
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ജയറാമിന്റേത്. വിവാഹത്തോടെയായി പാര്‍വതി അഭിനയം നിര്‍ത്തിയെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം അറിയുന്നുണ്ടായിരുന്നു. ജയറാമിന്റെയും കാളിദാസിന്റെയും സിനിമാജീവിതത്തിന് മികച്ച പിന്തുണയാണ് പാര്‍വതി നല്‍കുന്നത്. മകളായ മാളവികയും വൈകാതെ തന്നെ സിനിമയിലേക്കെത്തുമെന്നും ജയറാമും പാര്‍വതിയും പറഞ്ഞിരുന്നു. അപ്പയെക്കുറിച്ചും സഹോദരനെക്കുറിച്ചും അമ്മയെക്കുറിച്ചുമുള്ള രസകരമായ സംഭവങ്ങള്‍ പങ്കിട്ടുള്ള മാളവികയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മാളവിക മനസുതുറന്നത്. കാളിദാസ് ഷേവ് ചെയ്തതാണോ, മുടി വെച്ചതാണോയെന്ന് പലരും ചോദിക്കാറുണ്ട്. പൂമരം ഇറങ്ങിയ സമയത്ത് ഞാന്‍ ഷോര്‍ട്ട് ഹെയറായിരുന്നു. ഇതെന്താ ഞാന്‍ ഷേവ് ചെയ്ത പോലെയുണ്ടല്ലോയെന്ന് കണ്ണന്‍ തന്നെ പറഞ്ഞിരുന്നു. കണ്ണും ഞാനും തമ്മിലുള്ള സാമ്യത്തെക്കുറിച്ച് പലരും പറയാറുണ്ട്. അമ്മയും കണ്ണനും തമ്മില്‍ ചില സാമ്യങ്ങളുണ്ട്. അധികം എക്‌സ്പ്രഷനൊന്നുമിടില്ല. രണ്ടുമൂന്ന് ദിവസമൊക്കെ മനസില്‍ വെച്ച് മിണ്ടാതെ ഇരിക്കും.

എനിക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാനത് മുഴുവനും പറഞ്ഞ് തീര്‍ക്കും. ആരേയും തിരിച്ചൊന്നും പറയാന്‍ അനുവദിക്കാറില്ല. പഠിക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞാണ് അമ്മയും ഞാനും വഴക്കിടാറുള്ളത്. അല്ലാത്തപ്പോള്‍ ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സാണ്. അമ്മ ടീച്ചറിന്റെ മകളാണ്. ഞാന്‍ അത്ര പഠിപ്പിസ്റ്റല്ല, എനിക്ക് കണക്ക് നല്ല വിഷമമുള്ള വിഷയമാണ്. ഒരുദിവസം പഠിപ്പിക്കുന്നതിനിടയില്‍ ഞങ്ങള്‍ നല്ല വഴക്കായി. എനിക്കിനി ഇവിടെ നില്‍ക്കണ്ടെന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞു. ലൊക്കേഷനിലായിരുന്ന അപ്പ അതുകേട്ട് ടെന്‍ഷനടിച്ചു. അമ്മ കൂടെ ഇനി ജീവിക്കാന്‍ പറ്റില്ല, അപ്പയുടെ കൂടെ നിന്നോളാം, സ്‌കൂളില്‍ പോയില്ലെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞിരുന്നു. അമ്മയാണ് പിന്നെ അപ്പയോട് കാര്യം പറഞ്ഞത്.
ഹോസ്റ്റലില്‍ പോയ സമയത്ത് ഞാന്‍ ഭയങ്കര ഹോം സിക്കായിരുന്നു. വീടുവിട്ട് അധികം പുറത്ത് പോയിട്ടില്ലായിരുന്നു. ഡെയ്‌ലി ക്ലാസുള്ള കോഴ്‌സായിരുന്നില്ല എന്റേത്. പാര്‍ട് ടൈം ജോലിക്കായി ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. സ്വന്തമായി കുക്കിംഗും വാഷിംഗും ക്ലീനിഗുമെല്ലാം ചെയ്യണമായിരുന്നു. ക്യാംപസില്‍ ഇന്റേണ്‍ഷിപ്പ് ചെയ്ത് പോക്കറ്റ് മണി നേടിയിരുന്നു. ഡേറ്റിന് പോവുമ്പോള്‍ ഡ്രസൊക്കെ അമ്മ സെലക്റ്റ് ചെയ്ത് തരും. അതുകഴിഞ്ഞ് വേറെ സ്ഥലത്തേക്കൊന്നും കൊണ്ടുപോവരുതെന്ന് പറയുമായിരുന്നു. അമ്മയുടെ കണ്ണുവെട്ടിച്ച് ഇടയ്ക്ക് ഡ്രൈവിനൊക്കെ പോയിരുന്നു. അമ്മ ഇപ്പോഴായിരിക്കും ഇതൊക്കെ അറിയുന്നത്. 20 വര്‍ഷമായി കൂടെയുള്ളയാളാണ് ഞങ്ങളുടെ ഡ്രൈവര്‍. സെറ്റിലൊക്കെ പോവാറുണ്ടായിരുന്നു.

കുട്ടിക്കാലം മുതലേ സിനിമ അറിഞ്ഞ് വളര്‍ന്നതിനാല്‍ ഇഷ്ടമായിരുന്നു. ചെറുപ്പത്തില്‍ നല്ല തടിയുണ്ടായിരുന്നു. ബോഡി ഷെയ്മിംഗ് എക്‌സ്പീരിയന്‍സുകളൊക്കെ നേരിടേണ്ടി വന്നിരുന്നു. എന്നെക്കൊണ്ട് പറ്റുമോയെന്നറിയില്ലായിരുന്നു. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് മോഡലിംഗൊക്കെ ചെയ്തത്. അമ്മയെ കൂടുതലായും ഡാന്‍സറായാണ് കണ്ടത്. നടിയായി അങ്ങനെ കണ്ടില്ല. ചെറുപ്പത്തില്‍ അമ്മയുടെ സിനിമ കണ്ട് കരയുമായിരുന്നു. അങ്ങനെ അത് കാണാതായി.
അപ്പയുടെ സിനിമകളില്‍ നടനാണ് കൂടുതലിഷ്ടം. വരനെ ആവശ്യമുണ്ട് സിനിമയിലെ അവസരം വന്ന സമയത്ത് പെട്ടെന്ന് എനിക്ക് തീരുമാനമെടുക്കാനായിരുന്നില്ല. സര്‍പ്രൈസായാണ് മ്യൂസിക് ആല്‍ബത്തിലും അവസരം ലഭിച്ചത്. ഉണ്ണി മുകുന്ദനൊപ്പം അഭിനയിക്കണമെന്നുണ്ട്. അദ്ദേഹത്തെ വിവാഹം ചെയ്യാനൊന്നും ആഗ്രഹമില്ല. അപ്പ പറഞ്ഞ കഥയെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ പുളുവായിരിക്കുമെന്നുമായിരുന്നു മാളവിക പറഞ്ഞത്.
