതെന്നും അനുശ്രീ പറഞ്ഞു.

ഇവളെ പോലെ ഓവ‍ര്‍ ആക്ടിങ് കൊണ്ടു വെറുപ്പിക്കുന്ന വേറൊരു നടി സിനിമയിലില്ല, ജീവിതത്തിലും അങ്ങനെയാണെന്ന് തോന്നുന്നു. ഇതായിരുന്നു മറ്റൊരു കമന്റ്. ഇത് ചിലപ്പോള്‍ ശരിയായിരിക്കാം. താന്‍ സിനിമയില്‍ വന്നിട്ട് എട്ട് വര്‍ഷമായി. എട്ട് വര്‍ഷത്തിനിടെ പല സംവിധായകര്‍ക്കും മനസിലായികാണും താന്‍ ഓവര്‍ ആക്ടിങ് ആണെന്ന്. ആ ഓവ‍ര്‍ ആക്ടിങ് കൊടുക്കേണ്ട കഥാപാത്രമായത് കൊണ്ടാകും അവരെന്നെ സിനിമയിലേക്ക് വിളിക്കുന്നതെന്നും അനുശ്രീ പറഞ്ഞു. ജീവിതത്തില്‍ ഞാന്‍ ഓവര്‍ ആക്ടിങ് ആണെന്ന് പറയാന്‍ നമ്മള്‍ തമ്മില്‍ പരിചയമില്ലല്ലോയെന്നും അനുശ്രീ ചോദിക്കുന്നു.

പോടി പെണ്ണേ ഇതിലും വലിയ കാര്യങ്ങള്‍ ചെയ്യുന്ന ആങ്ങളമാരുണ്ട്. നിന്നെ കെട്ടിച്ചുവിടാന്‍ പറ ആങ്ങളയോട് എന്നായിരുന്നു മറ്റൊരു കമന്റ്. ഇതിലും വലിയ കാര്യങ്ങള്‍ ചെയ്യുന്ന ആങ്ങളമാരുണ്ടായിരിക്കാം. എന്റെ അണ്ണന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ പറ്റുമോയെന്ന് അനുശ്രീ ചോദിക്കുന്നു. തന്നെ കെട്ടിച്ചിടുവിടാന്‍ സമയമാകുമ്പോള്‍ അച്ഛനും അമ്മയും ഏട്ടനും ചേര്‍ന്ന് കെട്ടിച്ചുവിട്ടോളുമെന്നും താരം പറയുന്നു. ഇനി കെട്ടിയില്ലെങ്കില്‍ പോലും വീട്ടില്‍ നില്‍ക്കുമ്പോള്‍ ഒരു കണക്കും പറയാതെ നോക്കുമെന്നും താരം പറയുന്നു. ചിലർക്ക് എന്നെ കെട്ടിച്ചുവിടാൻ ഭയങ്കര താൽപര്യമാണ്. കെട്ടിക്കഴിഞ്ഞാൽ പിന്നെ ഇവർ തന്നെ ചോദിക്കും വിവാഹമോചനം എപ്പോളാണെന്ന്. അതുകൊണ്ട് തൽക്കാലം ഇവിടെ തന്നെ നിന്നോട്ടെയെന്നും താരം പറയുന്നു.

വേറൊരാളുടെ മെസേജ് ഉണ്ട്. അത് നിങ്ങളുടെ മുന്നിൽ പറയാൻ കൊള്ളാത്തതാണ്. ഇദ്ദേഹത്തിന്റെ നമ്പര്‍ കിട്ടിയിരുന്നെങ്കിൽ അങ്ങോട്ട് വിളിച്ച് മറുപടി പറയാമായിരുന്നുവെന്നും അനുശ്രീ പറയുന്നു. ഇയാളോട് പ്രത്യേകിച്ചൊന്നും പറയാനില്ല. അവരുടെ വീട്ടിലും അമ്മയും പെങ്ങളും ഒക്കെ ഉണ്ടാകും. അവർക്കൊക്കെ ഉള്ള സംഭവം തന്നെയാണ് പെണ്ണെന്നുള്ള രീതിയിൽ എനിക്കും തന്ന് സൃഷ്ടിച്ച് വിട്ടിരിക്കുന്നത്. അവരോടൊക്കെ അതൊന്ന് ചോദിച്ച് നോക്കിയാൽ മനസിലാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here