ചിലർ അങ്ങനെയാണ് ജീവിതത്തിൽ ഏറെ സാന്നിധ്യം പിടിച്ചുപറ്റും. അതിന് ഒരുപാട് നാളുകൾ ഒന്നും തന്നെ വേണമെന്നില്ല, അങ്ങനെ പലരെയും ജീവിതത്തിന്റെ പാതിവഴിയിൽ നഷ്ടപ്പെടുകയും ചെയ്യും. അത്തരത്തിലൊരു കഥയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ഷേർളി. തന്റെ ഫേസ്ബുക്കിലൂടെ 19 വർഷമായി തേടുന്ന ഒരു തമിഴ് മങ്കയെ കുറിച്ച് പറയുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ഞാൻ ഈ അക്കയെ ഇനി കാത്തിരിക്കണോ ?? ഇനി തേടണോ? My last attempt ഇത് എസ്ഥേർ മങ്കൈ. 19 വർഷമായി ഞാൻ അന്വേഷിക്കുന്നു .ആർക്കെങ്കിലും ഒന്നു ഹെൽപ് ചെയ്യാമെങ്കിൽ ദയവായി അറിയിക്കുക .സേലത്തു വച്ച് 1996 ലെ ഒരു കൊടും വേനലിൽ ഞങ്ങളുടെ അയൽക്കാരി ആയി വന്ന ഒരു ശുദ്ധ തമിഴ് മങ്ക. തട്ടുവട ഉണ്ടാക്കി വിൽക്കുന്ന ജോലി. ഭർത്താവ് ശരവണൻ ഹോട്ടലുകളിൽ വെയ്റ്റർ ആയി ജോലി ചെയ്തിരുന്നു. എസ്ഥേർ അക്കയുടെ മകൾ ശുഭ 10 വയസുള്ളപ്പോൾ മലേറിയ വന്നു മരിച്ചുപോയിരുന്നു. ഒരു മകൻ സുജിത് തിരുനെൽവേലിയിൽ CSI യുടെ ഒരു കോൺവെന്റ് സ്കൂളിൽ അന്ന് അഞ്ചാം ക്ളാസ്സിലായിരുന്നു. തമിഴ് പാട്ടുകൾ പാടി ഞാൻ അക്കയെ ചിരിപ്പിച്ചു, സന്തോഷിപ്പിച്ചു. അക്ക എപ്പോഴും ഉറക്കെ ചിരിക്കും, ഉറക്കെ സംസാരിക്കും .
നാടോടിയായി ജീവിച്ചിരുന്ന ഈ എസ്ഥേർ അക്കയെ എനിക്ക് ജീവനായിരുന്നു.കാരണം നിഷ്കളങ്കമായി എന്നെ സ്നേഹിച്ചിരുന്നു, ഒരിക്കൽ കൂടെയുണ്ടായിരുന്ന എല്ലാ ക്ലാസ്സ്‌മേറ്റ്സും നാട്ടിൽ പോയപ്പോൾ പനിച്ചു വിറച്ചു കിടന്ന എന്നെ പരിചരിച്ചു കുറെ നാൾ. വെള്ളം കിട്ടാത്ത സേലത്തു അക്ക മൈലുകൾ ദൂരെ പോയി കുടത്തിൽ വെള്ളവുമായി എനിക്ക് തരുമായിരുന്നു. 5 വർഷത്തെ പഠനം കഴിഞ്ഞു ഞാൻ മണിപ്പാലിൽ ജോലിക്കു കയറി, ഹോസ്റ്റലിൽ താമസിച്ചു. അക്കയെ അവിടെ അടുത്തുള്ള എന്റെ അങ്കിൾ ന്റെ വീട്ടിൽ താമസിപ്പിച്ചു. കാരണം അക്കയുടെ ഭർത്താവു മദ്രാസിൽ ഒരു temporary ജോലിക്കായി ഗ്രൂപ്പ് ആയി പോയിരുന്നു. ഒരു വർഷം കഴിഞ്ഞു കല്യാണം കഴിച്ചു ഒരു കുഞ്ഞുണ്ടായി. അപ്പോൾ അക്ക ഓടി വന്നു കുഞ്ഞിനെ നോക്കാൻ . വന്നപ്പോൾ ഒരു ടിൻ നിറയെ തട്ടുവടയും കൊണ്ടുവന്നു ….100 കൃത്യം എണ്ണം !! പൊന്നുപോലെ കുഞ്ഞിനെ നോക്കി 3 മാസം.
ഒരു ദിവസം ഒരു ഫോൺ വന്നു അക്കക്കു urgent ആയി മദ്രാസിൽ പോകണം , husband ന് സുഖമില്ല. ഞാൻ പോകാൻ നേരം കൊടുത്തത് ഒന്നും അക്ക വാങ്ങിയില്ല. “മരിച്ചു പോയ എന്റെ മകൾ ശുഭക്കു ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ ചെയ്തതിനു പ്രതിഫലം വാങ്ങുമോ “ എന്നു ചോദിച്ചു ! അന്ന് (2000 August) പോയ അക്കയെ പിന്നെ കണ്ടിട്ടില്ല. അടുത്ത വർഷം ഞാൻ ഇംഗ്ലണ്ടിൽ എത്തി. 2005 , 2012 എന്നീ വർഷങ്ങളിൽ ഞാൻ മദ്രാസ് , സേലം ഒക്കെ പല ഹോട്ടലുകൾ, തട്ടുകടകൾ കയറിയിറങ്ങി. 19 വർഷമായി ദിവസവും ഞാൻ അക്കയെ ഓർക്കുന്നു.
ദുഖിക്കുന്നു .ഇപ്പോൾ 60 /65 വയസുണ്ടാവും ജീവിച്ചിരിക്കുന്നെങ്കിൽ.എന്നെ ഷാർലി / ചാർളി എന്നു മാത്രം വിളിക്കാനറിയുന്ന, പഠിപ്പില്ലാത്ത, സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അറിയാത്ത ഒരു പാവം അക്ക എന്നെ എങ്ങനെ തേടി പിടിക്കാൻ ??? അതോ ഞാൻ ഇംഗ്ലണ്ടിൽ ഒക്കെ വന്നു അക്കയെ മറന്നു കാണും എന്ന് കരുതിയോ ??? അറിയില്ല .തേടണോ ഇനി ?ഇപ്പോഴും എനിക്ക് ജീവനാണ് അക്കയെ.നഞ്ചിയമ്മയെ പോലെ നിഷ്കളങ്കയായ അക്ക.