പ്രായവും രൂപവും തമ്മിൽ പലർക്കും പല വ്യതാസങ്ങളും കാണും. പണ്ടൊക്കെ പലരുടെയും രൂപം നോക്കി പ്രായം പറയുമായിരുന്നു. എന്നാൽ ഇപ്പോൾ അത് സാധ്യമാകില്ല. അങ്ങനെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുപത്തിയെട്ടാം വയസിനും 45നും ഇടയ്ക്ക് അവർ പങ്കുവച്ച രണ്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചത്.
മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ ഇരുപതുകളുടെ അവസാനം താണ്ടി മധ്യവയസെന്ന് നാട്ടുകാർ വിശേഷിപ്പിക്കുന്ന 45ൽ യൗവനയുക്തയായി മാറിയ ആ മാജിക്പങ്കുവെക്കുകയാണ് മഞ്ജുഷ. ജീവിത സാഹചര്യങ്ങളാണ് അവരെ ഇങ്ങനെ ഒരു മാറ്റത്തിന് പ്രാപ്തയാക്കിയത്. വനിതയോട് പങ്കുവെച്ച ജീവിത കഥ ഇങ്ങനെ;
ആ മാറ്റം വലിയ അദ്ഭുതമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ ആ മാറ്റത്തിലേക്കുള്ള എന്റെ യാത്ര എന്നെ സംബന്ധിച്ചടത്തോളം വളരെ വലുതാണ്. പത്തനംതിട്ട പൂങ്കാവാണ് എന്റെ സ്വദേശം. സാധാരണ കുടുംബം. 1993ൽ എന്റെ 17–ാം വയസിൽ പക്വതയില്ലാത്ത പ്രായത്തിൽ വിവാഹിതയാകേണ്ടി വന്നു. മുന്നോട്ടുള്ള ജീവിതം സന്തോഷകരമാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ സംഭവിച്ചത് മറ്റൊന്ന്.
ഉത്തരവാദിത്ത ബോധമില്ലാത്ത നല്ലപാതി ജീവിതത്തിൽ ക ണ്ണീർ പടർത്തി. മൂന്ന് കുഞ്ഞുങ്ങളെയാണ് ദൈവം എനിക്ക് സമ്മാനിച്ചത്. ഒടുവിൽ ജീവിതം രണ്ടു വഴിക്കു പിരിയുമ്പോഴും അവർ മാത്രമായിരുന്നു എനിക്ക് കൂട്ടിനുണ്ടായിരുന്നത്. അങ്ങനെ ജീവിതത്തിന്റെ നല്ല പ്രായത്തിൽ, 28–ാം വയസിൽ ഞാൻ ഒറ്റയ്ക്കായി. പക്ഷേ തോറ്റു കൊടുത്തില്ല. എനിക്കു ജീവിക്കണം, എന്റെ മക്കളെ വളർത്തണമെന്ന വാശി ഉള്ളിലുണ്ടായി.
കയ്യിലുള്ളത് സ്വരുക്കൂട്ടി ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ചു. കോഴ്സ് സർട്ടിഫിക്കറ്റും അതിനേക്കാളും വലിയ ജീവിത പാഠങ്ങളുമായി മസ്കത്തിലേക്ക് വണ്ടികയറി. 9 വർഷമാണ് അവിടെ ജോലി ചെയ്തത്. ആ ജീവിതം പലതും പഠിപ്പിച്ചു. പുതിയ പ്രതീക്ഷകൾ ജീവിതത്തിനുണ്ടായി. മക്കളെ നല്ല രീതിയിൽ വളർത്താനായി.
മകളെ നല്ല അന്തസായി വിവാഹം കഴിപ്പിച്ചയച്ചു. വർഷങ്ങളുടെ പ്രവാസത്തിനു ശേഷം ഞാനിപ്പോൾ നാട്ടിൽ സെറ്റിലാണ്. ഒരു അഡ്വർട്ടൈസ്മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു. പിന്നെ ഷോർട്ട് ഫിലിമുകളുടെ ഭാഗമാകുന്നുമുണ്ട്.