
ചലച്ചിത്രതാരം മുക്തയുടെ മകൾ കണ്മണിക്കുട്ടിക്കുമുണ്ട് ആരാധകർ ഏറെ, പാട്ടും നൃത്തവും കൊച്ചുവർത്തമാനങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്താറുള്ള കണ്മണികുട്ടിയുടെ ഏറ്റവും പുതിയ വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
പട്ടണപ്രവേശം എന്ന ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച വിജയൻ എന്ന കഥാപാത്രത്തോട് സംസാരിക്കാൻ എത്തുന്ന വീട്ടുജോലിക്കാരിയുടെ ഡയലോഗുകളുമായാണ് കൺമണിക്കുട്ടി ഇത്തവണ എത്തുന്നത്.
വേഷത്തിലും ചിത്രത്തിലെ ജോലിക്കാരിയ്ക്ക് സമാനമായ രീതിയിലാണ് കൺമണിക്കുട്ടി എത്തുന്നത്. മുണ്ടും ബ്ലൗസും തോർത്തുമൊക്കെയായി എത്തുന്ന ഈ കുറുമ്പിയുടെ മുഖത്തെ ഭാവാഭിനയത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
നിഷ്‌കളങ്കത നിറഞ്ഞ ചിരിയോടെയുള്ള കണ്‍മണിയുടെ സംസാരരീതി നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ കണ്മണിക്കും ഉണ്ട് ഏറെ ആരാധകർ. കുക്കിംഗ്, ഡാൻസിംഗ് തുടങ്ങി എല്ലാ മേഖലയിലും ഇതിനോടകം സാന്നിധ്യം അറിയിച്ച ആളാണ് കണ്മണി.
മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിക്കഴിഞ്ഞു കണ്മണികുട്ടി. സോഷ്യൽ ഇടങ്ങളിൽ സജീവ സാന്നിധ്യമായി ആരാധകരെ നേടിയ കൊച്ചുമിടുക്കിയുടെ സിനിമ വിശേഷങ്ങളും അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.