അമ്മ മുക്തയുടെ വഴി പിന്‍തുടര്‍ന്ന് മകള്‍ കിയാര എന്ന കണ്മണിയും സിനിമയില്‍ എത്തി. സുരാജ് വെഞ്ഞാറമൂടിനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് കിയാരയുടെ തുടക്കം. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെയും അദിതി രവിയുടെയും മകളായി കിയാര എത്തുന്നു.
ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ കിയര ഒരു കൊച്ച് സ്റ്റാര്‍ ആയി കഴിഞ്ഞു. ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കിയാര ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ലൊക്കേഷനില്‍ കിയാരയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ആര്‍ ജെ ഷാന്‍ ഇപ്പോള്‍. രസകരമായ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു. ഷാനിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

‘അന്ന് രാത്രി ആയിരുന്നു ഷൂട്ട്. അടുത്ത ഷോട്ടിനുള്ള നിര്‍ദ്ദേശം കൊടുത്തു, അത്താഴം കഴിഞ്ഞു ആലസ്യത്തില്‍ ക്യാമറയുടെ സെറ്റ് അപ്പ് ആകുന്ന വരെ ശാന്തനായി, മൗനിയായി മോണിറ്റര്‍ നോക്കി ഡയറക്ടര്‍സ് ചെയറില്‍ ഇരിക്കുന്ന ജോഷി സാറിന്റെ അടുത്തേക്ക് അധികാരത്തില്‍ അവള്‍ നടന്നു വന്നു.
ഇന്നേ വരെ ആരും ചോദിക്കാത്ത ചോദ്യം അവള്‍ ജോഷിയുടെ മുഖത്ത് നോക്കി ചോദിച്ചു. ”ഇങ്ങനെ വെറുതെ ഇരിക്കുവാണോ!? ഇന്ന് ഷൂട്ടിംഗ് ഒന്നും ഇല്ലേ ?”. അസിറ്റന്റ് ഡിറക്ടര്‍സ് ഞെട്ടി നോക്കി, മേക്കപ്പും ആര്‍ട്ടും എത്തി നോക്കി, ലൈറ്റിംഗ് യൂണിറ്റ് മിന്നല്‍ അടിച്ച പോലെ തിരിഞ്ഞു നോക്കി,
ആരുടെ മുന്നിലും തല കുനിക്കാത്ത ജോഷി സര്‍ തല കുനിച്ചു നോക്കി, എന്നിട്ടു ഇരുന്ന കസേരയില്‍ നിവര്‍ന്നിരുന്നു. ”മതി ഇരുന്നത്, ജോഷി അങ്കിള്‍ വാ.. നമുക്കു ഷൂട്ട് ചെയ്യാം!” ജോഷി സാറുടെ കയ്യില്‍ പിടിച്ചു അവള്‍ ആജ്ഞാപിച്ചു. പെട്ടെന്ന് സെറ്റില്‍ മൗനം..
എന്തും സംഭവിക്കാം.. ജോഷി സര്‍ അവളെ തറപ്പിച്ചു നോക്കി, എന്നിട്ടു കുട്ടികളെ പോലെ ചിരിച്ചു. ശേഷം എല്ലാരേയും നോക്കി ചോദിച്ചു, ”ഷോട്ട് റെഡിയല്ലേ ?!”. ”നേരം വൈകിക്കണ്ട.. വാ തുടങ്ങാം !”, ആ ആജ്ഞ ജോഷി അനുസരിച്ചു. ജോഷി സാറിനെ *പ്ലിങ് ആക്കിയ പെണ്‍കുട്ടി ,കണ്മണി!
