സ്കൂളിന് CBSE അംഗീകാരം ഇല്ല; വിദ്യാർത്ഥികളെ ചതിച്ച് തോപ്പുംപടി ലിറ്റിൽ സ്റ്റാർ സ്കൂൾ

കൊച്ചി തോപ്പുംപടിയിൽ സിബിഎസ്ഇ സ്കൂളിന് അംഗീകാരം ഇല്ലാത്തതിനെ തുടർന്ന് പത്താം ക്ലാസ് പരീക്ഷയെഴുതാൻ സാധിക്കാതിരുന്ന സംഭവത്തിൽ കുറ്റം സമ്മതിച്ച് മാനേജ്മെന്റ് പ്രതിനിധി. മൂലംകുഴി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്കൂളിലെ 29 വിദ്യാർഥികൾക്കാണ് പരീക്ഷ എഴുതാൻ സാധിക്കാതെ പോയത്. സ്കൂളിന്റെ ഭാഗത്ത് തെറ്റു സംഭവിച്ചെന്നും സാധാരണ സ്കൂളുകൾ ചെയ്യാറുള്ളതാണ് ചെയ്തതെന്നുമായിരുന്നു ഉടമകളിലൊരാളായ മാഗി അരൂജയുടെ പ്രതികരണം. സിബിഎസ്ഇ അംഗീകാരം ഇല്ലാത്ത സ്കൂളുകളിലെ വിദ്യാർഥികളെ സാധാരണ അംഗീകാരമുള്ള വേറെ സ്കൂളുകളിലെ വിദ്യാർഥികൾക്കൊപ്പം റജിസ്ട്രേഷന് അപേക്ഷിച്ചു പരീക്ഷയെഴുതിക്കുന്നതാണു പതിവ്.

അരൂജാസ് സ്കൂൾ ഇത്തവണയും സ്കൂളിന്റെ കൺസന്റ് നൽകി സിബിഎസിക്ക് അപേക്ഷ നൽകിയെങ്കിലും വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്താൻ അനുമതി ലഭിച്ചില്ല. ഇത്തവണ എട്ടു സ്കൂളുകൾ ഇത്തരത്തിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ രണ്ടെണ്ണത്തിനു മാത്രമാണ് അനുമതി ലഭിച്ചത്. തുടർന്ന് കോടതിയെ സമീപിച്ചെങ്കിലും കേസ് വാദം കേൾക്കുന്നത് 26ലേക്കു വച്ചതിനാലാണു വിദ്യാർഥികൾക്കു പരീക്ഷ എഴുതാൻ സാധിക്കാത്ത സാഹചര്യമുണ്ടായത്. വിദ്യാർഥികളുടെ അടുത്ത വർഷത്തെ പഠന ചെലവ് സ്കൂൾ വഹിക്കുമെന്നും മാനേജ്മെന്റ് പ്രതിനിധി പറഞ്ഞു.

ഒൻപതാം ക്ലാസ് മുതൽ കുട്ടികളെ റജിസ്റ്റർ ചെയ്തു വേണം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇരുത്താൻ എന്നിരിക്കെയാണു വിദ്യാർഥികളെ അവസാന നിമിഷം മാത്രം പരീക്ഷ എഴുതിപ്പിക്കാൻ ശ്രമമുണ്ടായത്. സാധാരണ നിലയിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല എന്നതിനാൽ ഇപ്പോൾ പരീക്ഷ എഴുതാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്കു രണ്ട് വർഷം നഷ്ടപ്പെടാൻ ഇടയുണ്ട്. കുട്ടികൾക്കു പരീക്ഷയെഴുതാൻ സാധിക്കാത്ത സാഹചര്യമുണ്ടാകുമെന്നു സ്കൂൾ മാനേജ്മെന്റിനും അറിവുണ്ടായിരുന്നതാണ്.

വിദ്യാർഥികളുടെ പേര് പരീക്ഷയ്ക്കായി റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണു മുൻപ് സ്കൂൾ അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ വ്യാഴാഴ്ച സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ചുവരുത്തി പരീക്ഷ ഹാൾ ടിക്കറ്റ് ലഭിച്ചില്ലെന്ന് അറിയിച്ചതോടെയാണു സംഭവം പുറംലോകം അറിയുന്നത്. ഇതോടെ വിദ്യാർഥികളും മാതാപിതാക്കൾ കഴിഞ്ഞ ദിവസവും സ്കൂളിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു.

മക്കൾക്ക് പരീക്ഷയെഴുതാൻ സാധിക്കാതെ വന്നതോടെ രക്ഷിതാക്കളും വിദ്യാർഥികളും സ്കൂളിലെത്തി പ്രതിഷേധിച്ചെങ്കിലും ഇവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ സ്കൂൾ അധികൃതർ തയാറായില്ല. സ്ഥലത്ത് പൊലീസ് എത്തി മാതാപിതാക്കളെയും വിദ്യാർഥികളെയും അനുനയിപ്പിക്കാൻ ശ്രമിച്ചു. വിദ്യാർഥികൾ പരാതി നൽകിയാൽ ഇത് ആവർത്തിക്കാതിരിക്കാൻ തുടർ നടപടിയെടുക്കുമെന്ന് തോപ്പുംപടി എസ്ഐ പ്രതികരിച്ചു. ഫീസ് കൊടുക്കാൻ നിവർത്തിയില്ലാത്ത കുട്ടികളെ മിക്കപ്പോഴും ക്ലാസിൽ കയറ്റാതെ പുറത്തു നിർത്തിയിട്ടുണ്ടെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here