ഹോട്ട്‌സ്‌പോട്ടില്‍ രോഗികളുമായി ഓട്ടത്തിലാണ് ബാബു, ഊണും ഉറക്കവും ആംബുലന്‍സില്‍ തന്നെ; വീട്ടില്‍ പോയിട്ടും ഭാര്യയേയും മക്കളെയും കണ്ടിട്ടും 42 ദിവസമായി.!

രാജ്യത്തെ കോവിഡ് 19 എന്ന മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും പോലീസുകാരുമെല്ലാം വഹിക്കുന്ന കഷ്ടപ്പാടുകള്‍ എത്ര പറഞ്ഞാലും തീരില്ല. അതിനുമപ്പുറത്തുമുണ്ട് ഉണ്ണാതെയും ഉറങ്ങാതെയും മഹാമാരിക്കെതിരേയുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവര്‍. ഉത്തര്‍പ്രദേശ് സംഭാല്‍ ജില്ലയിലെ 65 കാരന്‍ ബാബു ഭാരതി അത്തരത്തില്‍ ഒരാളാണ്. മാര്‍ച്ച് 23 ന് ശേഷം 42 ദിവസമായി വീട്ടില്‍ പോകാതെയും ഭാര്യയെയും മക്കളെയും കാണാതെ രോഗത്തിനെതിരേയുള്ള പോരാട്ടത്തില്‍ കാവല്‍ഭടനായി മാറിയിരിക്കുകയാണ് ബാബു ഭാരതി.

രോഗത്തിന്റെ രൂക്ഷത പിടി മുറിക്കിയിരിക്കുമ്പോള്‍ രോഗബാധിത പ്രദേശങ്ങളിലൂടെയും ഹോട്‌സ്‌പോട്ടുകള്‍ വഴിയും നിരന്തരം യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ വീട്ടില്‍ പോകാന്‍ എടിടെ സമയം. ആംബുലന്‍സ് ഡ്രൈവറായ ബാബു ഭാര്യയേയും മക്കളെയും കണ്ടിട്ടും വീട്ടില്‍ പോയിട്ടും ഒന്നര മാസമായി. ആംബുലന്‍സില്‍ തന്നെയാണ് ഉറക്കം. എവിടേയ്ക്ക് പോകുന്നോ അവിടെ കുഴല്‍ക്കിണറുകള്‍ ഉണ്ടെങ്കില്‍ അവിടെ കുളിയും നനയും. ജോലിചെയ്യുന്ന ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് ഭക്ഷണം. കോവിഡിനെതിരേയുള്ള പോരാട്ടം വിജയിച്ച ശേഷം മാത്രമേ വീട്ടിലേക്ക് പോകൂ എന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് ഭാരതി.

ജില്ലയില്‍ രോഗം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഭാരതി മെഡിക്കല്‍ ടീമിനൊപ്പം ഉണ്ടെന്നും ഇതുവരെ സംഭാല്‍ ജില്ലയില്‍ സംശയിക്കപ്പെട്ട 1100 കേസുകളില്‍ 700 പേരെയും ആശുപത്രിയിലേക്ക് കൊണ്ടുവന്നത് ഭാരതിയാണെന്നും അദ്ദേഹത്തിന്റെ ജോലിയിലെ സമര്‍പ്പണം പകരം വെയ്ക്കാന്‍ കഴിയാത്തതാണെന്നും ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും പറയുന്നു. രാത്രിയിലായാലും പകലായാലും ഏതു സമയത്ത് വിളിച്ചാലും ഭാരതിയും അദ്ദേഹത്തിന്റെ ആംബുലന്‍സും റെഡിയാണെന്നും പറയുന്നു. മാസം 17,000 രൂപ കരാറിലാണ് ഭാരതി ജോലി ചെയ്യുന്നത്.

ആശുപത്രിയില്‍ നിന്നും ഏഴു കിലോമീറ്റര്‍ മാത്രം അകലെ മാണ്ഡിയിലെ കിഷന്‍ദാസ് സരായിയിലാണ് ഭാരതിയും ബാര്യ ബില്‍ക്കീസും മൂന്ന് മക്കളും കഴിയുന്നത്. ഇത്തവണത്തെ റംസാനും കുടുംബത്തിനൊപ്പം ഇഫ്ത്താര്‍ കൂടാനോ മക്കള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങാനോ കഴിയുമോയെന്ന് ഭാരതിക്ക് സംശയമാണ്. ജില്ല ഇപ്പോള്‍ ഗ്രീന്‍ സോണില്‍ ആണെങ്കിലും സംഭാലില്‍ ഇതുവരെ 19 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. 200 പേരെയാണ് ക്വാറന്റൈനിലേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here