
ഒരു കാലത്ത് തമിഴ് സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിമാരിലൊരാളാണ് സ്നേഹ. തുറുപ്പു ഗുലാൻ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സ്നേഹ മലയാളത്തിലും സാന്നിധ്യമറിയിച്ചു. ഇടയ്ക്ക് ഗ്ലാമർ വേഷങ്ങളിലും സ്നേഹ സിനിമയിൽ തിളങ്ങി. ഇപ്പോൾ മോഡലിങ് രംഗത്ത് സജീവമാണ് താരം. നിരവധി പരസ്യ ചിത്രങ്ങളിലും സ്നേഹ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
ഇടയ്ക്കിടെ കുടുംബത്തോടൊപ്പമുള്ള ആഘോഷ ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിത തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സ്നേഹ. പുതുവർഷ ആശംസകൾ നേർന്നു കൊണ്ടാണ് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ സ്നേഹ പങ്കുവച്ചിരിക്കുന്നത്. ചിത്തിര മാസത്തിലെ ആദ്യ ദിനമാണ് തമിഴ്നാട്ടിൽ പുതുവർഷമായി ആഘോഷിക്കാറുള്ളത്.

വീടുകളിൽ കോലം വരച്ചും ക്ഷേത്രങ്ങൾ സന്ദർശിച്ചുമൊക്കെയാണ് തമിഴർ പുതുവർഷം ആഘോഷിക്കുന്നത്. മക്കൾക്കും ഭർത്താവ് പ്രസന്നയ്ക്കുമൊപ്പമാണ് സ്നേഹ പുതുവർഷ ചിത്രങ്ങളുമായെത്തിയിരിക്കുന്നത്. സ്നേഹ കുടുംബത്തോടൊപ്പം പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്.
നടിമാരായ ശ്രീദേവി വിജയകുമാർ, കനിഹ തുടങ്ങി നിരവധി താരങ്ങളും കുടുംബത്തിന് പുതുവർഷ ആശംസകൾ നേർന്നിട്ടുണ്ട്. ചിത്രങ്ങൾ നല്ല ക്യൂട്ടാണെന്നും അഴകാണെന്നുമൊക്കെയാണ് കമന്റുകളിലധികവും. സാരിയുടുത്ത് മുല്ലപ്പൂ ചൂടിയാണ് സ്നേഹ ചിത്രങ്ങളിൽ. ഷർട്ടും മുണ്ടുമാണ് പ്രസന്നയുടെ വേഷം.


