
തെന്നിന്ത്യയിൽ ഒരുകാലത്ത് തരംഗമായി മാറിയ നടിയായിരുന്നു സിൽക്ക് സ്മിത. സിൽക്ക് സ്മിതയുടെ വിയോഗത്തിന് ശേഷം സിൽക്കിൻ്റെ പകരക്കാരിയായി പലരും വിശേഷിപ്പിച്ച ഒരു നടിയുണ്ടായിരുന്നു, അൽഫോൻസ ആന്‍റണി. നിരവധി തെന്നിന്ത്യൻ സിനിമകളിൽ ഐറ്റം ഡാൻസറായും മറ്റും എത്തിയിട്ടുണ്ട് അൽഫോൻസ. എന്നാൽ ഏറെ നാളായി സിനിമയിൽ സജീവമല്ല താരം. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ അൽഫോൻസയുടെ പുത്തൻ ചിത്രങ്ങൾ ശ്രദ്ധ നേടിയിരിക്കുകയാണ്.
സിൽക്കിന് ശേഷം പല സൂപ്പർതാരങ്ങളുടേയും ബിഗ്ബജറ്റ് സിനിമകളിൽ അവിഭാജ്യ ഘടകമായിമാറിയിരുന്നു അൽഫോൻസ. സിനിമാ ബന്ധമുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തിലായിരുന്നു ജനനം. ചെന്നൈ സ്വദേശിയായ അൽഫോൻസ കുട്ടിക്കാലത്തുതന്നെ നൃത്തത്തിൽ അതീവതാൽപര്യവും കഴിവും പ്രകടിപ്പിച്ചിരുന്നു. സഹോദരൻ റോബർട്ട് തമിഴ് സിനിമയിലെ നൃത്തസംവിധായകനുമായിരുന്നു.

അൽഫോൻസയുടെ ആദ്യ സിനിമ മലയാളത്തിലായിരുന്നു. അലി അക്ബർ (രാമസിംഹൻ) സംവിധാനം ചെയ്ത ‘പൈ ബ്രദേഴ്സ്’ ആയിരുന്നു ആദ്യ സിനിമ. അൽഫോൻസ നായികാവേഷം ചെയ്ത സിനിമയിൽ ജഗതിയും ഇന്നസെൻറും നായകൻമാരായിരുന്നു. സ്റ്റൈൽമന്നൻ രജനീകാന്തിനൊപ്പം 1995 ലെ സൂപ്പർഹിറ്റ് സിനിമയിലെ ബാഷയിലെ “രാ രാ രാമയ്യ” എന്ന പാട്ട് രംഗത്തിൽ അൽഫോൺസ പ്രധാന ഡാൻസറായിരുന്നു. ബാഷ എക്കാലത്തെയും വലിയ ഹിറ്റായപ്പോൾ അൽഫോൻസ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ആയിടയ്ക്കായിരുന്നു സിൽക്ക് സ്മിതയുടെ ആത്മഹത്യ സംഭവിക്കുന്നത്.
സിൽക്കിൻ്റെ അഭാവത്തിൽ സിനിമയിലെ ആ വിടവ് നികത്താൻ സിനിമാക്കാർ അൽഫോൻസയെയാണ് വിളിക്കുകയുണ്ടായത്. അങ്ങനെ പല സിനിമകളിലും ഡാൻസറായി അൽഫോൻസയെത്തി. ചടുലമായ താളബോധത്തോടെയുടെ അൽഫോൻസയുടെ നൃത്തം ഏറെ മനോഹരമായിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നട തുടങ്ങി ഹിന്ദിയിൽ വരെ നിരവധി സിനിമകളിൽ നൃത്തച്ചുവടുകളുമായി അൽഫോൻസയെത്തുകയുണ്ടായി.

മമ്മൂട്ടി, മോഹൻലാൽ, ജയറാം , രജിനികാന്ത്, കമൽഹാസൻ, ബാലയ്യ, വിക്രം, വിജയ് , സത്യരാജ്, അർജുൻ തുടങ്ങി ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക മുൻനിര നായകൻമാരോടുമൊപ്പം അൽഫോൻസ ഗാനരംഗങ്ങളിൽ അഭിനയിച്ച് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റി. 1999 ൽ ഉസ്താദിൽ മോഹൻലാലിനൊപ്പം “ചിൽചിലമ്പോലി താളം” എന്നപാട്ടിലും നരസിംഹത്തിലെ ‘താങ്ക്ണക്ക ധില്ലം ധില്ലം’ പാട്ടിലും തിളങ്ങിയ അൽഫോൻസ തച്ചിലേടത്ത് ചുണ്ടനിൽ മമ്മൂട്ടിയോടൊത്ത് “കടുവായെ കിടുവപിടിക്കുന്നേ” എന്നപാട്ടിൽ അഭിനയിച്ചിരുന്നു.
അതോടൊപ്പം അൽഫോൻസ നായികാവേഷങ്ങൾ ആഗ്രഹിച്ചിരുന്നുവെങ്കിലും ഐറ്റം ഡാൻസറായി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ട അവരെ മുഖ്യധാരാസിനിമയിൽ നായികാവേഷങ്ങൾ തേടിയെത്തുകയുണ്ടായില്ല. 2001 ൽ അനന്തപുരി സംവിധാനം ചെയ്ത “എണ്ണത്തോണി” എന്ന ബിഗ്രേഡ് പടത്തിൽ അൽഫോൻസ നായികയായി അഭിനയിക്കുകയുണ്ടായി. ഷക്കീല ഉപനായികയായി ഈ സിനിമയിലുണ്ടായിരുന്നു. ഇതോടെ മലയാളത്തിൽ സൂപ്പർതാരപടങ്ങളിൽ നിന്നും അൽഫോൻസയ്ക്ക് ഓഫർ ലഭിക്കാതെയായി.

തമിഴിൽ പാർവു മഴൈ എന്ന സിനിമയിൽ കൂടെ അഭിനയിച്ച നസീർ എന്ന നടനുമായി അൽഫോൻസ പ്രണയത്തിലാവുകയും വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച് നസീറിനെ വിവാഹം ചെയ്യുകയും വിവാഹത്തിനായി ഇസ്ലാം മതം സ്വീകരിക്കുകയുമുണ്ടായി. പക്ഷേ ബന്ധം അധിക കാലം നീണ്ടുനിന്നില്ല. പിന്നീട് നടൻ ഉസ്മാനുമായി പ്രണയത്തിലായെന്ന് ഗോസിപ്പുകള്‍ പരന്നു. പിന്നീട് കുറെ നാൾ സിനിമകളിൽ സജീവമാകാതെയായി. 2012 ൽ കാമുകനായ യുവനടൻ വിനോദിൻ്റെ ആത്മഹത്യ വാർത്ത വന്നതോടെ അൽഫോൻസ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.
അതിന് ശേഷം മനോവിഷമത്താൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വാർത്തകള്‍ വന്നിരുന്നു. 2013 ൽ പുറത്തിറങ്ങിയ ബാബുരാജിൻ്റെ ‘പോലീസ് മാമൻ’ എന്ന മലയാളം സിനിമയാണ് അൽഫോൻസ അവസാനമായി അഭിനയിച്ച സിനിമ. ജയശങ്കർ എന്ന തമിഴ് സിനിമാപ്രവർത്തകനെ അൽഫോൺസ വിവാഹം ചെയ്യുകയും ഹിന്ദുമതം സ്വീകരിക്കുകയുമുണ്ടായി. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. എംത്രീഡിബി ഫിലിം ഗ്രൂപ്പിൽ അൽഫോൻസയുടെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഇപ്പോള്‍ ചർച്ചയായിരിക്കുകയാണ്.


