ഒരു മനുഷ്യൻ്റെ ജീവനുമുന്നിൽ എന്ത് പോലീസ്; നാട്ടിലെ താരം ഇപ്പോൾ സുഭാഷാണ്..

0
14

ബാബ അലക്‌സാണ്ടറുടെ ഫേസ്ബുക് പോസ്റ്റ് :

ഒരു മനുഷ്യൻ്റെ ജീവനുമുന്നിൽ എന്ത് പോലീസ്.. നാട്ടിലെ താരം ഇപ്പോൾ സുഭാഷാണ്… ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ‍ കേരള- കർണാടക അതിർത്തിയായ തലപ്പാടിയിൽ ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണ് കർ‍ണാടക പോലീസ്. ആംബുലൻസുകൾ വരെ തടഞ്ഞിരിക്കുന്നതുമൂലം ആറ് ജീവനുകളാണ് ഇതുവരെ തലപ്പാടി അതിർത്തിയിൽ പൊലിഞ്ഞത്. അതിനിടയിലാണ് കഴിഞ്ഞദിവസം രാവിലെ ഒൻ‍പതുമണിയോടെ ഈ സംഭവം നടന്നത്. രക്ത സമ്മർ‍ദ്ദം കാരണം തലയിൽ‍ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അത്യാസന്ന നിലയിൽ കാസർകോട് ചാലിങ്കാൽ‍ സ്വദേശി യശോദ (62) യെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചിരുന്നു.

ഉടൻ‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചില്ലെങ്കിൽ‍ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർ‍ വീട്ടുകാരോട് നിർദേശിച്ചു. ബന്ധുക്കൾ‍ വിളിച്ചപ്പോൾ ആംബുലൻ‍സ് ഡ്രൈവർ‍ സുഭാഷ് സധൈര്യം ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. തലപ്പാടിയിലെത്തിയപ്പോൾ‍ കർ‍ണാടക പോലീസ് കൈ കാണിച്ചു. എന്നാൽ‍ അത് വകവക്കാതെ മുന്നോട്ട് എടുത്തു. അപ്പോഴാണ് കർ‍ണാടക ആരോഗ്യവകുപ്പിന്റെ വാഹനം കടത്തിവിടുന്നതിനായി ബാരിക്കേഡ് നീക്കിയത്. പിറകെ കൂടുതൽ‍ പോലീസെത്തും മുമ്പേ നാടകീയമായി ബാരിക്കേഡുക്കളിൽ‍ ഇടിക്കാതെ കടന്നുപോവുകയായിരുന്നു സുഭാഷ്. പത്തുമിനുട്ടിനകം മംഗളൂരുവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയിലെത്തിച്ചതോടെ രോഗിയുടെ ജീവൻ‍ രക്ഷിക്കാനായി.

subash1

പോലീസ് കൈ കാണിച്ചപ്പോൾ‍ ആംബുലൻ‍സ് നിർ‍ത്തിയിരുന്നെങ്കിൻ‍‍ രോഗി മരിച്ചുപോകുമായിരുന്നെന്ന് ആംബുലൻ‍സ് ഡ്രൈവർ‍ സുഭാഷ് പറഞ്ഞു. കൃത്യസമയത്ത് എത്തിച്ചത് ഭാഗ്യമായെന്നായിരുന്നു ഡോക്ടർമാരുടെ പ്രതികരണം. സുഭാഷ് എന്റെ അമ്മയുടെ ജീവൻ രക്ഷിച്ചുവെന്ന് രോഗിയുടെ മകൾ‍ മറ്റുള്ളവർ‍ക്ക് വാട്ട്‌സാപിൽ‍ സന്ദേശമയച്ചിരുന്നു. ഇത് മറ്റു ഗ്രൂപ്പുകളിൽ‍ പ്രചരിച്ചതോടെയാണ് സുഭാഷിന് നാനാഭാഗത്തുനിന്നും അഭിനന്ദനങ്ങൾ ഒഴുകിയെത്തിയത്. കാസർകോട് പുല്ലൂർ പെരിയ പഞ്ചായത്തിൻ്റെ ആംബുലൻസിന്റെ താല്‍ക്കാലിക ഡ്രൈവറാണ് 25 കാരനായ സുഭാഷ്. തിരിച്ച് അതിർത്തിയിലെത്തിയപ്പോൾ പോലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെങ്കിലും അതൊന്നും ഗൗനിക്കാതെ താൻ നാട്ടിലേക്ക് തിരിച്ചുവെന്ന് സുഭാഷ് പറഞ്ഞു. ആംബുലൻസിൽ യശോദയുടെ മകളും രണ്ട് ബന്ധുക്കളുമാണ് ഉണ്ടായിരുന്നത്. ഇപ്പോഴും മംഗളൂരുവിൽ ചികിത്സയിൽ തുടരുന്ന യശോദയുടെ മകൾ പറഞ്ഞതിങ്ങനെ;

“വൈകുന്നേരം 7 മണിയോടെ അമ്മ തളർന്ന് വീണു.. ആദ്യം കാഞ്ഞങ്ങാട് സഞ്ജീവനി ഹോസ്പിറ്റലിലാണ് എത്തിച്ചത്. രക്തസമ്മർദ്ദം വർദ്ധിച്ച് ഞരമ്പു പൊട്ടി തലയിൽ ചോര കട്ടകെട്ടുന്ന സ്ഥിതിയിലെത്തിയിരുന്നു. എത്രയും പെട്ടെന്ന് മംഗളൂരുവിൽ എത്തിച്ചാൽ രക്ഷപ്പെടും എന്നും അവർ പറഞ്ഞു. എങ്ങനെ എത്തിക്കും എന്ന് ആലോചിപ്പോൾ പാതി ചത്തതുപോലെയായി. അപ്പോഴാണ് അമ്മയെ ആംബുലൻസിൽ കയറ്റാൻ സുഭാഷ് പറഞ്ഞത്. പിന്നെ നടന്നതെല്ലാം ശരിക്കും സിനിമയിൽ കാണുന്നത് പോലെയായിരുന്നു.. തലപ്പാടിയിൽ പൊലീസ് കൈകാണിച്ചപ്പോൾ ബാരിക്കേഡിന് ഇടയിലൂടെ ഒരുപോക്കായിരുന്നു.. കൃത്യസമയത്ത് തന്നെ ഹോസ്പിറ്റലിൽ എത്തിച്ച സുഭാഷിന് നന്ദി”.

മനുഷൃരുടെ ജീവനുംകൊണ്ട് പായുന്ന എത്രയോ ആംബുലൻസുകൾ നമ്മൾ നിരത്തുകളിൽ കാണുന്നു. എത്രമാത്രം ടെൻഷൻ അനുഭവിച്ചുകൊണ്ടാണ് സുഭാഷിനെപോലെയുള്ള ആംബുലൻസ് ഡ്രൈവർമാർ ഓരോരുത്തരുടെ ജീവനുംകൊണ്ട് ആശുപത്രികളിലേക്ക് പായുന്നത്. ഇന്നത്തെ നമ്മുടെ ലൈക്കും, അഭിനന്ദനവും, ഷെയറും സുഭാഷിനും മറ്റുള്ള എല്ലാ ആംബുലൻസ് ഡ്രൈവർമാർക്കും നൽകാം… ഒപ്പം മനുഷ്യ ജീവനുകളുമായി പോകുന്ന ആംബുലൻസുകളെ വരെ അതിർത്തിയിൽ തടയുന്ന കർണാടക സർക്കാരിന്റെ മനുഷ്യത്വ രഹിത നടപടിയിൽ നമുക്ക് പ്രതിഷേധിക്കാം…

LEAVE A REPLY

Please enter your comment!
Please enter your name here