
ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ഗീത വിജയന്‍. ഇപ്പോഴും സജീവമായി സിനിമാ -സീരിയല്‍ ലോകത്ത് നില്‍ക്കുന്ന താരമാണ് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയില്‍ കഴിഞ്ഞ ദിവസം അതിഥിയായി എത്തിയത്. ശ്രീകണ്ഠന്‍ നായരോട് സംസാരിക്കവെ സിനിമയില്‍ നിന്ന് തന്നെ മനപൂര്‍വ്വം മാറ്റിയതിനെ കുറിച്ചുള്ള ചില വേദന നിറഞ്ഞ അനുഭവങ്ങള്‍ ഗീത പങ്കുവച്ചു. നടിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം;
രേവതി മുഖാന്തരം ആണ് ഗീത സിനിമയില്‍ എത്തിയത്. ഗീതയുടെ കസിന്‍ ആണ് രേവതി. ഒപ്പം ലൊക്കേഷനില്‍ പോയപ്പോള്‍ ചില തമിഴ് സിനിമകള്‍ക്ക് വേണ്ടി ആദ്യം ഗീതയെ വിളിച്ചിരുന്നു. അത് എല്ലാം പല കാരണങ്ങള്‍ കൊണ്ടും ഗീത വേണ്ട എന്ന് വച്ചു. അവസാനം വന്ന സിനിമയാണ് ഇന്‍ ഹരിഹര്‍ നഗര്‍. ഈ സിനിമയിലേക്ക് ഗീതയുടെ സമ്മതം പോലും ഇല്ലാതെ പേര് നിര്‍ദ്ദേശിച്ച ശേഷമാണ് നടിയെ വിളിച്ച് രേവതി കാര്യം പറയുന്നത്. അവിടെ തുടങ്ങിയതാണ് അഭിനയ ജീവിതം. സിനിമയില്‍ നിന്ന് പലപ്പോഴും തഴയപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഞാന്‍ ഒരു തെറ്റും ചെയ്യാതെ എന്റെ ശത്രുക്കളായ നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും എല്ലാം ഉണ്ട്. അവര്‍ക്ക് എന്നോട് എന്തുകൊണ്ടാണ് ദേഷ്യം എന്ന കാര്യം എനിക്ക് പുറത്ത് പറയാന്‍ സാധിയ്ക്കില്ല. പക്ഷെ എന്റെ ഭാഗത്ത് അല്ല തെറ്റ് എന്ന് എനിക്ക് തീര്‍ത്ത് പറയാന്‍ സാധിയ്ക്കും. ഈ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനും കാരണം എന്റെ അറിവില്‍ പത്തോളം സിനിമകളില്‍ നിന്ന് എന്നെ പുറത്താക്കിയിട്ടുണ്ട്. അറിയാതെ എത്ര സംഭവിച്ചു എന്ന് എനിക്ക് അറിയില്ല.
ഏറ്റവും വലിയ സങ്കടം എല്ലാം സംസാരിച്ച് കഴിഞ്ഞ് ഡേറ്റ് വരെ കൊടുത്ത ശേഷമായിരിയ്ക്കും പേര് വെട്ടി എന്ന് അറിയുന്നത്. ചിലര്‍ അതൊന്ന് വിളിച്ച് പറയാനുള്ള മര്യാദ പോലും കാണിക്കാറില്ല. ഒരു പുതുമുഖ സംവിധായകന്റെ സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്തു. അയാളുടെ രണ്ടാമത്തെ സിനിമയാണ്. തുടക്കം മുതലേ മാഡം എന്ന് എന്നെ വിളിച്ച് വളരെ ബഹുമാനത്തോടെയാണ് സംസാരിച്ചിരുന്നത്. അവസാനം അതിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മാറിയപ്പോള്‍ സംവിധായകന്റെ സ്വഭാവവും മാറി.

എനിക്കറിയാം ആ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ഇന്‍ഫ്‌ളുവന്‍സ് ആണ്. പിന്നീട് ഞാന്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കാന്‍ പോലും ആ സംവിധായകന്‍ തയ്യാറില്ല. അത്തരം സാഹചര്യങ്ങളില്‍ മനസ്സില്‍ അറിയാതെ ചില ശാപവാക്കുകള്‍ വരും, അത് ഏല്‍ക്കാറും ഉണ്ട്. അന്ന് എന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ എനിക്ക് ഭയങ്കര സങ്കടം വന്നിരുന്നു. എന്തോ മനസ്സില്‍ ചിന്തിയ്ക്കുകയും ചെയ്തു. അത് കഴിഞ്ഞ് മൂന്നാം ദിവസം എനിക്ക് മറ്റൊരു മലയാള സിനിമ വന്നു, സകുടുംബം ശ്യാമള. ഞാന്‍ അഭിനയിച്ച സകുടുംബം ശ്യാമള മികച്ച വിജയം നേടിയപ്പോള്‍,
എന്നെ തഴഞ്ഞ ആ സിനിമ ഒരു വര്‍ഷത്തോളം പെട്ടിയ്ക്ക് അകത്തായിരുന്നു. അത് കഴിഞ്ഞ് റിലീസ് ആയിട്ടും ഒരു കുട്ടി പോലും അറിഞ്ഞതുമില്ല. ഞാന്‍ അഭിനയിച്ച സിനിമകള്‍ പലതും പരാജയപ്പെട്ടട്ടുണ്ട്. പക്ഷെ എന്നെ വേദനിപ്പിച്ച അത്തരം സിനിമകള്‍ എല്ലാം പരാജയമായിരുന്നു. അതുകൊണ്ട്, അയ്യോ അത് പോയല്ലോ എന്ന നിരാശ എനിക്ക് ഇപ്പോഴും ഇല്ല. ഇങ്ങനെ ചെയ്തല്ലോ എന്ന സങ്കടം അപ്പോള്‍ ഉണ്ടായിരുന്നു. പിന്നീട് ഞാന്‍ തന്നെ അതില്‍ നിന്ന് എല്ലാം റിക്കവര്‍ ആയി- ഗീത പറഞ്ഞു
