വ്യത്യസ്തമായ ജീവിതരീതികൊണ്ട് ദിനംപ്രതി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. സമൂഹമാധ്യമങ്ങൾ സജീവമായതോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇത്തരം കഥകൾ എല്ലാവരിലേക്കും എത്തിത്തുടങ്ങിയത്.
പലരുടെയും അനുഭവകഥകൾ ശ്രദ്ധനേടുന്നത് ഫേസ്ബുക്ക്, ട്വിറ്റര് തുടങ്ങിയ സോഷ്യൽ ഇടങ്ങളിലൂടെയാണ്. ഇപ്പോഴിതാ, സങ്കലൻ സർക്കാർ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. ബംഗാളിലെ ലിലുവയിൽ നിന്നുള്ള ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ കുറിച്ചാണ് ഇദ്ദേഹം പങ്കുവെച്ചത്.
15 പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ഈ റിക്ഷ ഡ്രൈവർ യാത്രക്കൂലി ഈടാക്കില്ല എന്നതാണ് പ്രത്യേകത. സുരഞ്ജൻ കർമാക്കർ എന്നാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ പേര്. യാത്രയ്ക്ക് വരുന്നവരോട് 15 ചോദ്യങ്ങൾ ചോദിക്കാറുണ്ട് സുരഞ്ജൻ കർമാക്കർ.
ഫേസ്ബുക് പോസ്റ്റ് പങ്കുവച്ച വ്യക്തിയോടും റിക്ഷ ഡ്രൈവർ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഉത്തരങ്ങൾ തെറ്റയിൽ ഇനി ഇരട്ടി തുക വാങ്ങുമോ എന്ന സംശയം ഉണ്ടായിരുന്നുവെങ്കിലും അങ്ങനെ സംഭവിച്ചില്ല. ഒട്ടേറെ വിഷയങ്ങളിലുള്ള ചോദ്യങ്ങളാണ് ഇയാൾ ചോദിക്കുന്നത്.
മാത്രമല്ല, സങ്കലൻ സർക്കാർ അങ്ങോട്ട് ചോദ്യങ്ങൾക്ക് തിരിച്ച് കൃത്യമായ മറുപടിയും സുരഞ്ജൻ നൽകി. ബംഗാൾ തെരുവുകളിൽ അറിവുകൊണ്ട് താരമാകുകയാണ് സുരഞ്ജൻ.