13 പെൺകുട്ടികളടങ്ങുന്ന സംഘം അർദ്ധരാത്രിയിൽ സഹായം അഭ്യർത്ഥിച്ച് വിളിച്ചത് കേരളത്തിന്റെ മുഖ്യമന്ത്രിയെ..! സുരക്ഷിതരായി അവർ വീട്ടിലെത്തി

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് വീട്ടിലെത്താതെ വഴിയിൽ അകപ്പെടേണ്ടി വന്നത്. അങ്ങനെ വഴിയിൽ അകപ്പെട്ട 14പേരടങ്ങുന്ന സംഘം വീട്ടിലെത്തിയ വഴികളാണ് ഇപ്പോൾ ചർച്ചയാകുന്നത്. അതിന് സഹായിച്ചത് മറ്റാരുമല്ല. കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ. ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിലെ ജീവനക്കാരായ 14 പേരടങ്ങുന്ന സംഘം, ഇതില്‍ ഒരു ആണ്‍കുട്ടിയും 13 പെണ്‍കുട്ടികളും.

ചോവ്വാഴ്ച രാവിലെ ഏഴുമണിക്കാണ് ടെമ്പോ ട്രാവലറില്‍ നാട്ടിലേക്ക് യാത്ര തിരിച്ചത്. കോഴിക്കോട് എത്തുമെന്ന ഉറപ്പിലാണ് യാത്ര തുടങ്ങിയതെങ്കിലും രാത്രിയോടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ അതിര്‍ത്തിയില്‍ ഇറക്കാം അവിടെ നിന്ന് നാട്ടിലേക്കുള്ള വണ്ടി പിടിക്കാന്‍ ഡ്രൈവര്‍ ഇവരോട് പറഞ്ഞു. അര്‍ധരാത്രിയില്‍ മുത്തങ്ങ വനമേഖലയില്‍ ഇറങ്ങുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ തോല്‍പ്പെട്ടി ഭാഗത്ത് ഇവരെ ഇറക്കി വിടാനായി വാഹനം അങ്ങോട്ട് നീങ്ങി. ഇതേസമയം എന്തുചെയ്യണമെന്നും ആരോട് സഹായം അഭ്യര്‍ത്ഥിക്കണമെന്നും അറിയാതെ വാഹനത്തിലുള്ള മലയാളി സംഘം ആശങ്കയിലായി. പരിചയമുള്ള പലരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടെ വിളിച്ചെങ്കിലും പ്രശ്‌ന പരിഹാരമുണ്ടായില്ല.

ഒടുവില്‍ മറ്റൊരു മാര്‍ഗവുമില്ലാതെ അര്‍ധരാത്രി ഒന്നര മണിക്ക് ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു.”പേടിക്കേണ്ട മോളെ, പരിഹാരമുണ്ടാക്കാം “എന്ന് മറുപടി നൽകി. കാര്യമറിഞ്ഞപ്പോള്‍ വയനാട് കളക്ടറെയും എസ്പിയെയും വിളിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. കളക്ടറുടെയും എസ്പിയുടെയും നമ്പരും നല്‍കി. എസ്പിയുടെ നമ്പരില്‍ വിളിച്ചപ്പോള്‍ തോല്‍പ്പെട്ടിയില്‍ വാഹനം എത്തുമ്പോഴേക്കും തുടര്‍ന്നുള്ള യാത്രയ്ക്ക് സൗകര്യമൊരുക്കാമെന്ന് അദ്ദേഹം അറിയിച്ചു.

തോല്‍പ്പെട്ടിയില്‍ ഇറങ്ങി 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ കോഴിക്കോടേക്ക് പോകാനുള്ള വാഹനവുമായി തിരുനെല്ലി എസ്‌ഐ എ യു ജയപ്രകാശ് എത്തി. ഒടുവില്‍ ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി. വീട്ടിലെത്തിയ ശേഷം മുഖ്യമന്ത്രിയെ വിളിച്ചു നന്ദി പറഞ്ഞ അവരോട് 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here