
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ആശുപത്രിയിലാണെന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ആരോഗ്യവാനായി അദ്ദേഹം തിരിച്ചുവരട്ടെയെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമാണെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. ബൈപാസ് സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലാണ് എന്നല്ലാതെ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് നടനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
ശ്രീനി ഫാംസ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. ബൈപാസ് സര്‍ജറി കഴിഞ്ഞ് ശ്രീനി ചേട്ടന്‍ ഗുരുതരാവസ്ഥയിലാണ് എന്ന വാര്‍ത്ത കണ്ട് പലരും വിളിച്ചിരുന്നു. ഒരാഴ്ച മുന്‍പ് ബൈപാസ് കഴിഞ്ഞ് വിശ്രമത്തിലാണ് എന്നല്ലാതെ യാതൊരു ആശങ്കയും ഇല്ല. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ കുടുംബത്തോടും സുഹൃത്തുക്കളോടും പറഞ്ഞതാണിത് എന്നും കുറിപ്പില്‍ പറയുന്നുണ്ട്.

കുറച്ചുനാളത്തെ വിശ്രമം കഴിഞ്ഞ് അദ്ദേഹം നമുക്കിടയില്‍ ഒരു നിറചിരിയോടെ സജീവമായി ഉണ്ടായിരിക്കും, ഉറപ്പാണെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീനിവാസന്‍ വെന്റിലേറ്ററിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടപ്പോള്‍ മുതല്‍ ആരാധകരും പ്രാര്‍ത്ഥനകളിലായിരുന്നു. സിനിമാസംബന്ധിയായ ഗ്രൂപ്പുകളിലെല്ലാം ശ്രീനിവാസന്റെ ആരോഗ്യനില ചര്‍ച്ചയായിരുന്നു.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 30നാണ് അദ്ദേഹം അഡ്മിറ്റായത്. ആന്‍ജിയോഗ്രാമില്‍ ധമനികളിലെ രക്തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.