
മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സി.ബി.ഐ യിലെ സേതുരാമയ്യർ. സി.ബി.ഐ. സീരിസിലെ അഞ്ചാമത്തെ ചിത്രം കഴിഞ്ഞ ദിവസമാണ് ചിത്രീകരണം ആരംഭിച്ചത്. ഇപ്പോള്‍ മലയാളി പ്രേക്ഷകരെ ആവേശത്തിലാക്കിക്കൊണ്ട് ഒരു സന്തോഷവാര്‍ത്ത എത്തുകയാണ്. മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും ‘സിബിഐ’യുടെ ചില രംഗങ്ങള്‍ ജഗതിയുടെ വീട്ടില്‍ തന്നെ ചിത്രീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

സേതുരാമയ്യരുടെ അസിസ്റ്റന്റായ വിക്രം എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. കയ്യടി നേടി ആദ്യ ഭാഗം മുതല്‍ തന്നെ ജഗതി സിബിഐ കഥയുടെ ഭാഗമാണ്. താരനിരയില്‍ രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയുമുണ്ടെന്നതാണ് പ്രത്യേകത. സായികുമാര്‍, രഞ്ജിപണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ പേരുകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. ഇത്തവണ സിബിഐ ടീമില്‍ സേതുരാമയ്യര്‍ക്കൊപ്പം ഉണ്ടാവുക രണ്ട് ലേഡി ഓഫീസേഴ്‌സ് ആവുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.