കോവിഡ് രണ്ടാം തരംഗത്തിൽ പകച്ച് നിൽക്കുകയാണ് രാജ്യം. മൂന്ന് ലക്ഷം കടന്നുള്ള പ്രതിദിന രോഗികൾ വന്നതോടെ തീവ്രപരിചരണം ആവശ്യം ഉള്ളവരുടെ എണ്ണവും ക്രമാതീതമായി ഉയരുന്നു. ഒക്സിജൻ സിലിണ്ടറുകളുടെ അപര്യാപ്തത മിക്ക ആശുപത്രികളിലെയും കോവിഡ് ചികിത്സയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതേസമയം ഇനിയും ജീവനുകള്‍ പൊലിയാതിരിക്കാന്‍ മുംബൈ സ്വദേശിയായ ഷാനവാസ് ഷെയ്ഖ് എന്ന യുവാവ് കണ്ടെത്തിയ വഴി നിറഞ്ഞ കൈയ്യടി നേടിയിരിക്കുകയാണ്.
മലാഡ് സ്വദേശിയായ ഇദ്ദേഹത്തെ നാട്ടുകാർ ഇപ്പോൾ ‘ഓക്സിജൻ മാൻ’ എന്നാണ് വിളിക്കുന്നത്. ഒറ്റ ഫോൺ കോളിലൂടെ രോഗികൾക്ക് ഓക്സിജൻ എത്തിച്ചു നൽകുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് ഷാനവാസ്. ഒരു ടീം രൂപീകരിച്ച് പ്രവർത്തിക്കുന്ന ഷാനവാസിന് സ്വന്തമായി കൺട്രോൾ റൂമും ഉണ്ട്. ഷാനവാസിന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ഓക്സിജൻ ലഭിക്കാതെ ഓട്ട റിക്ഷയിൽ വച്ച് കഴിഞ്ഞ വർഷം മ രണപ്പെട്ടിരുന്നു. ഈ ദാരുണ സംഭവമാണ് കോവിഡ് പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള ഈ 31 കാരന്റെ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിയത്.
മുഴുവന്‍ സമയവും സൗജന്യമായി ഓക്സിജന്‍ വിതരണം ചെയ്യുന്നതിന് തന്റെ പ്രിയപ്പെട്ട വാഹനം വിറ്റിരിക്കുകയാണ് ഷാനവാസ്. തന്റെ സ്വന്തം എസ്‌യുവിയായ ഫോര്‍ഡ് എന്‍ഡവോര്‍ 22 ലക്ഷം രൂപയ്ക്ക് വിറ്റാണ് ഷാനവാസിന്റെ പുണ്യപ്രവര്‍ത്തി. ഈ പണം കൊണ്ടാണ് ഷാനവാസ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങുന്നത്. ഇതുവരെ ആറായിരത്തോളം ഓക്സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചു. നേരത്തേ 50 പേരൊക്കെയാണ് സിലിണ്ടറിന് എത്തിയതെങ്കില്‍ ഇന്നത് 600 വരെയായി.